വാതുവെപ്പ് വിവാദത്തില്‍ വിലക്കപ്പെട്ട ഒരാള്‍ ഒരു രാഷ്ട്രത്തിന്‍റെ വീരനായകനായി മാറിയത് കെട്ടുകഥയല്ല. വിലക്കുകളുടെ വേദനയില്‍ നീറി ഒടുങ്ങിയെന്ന് ലോകം കരുതിയ പൗലോ റോസി എന്ന കാല്‍പന്ത് ഇതിഹാസം പിന്നീട് തിരിച്ച് വന്നത് ലോകകപ്പും ബാലൻ ഡി ഓർ പുരസ്കാരവും ഒരേ വർഷം നേടിയാണ്.
1982 ലെ ലോകകപ്പില്‍ ഇടിമിന്നല്‍ പോലെ അയാള്‍ തൊടുത്ത ഗോളുകളാണ് ഇറ്റലിയെ കാല്‍പന്തിന്‍റെ കനകകിരീടം ചൂടിച്ചത്. അന്ന് ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടി ഇറ്റലിയുടെ ഇടനെഞ്ചില്‍ ആയാള്‍ തന്‍റെ പേര് കുറിച്ചു. മറഡോണയുടെ മരണത്തിന്‍റെ വേദന നീറി അടങ്ങും മുന്നേയാണ് പൗലോ റോസിയും യാത്രയായത്. തിരിച്ച് വരവില്ലാത്ത പൗലോയുടെ ആ യാത്ര ലോക കാല്‍പന്ത് ദിനത്തില്‍ തന്നെയായിരുന്നു. അതിനുമപ്പുറം അയാളുടെ മരണത്തിന് മറ്റൊരാദരവ് അര്‍പ്പിക്കാനില്ല.
ഭൂമുഖത്തെ എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊരാളായാണ് പൗലോയെ കണക്കാക്കുന്നത്. യുവന്‍റസിനായി 4 വര്‍ഷം റോസി ബൂട്ടണിഞ്ഞു. എസി മാലാന്‍റെ തുറുപ്പ് ചീട്ടുമായായിരുന്നു അയാള്‍. സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1 ന് പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ പിറന്നത് റോസിയുടെ കാലുകളില്‍ നിന്നായരുന്നു. ആ ടൂര്‍ണമെന്‍റില്‍ ബ്രസീലിന്‍റെ ഗോള്‍വലകളെ മൂന്ന് തവണയാണ് റോസി ഭേദിച്ചത്. ആ ഹാട്രിക് ഗോള്‍ റോസിയുടെ കരിയറിലെ സുവര്‍ണ്ണാധ്യായമായിരുന്നു.
ഇറ്റലിയുടെ മാത്രമല്ല…. ലോകമെമ്പാടുമുള്ള കാല്‍പന്ത് പ്രേമികളുടെ ഹൃദയത്തില്‍ എക്കാലവും തുടിക്കുന്ന പേരുകളിലൊന്നാകും പൗലോ റോസി.

Get real time update about this post categories directly on your device, subscribe now.