ആ 70 രൂപ മോഷ്ടിച്ച ദിനത്തിലും മകൾക്ക് മെഡിസിന് മെറിറ്റിൽ സീറ്റ് കിട്ടിയ ദിനത്തിലും അയാൾ പണിയിടത്തിലായിരുന്നു.

കേരളത്തെ ഒന്നാകെ ദുരിതത്തിലാക്കിയ പ്രളയകാലത്ത് മാധ്യമങ്ങളുടെ വിചാരണ നേരിടേണ്ടി വന്ന വ്യക്തിയാണ് ഓമനക്കുട്ടൻ.സഖാവ് ഓമനക്കുട്ടൻ എന്ന് പറയുന്നതാണ് ഓമനക്കുട്ടനിഷ്ട്ടം.

ദുരിതാശ്വാസ ക്യാമ്പിൽ അരിയെത്തിക്കാൻ ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്നായിരുന്നു ആരോപണം.ഒറ്റ നിമിഷം കൊണ്ട് ദുരിതാശ്വാസ ക്യാമ്പിലെ കരടായി മാധ്യമങ്ങൾ ഉയർത്തിക്കാണിച്ച മുഖം

ക്യാമ്പിലേക്ക് ഓട്ടോയിൽ ഭക്ഷണം എത്തിച്ചതിനെ തുടർന്ന് ഓട്ടോക്കൂലി കൊടുക്കാനുള്ള പണം തികയാതെ വന്നതോടെ ക്യാമ്പിലെ അംഗങ്ങളിൽ നിന്ന് പണം പിരിച്ച് ഓട്ടോയ്ക്കുള്ള ചാർജ് നൽകുകയായിരുന്നു ഓമനക്കുട്ടൻ. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ മാധ്യമങ്ങൾ വാർത്തയാക്കിയത് . സിപിഎം പ്രവർത്തകനായ ഓമനക്കുട്ടൻ ക്യാമ്പിൽ പണപ്പിരുവ് നടത്തിയെന്നാണ് ചില മാധ്യമങ്ങൾ  നൽകിയവാർത്ത.

ക്യാമ്പിന് പുറത്ത് നിന്നുള്ള ഒരു വ്യക്തി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജപ്രചരണങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട മാധ്യമ വിചാരണയ്‌ക്കൊടുവിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞതോടെ പലരും തിരുത്താൻ തയ്യാറായി.

മാധ്യമ വിചാരണയുടെ ഭാരം ഓമനക്കുട്ടൻ നേരിടുക തന്നെ ചെയ്തു .കൊവിഡ്-19 നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്ന സമയത്ത് സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ പച്ചക്കറി ജനകീയ അടുക്കളയിലേക്ക് സംഭാവനയും നൽകിയിരുന്നു.

മാധ്യമങ്ങൾ വേട്ടയാടിയ ഓമനക്കുട്ടനെയും കുടുംബത്തെയും മാധ്യമങ്ങളും സോഷ്യൽ മീഡിയയുംമറന്നു തുടങ്ങിയ സമയത്ത് ഇപ്പോഴിതാ വീണ്ടും ഒരു വാർത്ത കൂടി വന്നു.ഓമനക്കുട്ടന്റെ മകള്‍ സുഹൃതി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ നേടിയെന്ന് . അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആയി പഠിച്ചു വരട്ടെ എന്ന് സമൂഹമാധ്യമത്തിൽ വന്ന കുറിപ്പിലൂടെ ലോകം അറിഞ്ഞു ഓമനക്കുട്ടന്റെ മകള്‍ സുഹൃതി ഡോക്ടറാകാൻ പോകുന്നു എന്ന് .

ഒട്ടേറെ അഭിനന്ദനവും സ്നേഹവും പകരുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.മാധ്യമപ്രവർത്തകനായ വിനോദ് പായം കുറിച്ച്ത് ഇങ്ങനെ:70 രൂപ മോഷ്ടിച്ച കൊള്ളക്കാരൻ്റെ ഫോൺ എത്ര പെട്ടെന്നാണ് ഒരു ഡോക്ടറുടെ ഫോൺ നമ്പറായി മാറിയത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഫീഡിൽ നിറയെ ഓമനക്കുട്ടനും മകളുമാണ്.വീട്ടിലൊരാൾക്ക് മെഡിസിന് സീറ്റ് കിട്ടിയ പോലെയുള്ള സന്തോഷം

അന്നൊരു നാൾ ദേശാഭിമാനിക്ക് വേണ്ടി സഖാവിനെ വിളിച്ചു. ഡിസ് പ്ലേയും കീബോർഡും മങ്ങിയ പഴയ നോക്കിയ ഫോണെടുത്ത് അച്ഛൻ ക്യാമ്പിലാണ് എന്ന് പറഞ്ഞത് സുകൃതി

പോയി കണ്ട് കീഴടങ്ങി, ഓമനക്കുട്ട ചരിതം, ഗ്രൗണ്ടിലുള്ള ഓരോ സഖാവിൻ്റെയും ചരിതം, വാരാന്തപ്പതിപ്പിൽ പൊള്ളിയെഴുതി

70 രൂപയുടെ കഥ എഴുതുമ്പോൾ നെഞ്ച് കലങ്ങി.

പിന്നൊരിക്കൽ, സംഘികളുടെ ജാഥ കൊടിയുയർത്തി തടഞ്ഞ രതീഷിൻ്റെ കഥ കേട്ടപ്പോഴും ഓമനക്കുട്ടേട്ടനെ വിളിച്ചു. അപ്പഴും ഫോണെടുത്തത് സുകൃതി

അച്ഛൻ പണിക്ക് പോയക്കണ്! എനിക്ക് ഫോണില്ലാത്തതിനാൽ എൻ്റെ കൈയിൽ തന്നേച്ചും പോയതാണ് !

രാത്രി, സഖാവ് തിരിച്ചുവിളിച്ചു. രതീഷിനെ അയാൾക്കറിയില്ല! ഓമനക്കുട്ടൻ വേഷം മാറി കൊച്ചിയിലെത്തി രതീഷായെന്ന് പറഞ്ഞപ്പോൾ അയാൾ നിർത്താതെ ചിരിച്ചു.

കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പേജിൻ്റെ ആവശ്യത്തിന് വിളിച്ചു. അന്നും സുകൃതി ഫോണെടുത്തു. അന്നും അച്ഛൻ ഫോണെടുക്കാത്തതിൻ്റെ കാരണം പറഞ്ഞു.

ഇത് , അച്ഛൻ്റെ നമ്പർ തന്നെയെന്ന് ആവർത്തിച്ചു.

മെഡിക്കൽ സീറ്റ് കിട്ടിയ സന്തോഷത്തിന് ഇന്നലെ വീണ്ടും വിളിച്ചു. അവൾ തന്നെയെടുത്തു!

അച്ഛൻ പണിസ്ഥലത്താണെന്ന് പറഞ്ഞു. സന്തോഷം പങ്കിട്ടു.
ആഹ്ലാദത്തിൻ്റെ ആ ദിനത്തിലും അയാൾ കല്ലു കെട്ട് പണിയിലായിരുന്നു.

രാത്രി തിരിച്ചുവിളിച്ചു;
തെരഞ്ഞെടുപ്പ് തിരക്കായതിനാൽ കുറെ ദിവസത്തെ പണി പോയെന്ന്, ആ ലോക്കൽ കമ്മറ്റിയംഗം പറഞ്ഞു.
അന്നും സുകൃതിയുടെ അമ്മ ചെമ്മീൻ ഫാക്ടറിയിലായിരുന്നു.

ആ 70 രൂപ മോഷ്ടിച്ച ദിനത്തിലും മകൾക്ക് മെഡിസിന് മെറിറ്റിൽ സീറ്റ് കിട്ടിയതറിഞ്ഞ ദിവസത്തിലും അയാൾ പണിയിടത്തിലായിരുന്നു.
പാർടി വർക്കിലായായിരുന്നു
പാർട്ടി തന്നെയായിരുന്നു!

70 രൂപ മോഷ്ടിച്ച കൊള്ളക്കാരൻ്റെ ഫോൺ എത്ര പെട്ടെന്നാണ് ഒരു ഡോക്ടറുടെ ഫോൺ നമ്പറായി മാറിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here