വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമില്ല :ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം ആണോ :സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.സ്വര്‍ണ്ണക്കടത്ത് കേസുമായി സ്പീക്കറുടെ പേര് ബന്ധപ്പെടുത്തി വിവാദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു രാവിലെ പ്രതിപക്ഷ നേതാവ് വിമര്‍ശനം നടത്തിയത്.വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ലെന്നും എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ല. നിയമസഭാ സെക്രട്ടറിയേറ്റോ സ്പീക്കറോ വിമര്‍ശനത്തിന് വിധേയരല്ലാത്ത വിശുദ്ധ പശുക്കളാണെന്ന് കരുതുന്നില്ല. എല്ലാവരുടേയും വിമര്‍ശനങ്ങള്‍ക്കും സൂക്ഷ്മപരിശോധനയ്ക്കും വിധേയനാകണം. വസ്തുതാവിരുദ്ധമായ, ഊഹാപോഹങ്ങള്‍ വെച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന രീതി ഭൂഷണമാണോഎന്നാണ് സ്പീക്കർ ചോദിച്ച്ത

മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകരങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരള നിയമസഭ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തു 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി വന്‍ നേട്ടമാണ് ഇക്കാലളവില്‍ ഉണ്ടായിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാന്‍ ആണ് കടലാസ് രഹിത സഭ എന്ന ആശയം കൊണ്ട് വന്നത്.

ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നതെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്.

ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ല. 30% തുക മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ സമിതികള്‍ ആലോചിച്ചു ആണ് തീരുമാനിച്ചത്. കടലാസ് രഹിത സഭ പദ്ധതിയായ ഇ വിധാന്‍ സഭ നടപ്പാകും വഴി പ്രതി വര്‍ഷം 40 കോടി ലാഭം ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ് രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം സ്പീക്കര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമായികുന്നു സ്പീക്കര്‍ പറഞ്ഞത്.

ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണന്റെ ഓഫീസ് പ്രതികരിച്ചു.

ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News