കൊല്ലം കോര്‍പ്പറേഷന്‍: ശതമാനത്തില്‍ പുരുഷന്‍മാര്‍, എണ്ണത്തില്‍ സ്ത്രീ മേധാവിത്വം

ഡിസംബര്‍ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ വിവിധ ബൂത്തുകളില്‍ പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ സ്ത്രീകള്‍ എണ്ണത്തില്‍ മേധാവിത്വം പുലര്‍ത്തി. ശതമാന കണക്കില്‍ പുരുഷന്‍മാരാണ് മുന്നില്‍, 67.86. സ്ത്രീകള്‍-64.69.

265 ബൂത്തുകളില്‍ 187 ലും സ്ത്രീകള്‍ മുന്നിലെത്തിയപ്പോള്‍ 76 ഇടത്ത് മാത്രമാണ് പുരുഷമാര്‍ക്ക് എണ്ണത്തില്‍ മുന്‍തൂക്കം. രണ്ട് ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം തുല്യമായി. 306365 വോട്ടര്‍മാരുള്ള കോര്‍പ്പറേഷനില്‍ 103493 സ്ത്രീകളും 99335 പുരഷന്‍മാരുമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

പുരുഷന്‍മാരെക്കാള്‍ 4158 വനിതകളാണ് വോട്ട് ചെയ്തത്. ശതമാനത്തില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലെങ്കിലും വോട്ടര്‍പട്ടികയിലെപ്പോലെ വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ വനിതകള്‍ തന്നെ മുന്നില്‍.

ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കല്ലുംതാഴം സ്റ്റാന്‍സിലാസ് കാഷ്യൂ ഫാക്ടറി ബൂത്തിലാണ്. ഇവിടെ വോട്ടര്‍മാര്‍ നൂറ്‌മേനി കൊയ്ത് എല്ലാവരും വോട്ട് ചെയ്തു. 501 പുരുഷന്‍മാരും 575 സ്ത്രീകളുമാണ് 100 ശതമാനം തികച്ചത്.
ഏറ്റവും കുറവ് വോട്ടര്‍മാരെത്തിയത് കൈക്കുളങ്ങര ഡിവിഷനിലെ ടി എം വര്‍ഗീസ് മെമ്മോറിയല്‍ ലൈബ്രറി പഴയ കെട്ടിടത്തിലെ നാലാം നമ്പര്‍ ബൂത്തിലാണ്. 255 പുരുഷ വോട്ടര്‍മാരും 274 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 529 വോട്ടര്‍മാരുടെ ഇവിടെ 150 പുരുഷന്‍മാരും 127 സ്ത്രീകളും ഉള്‍പ്പടെ 277 പേരാണ് വോട്ട് ചെയ്ത്.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍(675 പേര്‍) വോട്ട് ചെയ്യാനെത്തിയത് ചാത്തിനാംകുളം ഡിവിഷനിലെ മിലാഡി ഷെരീഫ് എച്ച് എസ് എസിലെ തെക്കേ കെട്ടിടത്തിന്റെ കിഴക്കേ ഭാഗത്തെ ഒന്നാമത്തെ ബൂത്തിലാണ്. പട്ടികയില്‍ ഇവിടെ 885 സ്ത്രീകളാണ്.
കോളജ് ഡിവിഷനിലെ ഡോ കെ പി പിള്ള മെമ്മോറിയല്‍ രണ്ടാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാര്‍ വോട്ട് ചെയ്തത്. 697 പുരുഷ വോട്ടര്‍മാരില്‍ 605 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

രണ്ട് ബൂത്തുകളില്‍ സ്ത്രീ-പുരുഷ സമത്വം പാലിച്ചാണ് വോട്ട് ചെയ്തത്. കടപ്പാക്കട ഡിവിഷനിലെ കൊത്തേത്ത് കശുവണ്ടി ഫാക്ടറിയിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ 228 വീതവും ആക്കോലില്‍ ഡിവിഷനിലെ വാളത്തുംഗല്‍ സര്‍ക്കാര്‍ എച്ച് എസ് എസിലെ കിഴക്കേ കെട്ടിടത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ 324 വീതവും സ്ത്രീ-പുരുഷ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് തുല്യതയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News