തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ മെച്ചപ്പെട്ട പോളിംഗ് ശതമാനം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിംഗ് നടന്ന പാലക്കാട് ജില്ലയില്‍ മെച്ചപ്പെട്ട പോളിംഗ് ശതമാനം. 78 ശതമാനത്തോളം പോളിംഗാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വിവിധ മേഖലകളില്‍ കൊവിഡ് രോഗികളും വോട്ട് രേഖപ്പെടുത്തി.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വലിയ തോതില്‍ വോട്ടര്‍മാര്‍ പാലക്കാട് ജില്ലയില്‍ പോളിംഗ് ബൂത്തിലെത്തി. രാവിലെ 7 മണി മുതല്‍ പോളിംഗ് അവസാനിക്കുന്നതു വരെ സ്ത്രീ വോട്ടര്‍മാരുടെയുള്‍പ്പെടെ നീണ്ട നിരയാണ് പോളിംഗ് ബൂത്തില്‍ കണ്ടത്.

ജില്ലയില്‍ ആകെ 18,23419 പേര്‍ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടര്‍മാരാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 7 നഗരസഭകളുള്ള ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന പാലക്കാട് നഗരസഭയിലാണ്. 67.12ശതമാനം. മറ്റ് അഞ്ച് മുനിസിപ്പാലിറ്റികളിലും 75ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.

ബ്ലോക്ക് പഞ്ചായത്തുകളില്‍ ചിറ്റൂരില്‍ ഏറ്റവും കൂടുതല്‍ പോളിംഗും മലന്പു‍ഴയില്‍ ഏറ്റവും കുറവ് പോളിംഗും രേഖപ്പെടുത്തി. അവസാന കണക്കനുസരിച്ച് 82.19 ശതമാനവും മലന്പു‍ഴയില്‍ 75.47 ശതമാനവും. വോട്ടര്‍മാരുടെ തിരക്ക് മൂലം പലയിടങ്ങളിലും പോളിംഗ് രാത്രി വരെ നീണ്ടു. പോളിംഗ് അവസാനിച്ച ശേഷം വിവിധ ബൂത്തുകളില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കൊവിഡ് രോഗികളും വോട്ട് രേഖപ്പെടുത്തി. നാല് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി.മന്ത്രി എകെ ബാലന്‍ പറക്കുന്നം എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.

ക‍ഴിഞ്ഞ തവണത്തെ 80.41 ശതമാനം ഇത്തവണ മറികടന്നില്ല. കൊവിഡ് രോഗികളുടേതും നിരീക്ഷണത്തില്‍ ക‍ഴിയുന്നവരുടെയും ഉദ്യോഗസ്ഥരുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി കണക്കാക്കുന്പോള്‍ പോളിംഗ് ശതമാനം ഇനിയും ഉയരും. 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ പാലക്കാട് ജില്ലയില്‍ ആധിപത്യം നിലനിര്‍ത്താന്‍ ക‍ഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേ സമയം മുന്നേറ്റമുണ്ടാക്കാന്‍ ക‍ഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എന്‍ഡിഎയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here