മുംബൈയിലെ ലോക്കൽ ട്രെയിൻ സേവനം; തീരുമാനം വെളിപ്പെടുത്തി ബി എം സി കമ്മീഷണർ

അൺലോക്ക് അഞ്ചാം ഘട്ടം പിന്നിട്ടിട്ടും മുംബൈ നഗരത്തിന്റെ നിശ്ചലാവസ്ഥ തുടരുന്നതിന് പ്രധാന കാരണം നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ അഭാവമാണ്. ഈ അവസ്ഥ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോടാണ് പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞാലുടൻ ലോക്കൽ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്ന നടപടിയെ കുറിച്ച് മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ മനസ്സ് തുറന്നത്.

പുതുവർഷാഘോഷങ്ങൾ അവസാനിച്ചതിനുശേഷം പൊതുജനങ്ങൾക്ക് മുംബൈയിലെ സബർബൻ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുനിസിപ്പൽ കമ്മീഷണർ ചഹാൽ പറഞ്ഞു.

നഗരത്തിൽ പുതിയ കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണെന്നും ചഹാൽ പറഞ്ഞു. ഇത് കണക്കിലെടുത്ത്, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ലോക്കൽ ട്രെയിനുകളിൽ അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്നവരും സ്ത്രീകളും ഉൾപ്പെടെ ചില വിഭാഗക്കാർക്ക് മാത്രമേ അനുമതിയുള്ളൂ. ദീർഘദൂര യാത്രക്കാരായ സാധാരക്കാരാണ് ലോക്കൽ ട്രെയിനുകളുടെ സേവനത്തിന്റെ അനശ്ചിതാവസ്ഥയിൽ ദുരിതത്തിലായിരിക്കുന്നത്. നിരവധി പേർക്കാണ് ജോലിക്ക് പോകുവാൻ കഴിയാതെ വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടത്.

നഗരത്തിലെ ധാരാളം ആളുകൾ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിൽ മുനിസിപ്പൽ കമ്മീഷണർ ആശങ്ക പ്രകടിപ്പിച്ചു. ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടിവരുമെന്ന് ചഹാൽ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News