കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടിൽ മാസ്‌ക്കും സാനിറ്റൈസറുമില്ലാതെ ഷാഫി പറമ്പിൽ എംഎൽഎയുടെ ആൾക്കൂട്ട പ്രകടനം. അകിശംപൂണ്ട കോൺഗ്രസ് പ്രവർത്തകന്‍ വീട്ടിൽനിന്ന് എംഎൽഎയെ ഇറക്കിവിട്ടു.
പാലക്കാട് നഗരസഭയിലെ 52–-ാം വാർഡ് ഒലവക്കോട് സൗത്തിലെ പൂക്കാരത്തോട്ടത്തിലാണ് സംഭവം. മാസ്‌ക് ധരിക്കാതെയും കൈയിൽ സാനിറ്റൈസർ കരുതാതെയും അമ്പതിലധികം പേരുമായായിരുന്നു നിശബ്ദ പ്രചാരണ ദിവസം എംഎൽഎയുടെ വോട്ടഭ്യർഥന. 18 പേർ ഇവിടെ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നു. കൂട്ടത്തോടെ എത്തിയ എംഎൽഎയെ നാട്ടുകാർ എതിർത്തു. കുട്ടികളടക്കം ഈ വീട്ടിലുണ്ടായിരുന്നു.
കോൺഗ്രസ് പ്രവർത്തകനായ എം സുൽഫീക്കറിന്റെ വീട്ടിലേക്ക് കയറിയ എംഎൽഎയെ വീട്ടുകാർ തടഞ്ഞു. മാസ്ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ സുൽഫീക്കർ ചോദ്യം ചെയ്തിട്ടും മാസ്ക് ധരിക്കാൻ എംഎൽഎ തയ്യാറായില്ല. വീട്ടുകാരോട് തട്ടിക്കയറിയ എംഎൽഎ “നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാൻ പറ്റില്ല’ എന്ന് വെല്ലുവിളിച്ചാണ് ഇറങ്ങിപ്പോയത്.
കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഉൾപ്പെടെ പ്രദേശത്തെ മുഴുവൻ വീടുകളിലും എംഎൽഎയുടെ ഈ പ്രകടനം തുടർന്നു. കോവിഡ് മാനദണ്ഡങ്ങൾ ധിക്കരിക്കുന്ന എംഎൽഎയുടെ വീഡിയോ സുൽഫീക്കർ ഫോണിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പൂക്കാരത്തോട്ടത്തിലെ പരമ്പരാഗത കോൺഗ്രസ് കുടുംബമാണ് സുൽഫീക്കറുടേത്. കോവിഡ് ഭീതി നിലനിൽക്കുന്ന പ്രദേശത്തെ എംഎൽഎയുടെ ഇടപെടൽ സ്ഥിതി വഷളാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. എംഎൽഎ ആളുകളുടെ കൈയിൽ പിടിക്കുകയും പലരെയും കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പലരും നിരീക്ഷണത്തിലുള്ള വീടുകളിലുള്ളവരുമാണ്. ജില്ലയിൽ കോവിഡ‍് വ്യാപനമുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒലവക്കോട്ടെ സംഭവം.
വാളയാർ അതിർത്തിയിൽ ആൾക്കൂട്ട സമരത്തിന് വി കെ ശ്രീകണ്ഠൻ എംപിയോടൊപ്പം നേതൃത്വം നൽകിതും ഷാഫി പറമ്പിൽ എംഎൽഎയാണ്. ബിജെപിയും ഇതിനൊപ്പം നിന്നു. വാളയാർ സമരത്തോടെയാണ് ജില്ലയിൽ കോവിഡ് വ്യാപനം ഇരട്ടിയായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here