ജയിലിൽ ഭീഷണി; സ്വപ്നയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് ഡിഐജി റിപ്പോർട്ട്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി.

തന്നെ ജയിലില്‍ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ നൽകിയ രേഖയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. ജയിൽ ഡിഐജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് ജയിൽ മേധാവി സർക്കാരിന് കൈമാറുക.

സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയിൽ സ്വപ്ന പരാതിയായി എഴുതി നൽകിയത്. രഹസ്യമൊഴി നൽകിയതിനാൽ ജയിലിൽ ഇപ്പോഴും ഭീഷണി ഉണ്ടെന്നാണ് സ്വപ്ന കോടതിയെ എഴുതി നൽകിയ പരാതിയിലൂടെ അറിയിച്ചത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

സ്വപ്നയെ ജയിലിലെത്തിച്ച ഒക്ടോബർ 14 മുതൽ നവംബർ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ജയിൽ ഡിഐജി അജയകുമാർ പരിശോധിച്ചു.

കസ്റ്റംസ്, ഇഡി, വിജിലൻസ് ഉദ്യോഗസ്ഥരും അമ്മയും ഭർത്താവുമുൾപ്പടെ 5 ബന്ധുക്കളും മാത്രമാണ് ഈ സമയം സ്വപ്നയെ ജയിലിൽ സന്ദര്‍ശിച്ചിട്ടുള്ളത്. എല്ലാം ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പ്രാവശ്യം മാത്രമാണ് അമ്മയെ ഫോൺ ചെയ്തിട്ടുള്ളത് എന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ജയിൽ ഉദ്യോഗസ്ഥരാരും അനാവശ്യമായി സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് ഡിഐജിയുടെ റിപ്പോർട്ട് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News