‘ഒമര്‍ ലുലുവിന് നന്ദി’, പോസ്റ്റ് പങ്കുവച്ച് ക്രിക്കറ്റ് താരം മൈക്കല്‍ ബെവന്‍

ക്രിക്കറ്റ് പണ്ഡിതര്‍ ഒന്നാന്തരം ഫിനിഷര്‍ എന്ന് പേരു ചൊല്ലി വിളിച്ച ഓസ്‌ട്രേലിയന്‍ താരമാണ് മൈക്കല്‍ ബെവന്‍.
മലയാള സംവിധായകന്‍ ഒമര്‍ ലുലുവിന് നന്ദി പറഞ്ഞു കൊണ്ടുള്ള മൈക്കല്‍ ബെവന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

റൈസ് ഓഫ് എ ഫിനിഷിംഗ് കിംഗ് എന്ന പേരില്‍ ഒമര്‍ ലുലു പങ്കുവെച്ച ഒരു ലേഖനത്തിനാണ് മൈക്കല്‍ ബെവന്‍ നന്ദി അറിയിച്ചത്. ഷിയാസ് കെ.എസ് എ‍ഴുതിയ ലേഖനത്തിനാണ് മൈക്കല്‍ ബെവന്‍ നന്ദിയറിയിച്ചിരിക്കുന്നത്.

മൈക്കലിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ലേഖനം പങ്കുവെച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും
ഒമര്‍ ലുലു തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

It’s a wow 🤩 moment for a fan boy ❤️
Shiyas KS 🔥 keep writing bro 🔥

Posted by Omar Lulu on Friday, 4 December 2020

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ:

റൈസ് ഓഫ് എ ഫിനിഷിംഗ് കിംഗ്
സിഡ്നിയില്‍ മൈക്കല്‍ ബെവന്റെ സമാനതകള്‍ ഇല്ലാത്ത വീരേതിഹാസം..
കൃത്യം 2 വ്യാഴവട്ടം മുമ്പ്..
ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് സീരീസ് 1996
ഓസീസ് vs വിന്‍ഡീസ്
01-01-1996
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കോട്‌നി വാല്‍ഷ് ബാറ്റിംഗ് തിരഞ്ഞെടുത്തു…, പക്ഷെ പോള്‍ റീഫില്‍ എന്ന പേസര്‍ വിന്‍ഡീസ് മുന്നേറ്റ നിരയെ കശക്കി എറിഞ്ഞു.. റീഫിലിനൊപ്പം സ്പിന്നിങ് വിസാര്‍ഡ് ഷെയിന്‍ വോണ്‍ കൂടെ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗ് 57/5 എന്ന നിലയിലേക്കു കൂപ്പുകുത്തി… റോജര്‍ ഹാര്‍പ്പറെ കൂട്ടുപിടിച്ച് കാള്‍ ഹൂപ്പര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിന്‍ഡീസിനെ 100 കടത്തി.. ഹാര്‍പ്പറിന് ശേഷം വന്ന ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഹൂപ്പറുടെ ഒറ്റയാള്‍ പ്രകടനം നിശ്ചിത 43 ഓവറില്‍ വിന്‍ഡീസ് സ്‌കോര്‍ 172/9 എന്ന നിലയില്‍ എത്തിച്ചു… ( മഴ മൂലം മത്സരം 43 ഓവര്‍ ആയി ചുരുക്കിയിരുന്നു) കൂട്ടത്തകര്‍ച്ചയ്ക്കിടയിലും 96 പന്തില്‍ 93 റണ്‍സ് നേടി പുറത്താവാതെ കാള്‍ ഹൂപ്പര്‍ കാലിപ്‌സോ സംഗീതത്തില്‍ അലിഞ്ഞ കരീബിയന്‍ കരുത്ത് ലോകത്തിനു കാണിച്ചു കൊടുത്തു…ഓസീസ് ബൗളിംഗ് നിരയില്‍ 4 വിക്കറ്റ് നേടിയ പോള്‍ റീഫില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്…
അംബ്രോസിന്റ നേതൃത്വത്തില്‍ പ്രത്യാക്രമണമായി വിന്‍ഡീസ് പേസ് പട…
വിഖ്യാതമായ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുമ്പില്‍ ഏതൊരു ടാര്‍ജെറ്റും ചെറുതല്ല എന്ന് ഉത്തമബോധ്യത്തോടെ ഇറങ്ങിയ ഓസീസ് ബാറ്റിംഗ് നിരയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് സിഡ്‌നി സാക്ഷ്യം വഹിച്ചത്… 4 ആം ഓവറില്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്ലേറെ ഉജ്ജ്വലമായി റണൗട്ട് ആക്കികൊണ്ട് വിന്‍ഡീസ് ക്യാപ്റ്റന്‍ വിക്കറ്റ് വേട്ടയ്ക് തുടക്കമിട്ടു.. തൊട്ടു പുറകെ ആന്റിഗയയില്‍ നിന്നുള്ള ആറടി ഏഴിഞ്ചുകാരന്‍ കേര്‍ട്ട്‌ലി ആംബ്രോസ് ഓസീസ് ബാറ്റിംഗ് നിരയ്ക്ക് മുകളില്‍ കനത്ത നാശം വിതച്ചുകൊണ്ട് ആഞ്ഞടിച്ചു.. അംബ്രോസിന്റ പന്തില്‍ മൈക്കല്‍ സ്ലേറ്ററെ സിമ്മണ്‍സ് ഗള്ളിയില്‍ പറന്നു പിടിച്ചു .., തൊട്ടടുത്ത പന്തില്‍ തന്റെ പത്താം ഏകദിനത്തിന് ഇറങ്ങിയ റിക്കി പോണ്ടിങിന്റ കുറ്റി പിഴുത ആംബ്രോസ് ഹാട്രിക്കിന് തൊട്ടടുത്തെത്തി.. ഹാട്രിക്ക് നിഷേധിച്ച സ്റ്റുവര്‍ട്ട് ലോയിക്കും അധികം ആയുസ്സ് ഇല്ലായിരുന്നു… അംബ്രോസിന്റ മൂനാം ഇര ആയി ലോ മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ 32/4
സിഡ്നിയിലെ പിച്ചില്‍ തീപ്പൊരി ചിതറിച്ച വിനാശകരമായ ഓപ്പണിങ് സ്‌പെല്ലിനു ശേഷം ആംബ്രോസ് – വാല്‍ഷ് കൂട്ടുകെട്ട് മടങ്ങിയതിന്റ ആശ്വാസത്തില്‍ ആയിരുന്നു ഓസീസിന് കൂടുതല്‍ കനത്ത പ്രഹരമായി മൂന്നാം പേസര്‍ ഓട്ടിസ് ഗിബ്‌സണ്‍ രംഗത്തെത്തി… ആദ്യം ഫോമിലേക് ഉയരുന്നതിന്റ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ മാര്‍ക്ക് വോയെ പുറത്താക്കിയ ഗിബ്സണ്‍ ഒരു പന്തിന്റ് ഇടവേളയില്‍ ഷെയിന്‍ ലീയെ പുറത്താക്കി ഓസീസിനെ തകര്‍ച്ചയുടെ പടുകുഴിയിലേക് ചവിട്ടി താഴ്ത്തി…
സ്‌കോര്‍ : 38/6
പൊരുതാനുറച്ച് മൈക്കല്‍ ബെവന്‍ , പിന്തുണയുമായി ഇയാന്‍ ഹീലി…
17 ഓവറില്‍ 38/6 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ബെവന്‍ – ഹീലി സഖ്യത്തിന്റ ആദ്യ കടമ ഇഴയുന്ന റണ്‍റേറ്റിനെ അതിന്റ വഴിയ്ക്ക് വിട്ടുകൊണ്ട് വിക്കറ്റ് സംരക്ഷിയ്ക്കുക എന്നതായിരുന്നു …, അങ്ങനെ തകര്‍പ്പന്‍ ഫോമില്‍ പന്തെറിയുന്ന വിന്‍ഡീസ് ബൗളര്‍മാരുടെ വീര്യം കെടുത്തുക… ഏറക്കുറെ ആ പ്ലാന്‍ നടപ്പാക്കിയ ഇരുവരും 25 ഓവര്‍ എന്ന കടമ്പ കടന്നു… സ്‌കോര്‍ 64/6 … ഇഴഞ്ഞുകൊണ്ടാണെങ്കിലും സ്‌കോര്‍ബോര്‍ഡ് ചലിച്ചു കൊണ്ടിരുന്നു…
ബ്രേക്ക് ത്രൂ ആയി റോജര്‍ ഹാര്‍പ്പര്‍ ഓസീസിനെ ഞെട്ടിയ്ക്കുന്നു…
27 ആം ഓവര്‍ , ബോളുമായി റോജര്‍ ഹാര്‍പ്പര്‍.., ഓസീസ് സ്‌കോര്‍ 74/6 … വിജയത്തില്‍ നിന്ന് 99 റണ്‍സ് ദൂരെ ആയിരുന്ന ഓസീസ് പ്രതീക്ഷകളെ ചവിട്ടിയരച്ചുകൊണ്ട് റോജര്‍ ഹാര്‍പ്പറുടെ ഓഫ് സ്പിന്‍ ഇയാന്‍ ഹീലിയുടെ പ്രതിരോധം തകര്‍ത്തു.., ആ തകര്‍പ്പന്‍ ഫ്‌ലൈറ്റെഡ് ഡെലിവറി സ്റ്റാമ്പുകളില്‍ ഇടിച്ചിറങ്ങുമ്പോള്‍ നിസ്സയഹയനായിരുന്നു ഹീലി…, സ്‌കോര്‍ 74/7
ദൃഢനിശ്ചയത്തോടെ ബെവന്‍ , അചഞ്ചലമായി റീഫില്‍
വാലറ്റത്തിന്റ തുടക്കക്കാരനായ അന്നത്തെ ബൗളിംഗ് ഹീറോ പോള്‍ റീഫില്‍, ബെവന് കൂട്ടായി എത്തുന്നു… വാലറ്റത്തെ തുടച്ചുമാറ്റാന്‍ നായകന്‍ വാല്‍ഷും , അംബ്രോസും വീണ്ടും അവതരിച്ചു… ഉയര്‍ന്നു വരുന്ന required റണ്‍റേറ്റ് എന്ന സമ്മര്‍ദ്ദം വിക്കറ്റ് വീഴ്ച എളുപ്പമാക്കും എന്ന കണക്കുകൂട്ടലില്‍ ഇരുവരും സിഡ്നിയില്‍ അതിവേഗതയുടെ തിരമാലകള്‍ ഉയര്‍ത്തി… പക്ഷെ ബെവന്‍ എന്ന പോരാളിയെ കീഴടക്കാന്‍ തക്ക ശേഷി ആ അക്രമണങ്ങള്‍ക് ഇല്ലായിരുന്നു… ഇരുവരുടെയും മാരകമായ പന്തുകളില്‍ നിന്ന് ആദ്യമൊക്കെ ബെവന്‍ , റീഫിലിനെ സംരക്ഷിച്ചു നിര്‍ത്തിയെങ്കിലും വൈകാതെ അതിന്റ ആവിശ്യം ഇല്ല എന്ന റീഫില്‍ , ഏതൊരു പെര്‍ഫെക്ക്ട് ബാറ്‌സ്മാന്റ് ടെക്‌നിക്കുകള്‍ തന്റെ കൈവശവും ഉണ്ടെന്ന് അടിവരയിടുന്ന സ്‌ട്രോക്ക് പ്ലയ്കള്‍ കൊണ്ട് തെളിയിച്ചു കൊടുത്തു.. 32 ഓവറില്‍ ഓസീസ് 100 കടന്നു..
കരുത്തോടെ മുമ്പോട്ട്
ക്ഷമാപൂര്‍വ ബാറ്റിങിന്റ സമയം അവസാനിച്ചു എന്ന് മനസിലാക്കിയ ഇരുവരുടെയും ബാറ്റുകള്‍ ശക്തമായ സ്‌ട്രോക്കുകള്‍ കളിയ്ക്കാന്‍ ആരംഭിച്ചു.. അര്‍ധസെഞ്ചുറിയിലേക് അടുത്തുകൊണ്ടിരുന്ന ബെവന്‍ ഫോമിന്റ് പാരമ്യതയില്‍ ആയിരുന്നു.. 42 runs required in 36 balls with 3 wikets remaining എന്ന ഇലക്ട്രോണിക് സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞതിന്റ അടുത്ത പന്തില്‍ ബെവന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി… അടുത്ത നാലോവറില്‍ ഇരുവരും 26 റണ്‍സ് നേടി..
മാന്ത്രിക വിരലുകളുമായി ഫില്‍ സിമ്മണ്‍സ് വിന്‍ഡീസിന്റ് രക്ഷയ്ക്കായി…
ശേഷിയ്ക്കുന്നത് 12 പന്തുകള്‍ , ഓസീസിന് വേണ്ടത് 16 റണ്‍സ് , വിന്‍ഡീസിന് വേണ്ടത് 3 വിക്കറ്റ്.. ബോളുമായി ഫില്‍ സിമ്മണ്‍സ് , സ്ട്രൈക്കില്‍ ബോളിങ്ങിലെ ഫോം ബാറ്റിങ്ങിലും ആവര്‍ത്തിച്ച പോള്‍ റീഫില്‍ .. ആദ്യ പന്തില്‍ റണ്‍സ് നേടാന്‍ കഴിയാതിരുന്ന റീഫില്‍ രണ്ടാം പന്ത് ഡീപ്പ് മിഡ്വിക്കറ് ബൗണ്ടറി ലക്ഷ്യമാക്കി കനത്ത ഷോട്ട് ഉതിര്‍ത്തു.., ബൗണ്ടറി എന്നുറപ്പിച്ചു പവര്‍ ഷോട്ടിനെ കൃത്യം പകുതി വഴിയില്‍ വെച്ച് ഉജ്വലമായി ടൈം ചെയ്ത ജമ്പിലൂടെ റാഞ്ചിയെടുത്ത് തന്റെ കൈകളില്‍ ഭദ്രമാക്കി കാള്‍ ഹൂപ്പര്‍… 48 പന്തില്‍ 32 റണ്‍സുമായി റീഫില്‍ പുറത്ത്..
ഷെയ്ന്‍ വോണ്‍ പുതിയ ബാറ്റ്‌സ്മാന്‍.., നേടേണ്ടത് 10 പന്തില്‍ 16 … നേരിട്ട ആദ്യ പന്തില്‍ ഡബിളും അടുത്ത പന്തില്‍ സിംഗിലും നേടി വോണ്‍ മനോഹരമായി തുടങ്ങി… അഞ്ചാം പന്തില്‍ വീണ്ടും ബെവന്‍ 2 റണ്‍സ് ഓടി എടുത്തു… അത് വരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ സിമ്മണ്‍സിന് അവസാന പന്തില്‍ പിഴച്ചു… ബെവന്‍ എന്ന ലോകോത്തര ബാറ്റസ്മാനെതിരെ , ആ സാഹചര്യത്തില്‍ ഒരിയ്ക്കലും പാടില്ലാത്ത ഒരു ഫുള്‍ ടോസ്.. വീണു കിട്ടിയ സുവര്‍ണാവസരം പോലെ ബെവന്‍ അത് അനായാസം തകര്‍പ്പന്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തി..
ആ ഓവറില്‍ ഓസീസ് പൊരുതിനേടിയത് 9 റണ്‍സ്
ആവേശത്തിന്റ അത്യുന്നതിയില്‍ അവസാന ഓവര്‍..
6 പന്തില്‍ ഇനി വേണ്ടത് 7 റണ്‍സ്..
ബോളുമായി റോജര്‍ ഹാര്‍പ്പര്‍ , സ്ട്രൈക്കില്‍ ഷെയിന്‍ വോണ്‍..
എങ്ങനെയും ബെവനെ സ്ട്രൈക്കില്‍ എത്തിയ്കുക എന്ന ലക്ഷ്യവുമായി ഷെയിന്‍ വോണും , അങ്ങനെ സംഭവിച്ചാല്‍ അത് ആത്മഹത്യപരം ആയിരിക്കും എന്നറിയാവുന്ന റോജര്‍ ഹാര്‍പ്പറും ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പന്തില്‍ ഡോട്ട് ബോള്‍മായി മേല്‍കൈ ഹാര്‍പ്പര്‍ നേടി… രണ്ടാം പന്തില്‍ ലെഗ്സൈഡില്‍ അപ്രതീക്ഷ വൈഡ് വഴങ്ങിയ ഹാര്‍പ്പറിന്റ ഒന്നാമത്തെ പന്തിന് സമാനമായ റീ ഡെലിവറി എങ്ങനെയോ വോണിന്റ ബാറ്റില്‍ കൊണ്ട നിമിഷം തന്നെ ബെവന്‍ റണ്ണിനായി കുതിച്ചു… ഓസീസ് വിജയത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ , താന്‍ സ്ട്രൈക്കില്‍ എത്തിയെ തീരു എന്നുറപ്പുണ്ടായിരുന്ന ബെവന്‍ കാലുകള്‍ ചിറകുകളാക്കി ബാറ്റിംഗ് ക്രീസിലേക് പറക്കുകയായിരുന്നു… പക്ഷെ മറുവശത്തു ഹാര്‍പ്പര്‍ ഫുള്‍ ലെങ്ത് ഡൈവിങ്ങിലൂടെ വോണിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കി…
ലക്ഷ്യം 4 പന്തില്‍ 6 റണ്‍സ്.. സ്ട്രൈക്കില്‍ ബെവന്‍… ഓഫ് സൈഡ് ലൈനില്‍ വന്ന പന്തില്‍ ബെവന്റെ കനത്ത ഷോട്ട് , അതിനു തടയുമായി മിഡ് വിക്കറ്റില്‍ ചന്ദ്രപോള്‍.. ഷോട്ടിന്റ പവറില്‍ ചന്ദ്രപോളില്‍ നിന്ന് പന്ത് വഴുതി എങ്കിലും ഉജ്ജ്വലമായി റികളക്ട് ചെയ്ത ചന്ദ്രപോള്‍ തന്നെ രണ്ടാം റണ്‍ ഓസീസിന് നിഷേധിച്ചു…
ലക്ഷ്യം 3 പന്തില്‍ 5 റണ്‍സ്… സ്ട്രൈക്കില്‍ പതിനൊന്നാമന്‍ ഗ്ലെന്‍ മക്ഗ്രാന്ത്.. ഷെയിന്‍ വോണ്‍ റണ്ണൗട്ട് ആയ അതെ ഡെലിവെറിയുമായി ഹാര്‍പ്പറും , അതെ ഷോട്ടുമായി മഗ്രാന്തും… പക്ഷെ ഈ തവണ വിജയം ഓസീസിനൊപ്പം നിന്നു.. വിലപ്പെട്ട 1 റണ്ണും , ബെവന്‍ വീണ്ടും സ്ട്രൈക്കിലും..
ലക്ഷ്യം 2 പന്തില്‍ 4 റണ്‍സ് …. ലെഗ് സ്റ്റാമ്പ് ലൈനില്‍ യോര്‍ക്കര്‍ ലെങ്ത് ഡെലിവെറിയുമായി
ഹാര്‍പ്പര്‍ .., മിഡ് വിക്കറ്റ് ബൗണ്ടറി ലക്ഷ്യമാക്കിയ ബെവന് പിഴച്ചു… ഡോട്ട് ബോള്‍..
അവസാന പന്ത് , ലക്ഷ്യം 4 റണ്‍സ്…,
സിഡ്‌നി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ബെവന്‍ എന്ന രക്ഷകനുവേണ്ടി ആര്‍ത്തിരമ്പി.. ബൗണ്ടറി വഴങ്ങാതെ ഒരൊറ്റ ബോളിനപ്പുറം വിജയം എന്ന നിലയില്‍ വിന്‍ഡീസ് കൂടുതല്‍ ജാഗരൂകരായി… തന്റെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെ വാല്‍ഷ് അതിര്‍ത്തിയില്‍ വിന്യസിച്ചു… സര്‍വ പഴുതുകളും അടച്ച വിന്‍ഡീസ് താരങ്ങള്‍ ആത്മവിശ്വാസത്തിന്റ കൊടുമുടിയേറി… അഞ്ചാം പന്തിനു സമാനമായ രീതിയില്‍ തന്നെ ഹാര്‍പ്പര്‍ തന്റെ വജ്രായുധം പ്രയോഗിച്ചു …, തൊട്ടുമുമ്പത്തെ പന്തില്‍ സംഭവിച്ച പിഴവ് ആവര്‍ത്തിയ്ക്കാന്‍ ബെവന്‍ ഒരുക്കമല്ലായിരുന്നു… ഈ തവണ ലക്ഷ്യം വെച്ചത് ലോംഗ് ഓഫിനും ലോങ്ങ് ഓണിനെയും കൃത്യമായി പകുത്തു കൊണ്ട് സ്‌ട്രൈറ്റ് ഹിറ്റ്… വെടിയുണ്ടവേഗത്തില്‍ തനിയ്ക്ക് നേരെ ചീറിപ്പാഞ്ഞു വരുന്ന ഷോട്ടില്‍ നിന്ന് മാര്‍ഗ്ഗതടസമായ തന്റെ ശരീരസാനിധ്യം ഒരു ജിംനാസ്റ്റിക്ക് കലാകാരന്റെ മെയ്‌വഴക്കത്തോടെ അമ്പയര്‍ പീറ്റര്‍ പാര്‍ക്കര്‍ ഒഴിവാക്കി തിരിഞ്ഞു നോക്കുന്നതിന് മുമ്പ് തന്നെ പന്ത് അതിര്‍ത്തി കടന്നിരുന്നു…
38/6 എന്ന നിലയില്‍ നിന്ന് അവിശ്വസനീയമായി ഓസീസ് ജയിച്ചിരിയ്ക്കുന്നു… നിറഞ്ഞു കവിഞ്ഞ SCG ഓസീസിന്റ് വീര നായകനുവേണ്ടി എഴുനേറ്റു നിന്ന് അഭിവാദ്യം അര്‍പ്പിച്ചു…,
ആര്‍ത്തിരമ്പിയ കാണിയ്ക്കള്‍ക്കുമുമ്പില്‍ മുമ്പില്‍ നഷ്ടപെട്ട രാജ്യം ഒറ്റയ്ക്ക് പൊരുതി നേടിയ രാജാവിന്റ പ്രൗഢിയോടെ ഓസീസ് ടീമിലെ എക്കാലത്തെയും സൗമ്യ മുഖം തല ഉയര്‍ത്തി നിന്നു..,
MICHAEL GWYL BEVAN : 78 (88 ) not out

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News