കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ മദ്യപിക്കരുത്;42 ദിവസം അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആരോഗ്യവിദഗ്‌ധര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യവിദഗ്‌ധര്‍. റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ് രണ്ട് മാസത്തേക്ക് മദ്യം ഉപേക്ഷിക്കേണ്ടത്. ന്യൂയോര്‍ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വാക്‌സിന്‍ ഫലപ്രദമാകണമെങ്കില്‍ സ്വീകര്‍ത്താക്കള്‍ 42 ദിവസം അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് റഷ്യന്‍ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാക്സീൻ സ്വീകരിച്ച ശേഷം 42 ദിവസങ്ങൾക്കുള്ളിലാണ് അത് മനുഷ്യ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങുക. അതുകൊണ്ട് തന്നെ ഇക്കാലയളവിൽ വളരെയധികം സൂക്ഷ്മത പലർത്തണമെന്നാണ് റഷ്യൻ ഉപപ്രധാനമന്ത്രി റ്റിയാന ഗോലിക്കോവയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്‍ എടുത്തതിന് ശേഷവും തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം, ഫെയ്‌സ് മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കണം, മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും ഉപപ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

റഷ്യയിലെ ഉപഭോക്തൃസുരക്ഷാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി അന്ന പൊപോവയും മദ്യം ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. മദ്യം കഴിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കാം. ആരോഗ്യത്തോടെ ഇരിക്കാനും ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മദ്യം മദ്യം കുടിക്കരുത്.

“വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിനു രണ്ട് ആഴ്‌ച മുന്‍പെങ്കിലും മദ്യ ഉപയോഗം നിര്‍ത്തണം. വാക്‌സിന്‍ സ്വീകരിച്ച ശേഷം 42 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത്. മദ്യത്തിന്റെ ഉപയോഗം ശരീരത്തില്‍ സമ്മര്‍ദം കൂട്ടും. ആരോഗ്യമുള്ളവരും പ്രതിരോധശേഷിയുള്ളവരും ആയിരിക്കണമെങ്കില്‍ മദ്യം കുടിക്കരുത്,” റഷ്യന്‍ ആരോഗ്യ നിരീക്ഷകയായ അന്ന പോപോവ പറഞ്ഞു.

കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് അന്ന പോപോവ പറയുന്നത്. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അന്നയുടെ ഉപദേശത്തിന് വിരുദ്ധമാണ് വാക്‌സിന്‍ വികസിപ്പിച്ച അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗിന്റെ നിര്‍ദേശം. സ്പുട്‌നിക് വി ട്വിറ്റര്‍ ചാനല്‍ ബുധനാഴ്ച, ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ന്‍ ഉയര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പം തികച്ചും വ്യത്യസ്തമായ ഉപദേശം പ്രസിദ്ധീകരിച്ചിരുന്നു.

‘ഒരു ഗ്ലാസ് ഷാംപെയ്ന്‍ ആരെയും വേദനിപ്പിക്കില്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെപ്പോലും’ – ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. ശരീരം പ്രതിരോധശേഷി കൈവരിക്കുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നും എന്നാല്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കുത്തിവയ്പ്പുകള്‍ സ്വീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും വാക്‌സിന്‍ സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും റഷ്യയ്ക്കോ സ്പുട്നിക്കിനോ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുന്നതിനുമുമ്പ് ഉപയോഗത്തിന് അനുമതി നല്‍കിയ സ്പുട്‌നിക് വി ഡോക്ടര്‍മാര്‍, സൈനികര്‍, അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് തുടക്കത്തില്‍ നല്‍കിയത്. രണ്ട് വാക്‌സിന്‍ ഡോസുകള്‍ 21 ദിവസത്തെ ഇടവേളകളിലാണ് കുത്തിവെയ്ക്കുന്നത്.

റഷ്യന്‍ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്‌, ഒരു ലക്ഷം പേര്‍ക്ക് ഇതിനകം കുത്തിവയ്‌പ് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ മോസ്കോയില്‍ റഷ്യ കുത്തിവയ്‌പ് ആരംഭിച്ചു. സ്‌പുട്‌നിക് വി വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ആരോഗ്യ അധികൃതര്‍ അവകാശപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ കുത്തിവയ്‌പ്പെടുക്കാന്‍ വിസമ്മതിച്ചതായാണ് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News