വസന്തത്തില്‍ വീടിറങ്ങിപ്പോയ ബുദ്ധന്‍ ശിശിരത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍

എന്‍എസ് മാധവന്റെ ഒരു കഥയില്‍ പ്രിയപ്പെട്ട മലയാള എഴുത്തുകാരന്റെ പേര് ചോദിക്കുമ്പോള്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് എന്ന് മറുപടി പറയുന്നൊരു കഥാപാത്രമുണ്ട്. കാല്‍നൂറ്റാണ്ട് പ്രായമായ കേരള ചലച്ചിത്രമേളയുടെ പൊതുഭാവങ്ങളുടെ പങ്കുപറ്റുന്ന ഒരു സ്ഥിരം ഡെലിഗേറ്റിനോട് പ്രിയപ്പെട്ട മലയാള ചലച്ചിത്രകാരന്റെ പേര് ചോദിച്ചാല്‍ ഒരു പക്ഷേ സമാനമായൊരു മറുപടിയാണ് കേള്‍ക്കുക- കിം കി ഡുക്ക്!

2000ല്‍ കോഴിക്കോട് നടന്ന ചലച്ചിത്രമേളയില്‍ ഇറ്റലിക്കാരനായ പീയര്‍ പൗലോ പസോലിനിക്ക് ലഭിച്ച താരപദവി തട്ടിത്തെറിപ്പിച്ചാണ് കിം കി ഡുക്ക് 2005 മുതല്‍ കേരള മേളയുടെ സൂപ്പര്‍ താര പദവിയിലേക്ക് അവരോധിക്കപ്പെട്ടത്. അറുപതുകളില്‍ കേരളത്തില്‍ വന്നിരുന്ന പസോലിനിയെ അന്ന് ആരും വേണ്ട വിധം ഗൗനിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അറേബ്യന്‍ നൈറ്റ്‌സും, കാന്റന്‍ബറി ടെയില്‍സും, ഡെക്കാമറണ്‍ കഥകളും, 120 ഡേസ് ഓഫ് സോദോമും അക്കാലത്ത് സംഭവിച്ചില്ല. 1975ല്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ ജന്മരാജ്യമായ സൗത്ത് കൊറിയയില്‍ ലഭിക്കാത്തത്രയും ആരാധകരെ നിറകണ്ണുകളോടെ വന്നു, കണ്ട്, കീഴടക്കിയാണ് കിം കി ഡുക്ക് 2014ല്‍ തിരിച്ചു പോയത്.

പസോലിനിക്ക് ലഭിക്കാത്ത ആദരം! പസോലിനിയുടെ ചിത്രങ്ങളിലേത് പോലെ രൂക്ഷമായ ലൈംഗീകതയുടെയും ഹിംസയുടെയും പാറ്റേണിലുള്ള ചിത്രങ്ങളാണ്, കാല്‍പ്പനീക ആത്മീയതയില്‍ പോതിഞ്ഞ ആദ്യകാല ചിത്രങ്ങളില്‍ നിന്ന് മാറി കിദുക്കില്‍ നിന്ന് പിന്നീട് സംഭവിച്ചു കൊണ്ടിരുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഹിംസയുടെ തലത്തിലല്ലാതെ രാഷ്ട്രീയ തലത്തില്‍ ഈ രണ്ട് ചലച്ചിത്രകാരന്മാരും തമ്മില്‍ എവിടെയും സാമ്യമില്ല. പക്ഷേ, കിദുക്ക് എന്ത് കൊടുത്താലും കൈയ്യടിയോടെ എതിരേല്‍ക്കാന്‍ കാത്ത് നില്‍ക്കുന്ന ഫാന്‍സ് സ്വഭാവത്തിലുള്ള കാണികളുടെ ആധിക്യമാണ് കേരളാ മേളയില്‍ ഒരു പതിറ്റാണ്ടായി തുടരുന്ന ഒരു പ്രധാന പ്രവണത.

2012ല്‍ കിം കി ഡുക്ക് ഗോവയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് നില്‍പ്പുറക്കാതായ മാധ്യമപ്രവര്‍ത്തകരെക്കണ്ട് പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ പൊട്ടിത്തെറിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഇന്ത്യയുടെ ചലച്ചിത്രമേള 2004ല്‍ ഗോവയില്‍ സ്ഥിരമായി നങ്കൂരമിടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ദില്ലിയിലും ഹൈദരാബാദിലും കൊല്‍ക്കത്തയിലും പോയി മേള കണ്ട, സത്യജിത്ത് റായി, മൃണാള്‍സെന്‍, ഉല്‍പ്പല്‍ ദത്ത് തുടങ്ങിയ മാസ്റ്റേര്‍സുമായി വരെ നേരിട്ട് സൗഹൃദമുണ്ടാക്കാനും സംവദിക്കാനും അവസരം ലഭിച്ചയാളാണ് സിവി. എണ്‍പതുകളില്‍ ദേശാഭിമാനിക്ക് വേണ്ടി സിവി ബാലകൃഷ്ണന്‍ നടത്തിയ ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ഈ രംഗത്തെ ക്‌ളാസിക്ക് മാതൃകയും ചലച്ചിത്രോത്സവ പത്രപ്രവര്‍ത്തനത്തിന്റെ ഒരു ചരിത്ര രേഖയുമാണ്. അതുകൊണ്ട് തന്നെ സിവിയുടെ ശകാരിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട് തന്നെ കി ഡുക്കിന്റെ കേരളാ ആരാധകര്‍ക്ക് വേണ്ടി ഞങ്ങള്‍ വേറൊരു മാര്‍ഗ്ഗേണ അയാളെ അന്വേഷിച്ചുകൊണ്ടിരുന്നു എന്ന് പറയുന്നതാവും നേര്.

എവിടെയാണ് കിഡുക്ക്, എവിടെയാണ് അയാളുടെ താവളം? ചോദിക്കുന്നവരൊക്കെ ഈ ചോദ്യം തന്നെ തിരിച്ച് ചോദിക്കുന്നു. കെ ബി വേണുവും വിഎസ് രാജേഷും എന്തിന് നമ്മുടെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണും വരെ ചോദിക്കുന്നു, എവിടെയാണ് കിം? ഫെസ്റ്റിവല്‍ ഡയരക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു: ”മീരാമറിലെ മാരിയറ്റിലാണ് അയാള്‍ക്ക് താമസം. പക്ഷേ അവിടെ അയാള്‍ വരാറില്ല.” ഒടുവില്‍ കിമ്മിന് സഹായിയായി നില്‍ക്കുന്ന കൊറിയക്കാരിയായ ദ്വിഭാഷിയോട് ചോദിച്ചപ്പോള്‍ അവരും പറഞ്ഞു, അറിയില്ല. ”ഒരു പക്ഷേ, ഗോവയിലെ ഏതെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അയാള്‍ ആരാലും തിരിച്ചറിയാതെ സഞ്ചരിക്കുന്നുണ്ടാവും, അങ്ങിനെയൊരു രീതി അയാള്‍ക്കുണ്ട്”. സഹായി ഒരൂഹം പറഞ്ഞു. നാട്ടില്‍ നിന്ന് കിം കിദുക്കിന്റെ ആരാധകര്‍ വിളിച്ചു കൊണ്ടിരുന്നു. ഒരു ഫൂട്ടേജ് വാര്‍ത്ത പോലും നല്‍കാനാവാത്തതിനാല്‍ ഓഫീസില്‍ നിന്നും വിളികള്‍ വന്നു തുടങ്ങി. കേരളം കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന ഒരു ചലച്ചിത്രകാരനെ കാണാനാവുന്നില്ലെങ്കില്‍ മറ്റെന്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്- ന്യായമാണ് ചോദ്യം.

2005ല്‍, സ്പ്രിംഗ്, സമ്മര്‍ ഫാള്‍.., ത്രീ അയേണ്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളുടെ ഒരു പ്രത്യേക പാക്കേജിലൂടെയാണ് കിം കിഡുക്ക് കേരള മേളയുടെ പ്രണയഭാജനമായത്. പിന്നീട് കിദുക്കിന്റെ ഒരു ചിത്രവും തിരുവനന്തുപരം മേള കാണാതെ പോയിട്ടില്ല. എന്നാല്‍ ഗോവയ്ക്ക് കിം അവിടെയെത്തുന്ന നൂറുകണക്കിന് സംവിധായകരില്‍ ഒരാള്‍ മാത്രമായിരുന്നു എന്നതാണ് സത്യം. കിമ്മിന്റെ പിയത്തയ്ക്ക് 2012ല്‍ ഗോവയില്‍ തിരക്ക് കൂട്ടിയത് മലയാളികള്‍ മാത്രമാണ്. സീറ്റുകള്‍ പലതും കാണികളില്ലാതെ ഒഴിഞ്ഞു കിടന്നു. എന്നാല്‍ കേരളത്തിലോ, ആള്‍ക്കൂട്ടം വിവരണാതീതമായിരുന്നു. പറഞ്ഞു വരുന്നത്, കേരളത്തിലെ കിദുക്കിന്റെ ആരാധക സമൂഹത്തിന്റെ ഈ ബാഹുല്യം ആ കൊറിയന്‍ സംവിധായകന്റെ ചലച്ചിത്ര ജീവിതത്തിലും കേരള ചലച്ചിത്രോത്സവ ചരിത്രത്തിലും ഒരു അല്‍ഭുതമാണെന്നാണ്. അതിന് നന്ദിയായി കിം കൊറിയയിലെ തന്റെ വീട്ടു പടിക്കലില്‍ ‘ബീനാപോള്‍ ഈ വീടിന്റെ ഐശ്വര്യം’ എന്ന് എഴുതി പതിച്ചിട്ടുണ്ടെന്നാണ് നമ്മള്‍ എപ്പോഴും പറയുന്ന ഒരു തമാശ.

2008ല്‍ തന്റെ ഭഡ്രീം’ എന്ന ചിത്രം കാണികള്‍ക്ക് വിട്ടുകൊടുത്ത് മൂന്ന് വര്‍ഷക്കാലം നീണ്ട അജ്ഞാത വാസത്തിലായിരുന്നു കിം കിഡുക്ക്. ബീമാപ്പള്ളിയില്‍ നിന്ന് ഡിവിഡികള്‍ വാങ്ങിക്കണ്ട സിനിമകള്‍ തന്നെ ആവര്‍ത്തിച്ച് കണ്ട് കേരള ആാരാധകര്‍ കിമ്മിന്റെ അസാന്നിധ്യത്തെ മറികടന്നുവെന്ന് വേണം കരുതാന്‍. കിം കിദുക്കിനെ മിത്താക്കി അക്കാലത്തിറങ്ങിയ ഹ്രസ്വ ചിത്രം (ഡിയര്‍ കിം- ബിനുകുമാര്‍) നല്ല ശ്രദ്ധ നേടിയിരുന്നു. ഒരു നാട്ടുമ്പുറത്തെ കുറേ സിനിമാ ഭ്രാന്തന്മാര്‍ ചേര്‍ന്ന് സിനിമകള്‍ക്ക് വേണ്ടി കിമ്മിന് കത്തെഴുതുന്നതാണ് ഡീയര്‍ കിമ്മിന്റെ ഇതിവൃത്തം. ഒരു പാറപ്പുറത്തിരുന്ന് അവര്‍ സിനിമയുടെ പേരെഴുതിവെച്ച പാറകള്‍ക്ക് നേരെ കല്ലെറിയുകയാണ്. ഏറ് കൊള്ളുന്ന സിനിമ കിഡുക്ക് കൊറിയയിലെ വീട്ടില്‍ നിന്ന് പാക്ക് ചെയ്ത് അയക്കുമെന്നാണ് അവരുടെ വിശ്വാസം. മലയാളിയുടെ കേവലം കിഡുക്ക് ആരാധനയെ മാത്രമല്ല ചലച്ചിത്ര മേളകളിലെ മാസ്റ്റേര്‍സ് സങ്കല്‍പ്പത്തെയും അടിമുടി അട്ടിമറിക്കുന്നതാണ് ഈ കാഴ്ച. പക്ഷേ അല്‍ഭുതം അതല്ല, 2012 വരെ കിംകിഡുക്ക് എന്ന കൊറിയന്‍ സംവിധായകന്‍ തനിക്ക് ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തെക്കുറിച്ച് കേട്ടിട്ടേയില്ല എന്നതാണ്! അക്കാര്യം വലിയ ഭഞെട്ടലോടെ’ ഞങ്ങളറിഞ്ഞത് ആ വര്‍ഷത്തെ ഗോവാ മേളയുടെ ഒരു രാത്രി വിരുന്നില്‍ വെച്ചാണ്.

വാര്‍ത്ത മുടങ്ങിയാലും ഗോവയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ നൈറ്റ് പാര്‍ട്ടി മുടക്കാറില്ല. ഞങ്ങള്‍ മൂന്നു പേര്‍ -ഞാനും ക്യാമറാമാന്‍ ബാബു രാജ് മൊറാഴയും ഇന്ത്യവിഷനിലെ മനീഷ് നാരായണനുമാണ് സംഘാംഗങ്ങള്‍. വിളമ്പുകാരന്റെ ഉദാരമനസ്‌ക്കതയക്ക് മുന്നിലേക്ക് തളികയും ഗ്ലാസും നിട്ടി നില്‍ക്കുമ്പോള്‍ വെറുതേ ഒന്ന് ഞാന്‍ പിന്നോട്ട് നോക്കിയതാണ്. അല്‍ഭുതം! അതാ പിന്നില്‍ ഒരു കൊറിയന്‍ മുഖം ശാന്തബുദ്ധനെപ്പോലെ വൈന്‍ ഗ്‌ളാസുമായി ക്യൂ നില്‍ക്കുന്നു. തളികകള്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഞാന്‍ ആ ബുദ്ധനെ വാരിപ്പുണര്‍ന്നത് മാത്രം ഓര്‍മ്മയുണ്ട്. തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് മാത്രം പറഞ്ഞാല്‍പ്പോരാ, ശരീരം മുഴുവന്‍ വാരിച്ചുറ്റിയ അനുഭവം. കേരളത്തിലെ ആയിരക്കണക്കിനായ ആരാധകര്‍ക്ക് വേണ്ടി കേരളത്തില്‍ നിന്നും ആദ്യമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ കിം കിദുക്കിനെ അഭിമുഖം ചെയ്യുന്നു എന്നതാണ് ആ മുഹുര്‍ത്തത്തിന്റെ വലിയ ആഹ്ലാദമായി ഞാന്‍ കണ്ടത്; പില്‍ക്കാലത്ത് കിഡുക്ക് കേരളത്തില്‍ വന്ന് നിറഞ്ഞാടിയെങ്കിലും.

ഞാനും മനീഷ് നാരായണനും കേരളത്തില്‍ അദ്ദേഹത്തിനുള്ള ആരാധകരെക്കുറിച്ച് വിശദമായി വിവരിച്ചു നല്‍കിയത് കിം ശാന്തമായി കേട്ടു നിന്നു. കേരളമെന്നൊരു നാടിനെക്കുറിച്ചും അതുവരെ അദ്ദേഹം കേട്ടിട്ടില്ലായിരുന്നു. ഞങ്ങള്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ സിനിമകളെക്കുറിച്ചും പ്രതിപാദിച്ചു. എന്നാല്‍ കിം തന്റെ നീണ്ട നിശബ്ദവാസത്തിനു ശേഷം ഇനി സിനിമ കൊണ്ടും ജീവിതം കൊണ്ടും വേറൊരു വഴിയിലാണെന്ന് പറയാനാണ് ശ്രമിച്ചത്.

ഭപിയത്ത’ മുതലാളിത്തത്തിന്റെ ധനാര്‍ത്തിക്കെതിരെയുള്ള സിനിമയാണെന്ന് കണിശമായി തന്നെ പറഞ്ഞുവെച്ചു. ഇനി സൗന്ദര്യത്തിനല്ല സത്യത്തിനാണ് തന്റെ സിനിമയില്‍ പ്രധാന്യമെന്നും നേര്‍ക്കു നേരെയുള്ള ഏറ്റുമുട്ടലിന്റെ ഭാഷയാണ് പ്രിയപ്പെട്ടെതെന്നും നേര്‍ത്ത പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങളുണ്ടായാല്‍ കേരളത്തിലേക്ക് വരാമെന്ന ഉറപ്പ് കൂടി നല്‍കിയാണ് കിം അന്ന് രാത്രി യാത്ര പറഞ്ഞത്. അതില്‍ പിന്നീട് പേരിനൊരു വാര്‍ത്താ സമ്മേളനത്തില്‍ കൂടി മുഖം കാണിച്ചതല്ലാതെ കിം കിദുക്കിനെ ഗോവയില്‍ ആരും കണ്ടില്ല.

എന്നാല്‍ അജ്ഞാതനായിരിക്കാനുള്ള വ്യഗ്രതയുടെ കാര്‍മേഘങ്ങളെല്ലാം നീങ്ങി ഏറെ സന്തോഷവനാനായ കിം കിഡുക്കിനെയാണ് പിന്നീട് നമ്മള്‍ 2013 ല്‍ കേരളത്തില്‍ വന്നപ്പോള്‍ കണ്ടത്. ആ വര്‍ഷത്തെ അദ്ദേഹത്തിന്റെ ‘മൊബിയസ്’ എന്ന ചിത്രം ഒരു സ്ത്രീദുരന്തം ആവിഷ്‌ക്കരിക്കാന്‍ ഹിംസാത്മക രതിയുടെ ഹിമാലയത്തിലേക്ക് കാണികളെ കാടു കയറ്റിയത് പലരെയും മടുപ്പിച്ചു. ഭദി നെറ്റും’ ‘ഹ്യൂമന്‍ സ്‌പേസ് ആന്റ് ടൈമു’ മെല്ലാ അദ്ദേഹം തന്നെ സൃഷ്ടിച്ച ഭാവുകത്തടവിലായ കാണികള്‍ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുന്നതാണ് അവസാനകാലത്ത് കണ്ടത്. സ്വന്തം ചലച്ചിത്രശൈലിയെ തന്നെ തിരുത്തിയും പുതുക്കിയും വഴിമാറി നടന്നു തുടങ്ങിയപ്പോള്‍ കിമിന്റെ ആസ്വാദകരും വേറെ വഴി കണ്ടെത്തി തുടങ്ങിയിരുന്നു. കിം സ്വന്തം ചരമഗീതമെഴുതുകയാണെന്ന് ആരാധകരില്‍ നിന്നു തന്നെ വിമര്‍ശനമുണ്ടായി. ഏഷ്യന്‍-ലാറ്റിനമേരിക്കന്‍- അറബ് സിനിമകളുടെ വേറൊരു ജീവിത ലോകം അപ്പോഴേക്കും കിമിനെ എന്നന്നേക്കുമായി മറക്കാന്‍ ശക്തിതരുന്ന ആവിഷ്‌കാരങ്ങളായി ഇവിടെ ആധിപത്യം നേടിക്കഴിഞ്ഞിരുന്നു.

കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഡിസംബര്‍ 11 എന്ന തീയതി കേരളത്തിന്റെ അന്താരാഷട്ര ചലച്ചിത്രമേളയുടെ ഏറ്റവും തിരക്കേറിയ ദിനമാകുമായിരുന്നു. ഒരോ പുതിയ ചിത്രത്തിനു മുന്നിലും ഇടിച്ചുകയറി തീയറ്ററുകള്‍ പെരുങ്കളിയാട്ടമാകേണ്ടതായിരുന്നു. പക്ഷേ ഈ ഡിസംബര്‍ 11 ന് കൊവിഡ് ചലച്ചിത്ര മേളയെ മാത്രമല്ല ചലച്ചിത്രമേളകള്‍ സൃഷ്ടിച്ച മഹാനായ ഒരു പ്രതിഭാശാലിയെക്കൂടിയാണ് കവര്‍ന്നെടുത്തിരിക്കുന്നത്. സ്വപ്നമേത് യാഥാര്‍ത്ഥ്യമേതെന്നറിയാതെ സ്തബ്ധമായി നില്‍ക്കുന്ന മോചനമില്ലാത്ത ഇരുട്ടിന്റെ തീയറ്ററിലേതു പോലെയായി നമ്മളിപ്പോള്‍.

തിരയുടെയും ജീവിതത്തിന്റെയും ഫ്രെയിമുകളില്‍ നിന്ന് ആ സെന്‍ ബുദ്ധന്‍ വീടിറങ്ങിപ്പോയിരിക്കുന്നു. കാലം തിരിഞ്ഞു നോക്കുന്ന കാലത്തോളം ആ വിസ്മയത്തിന് മരണമില്ല.

ബിജു മുത്തത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News