വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത കാട്ടിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത കാട്ടിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. നെടുമ്പാശേരി ചാലക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഗതാഗതവകുപ്പും കേസെടുത്തു. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പൊലീസ്. പറവൂരിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച നായയുടെ അവസ്ഥ ഗുരുതരമാണ്.

അത്താണി ചാലക്ക കോന്നം വീട്ടില്‍ 62കാരനായ യൂസഫ് ആണ് അറസ്റ്റിലായത്. കൊടുംക്രൂരതയില്‍ സ്വമേധയാ കേസെടുത്ത ചെങ്ങമനാട് പൊലീസ് ഇയാളെ മണിക്കൂറുകള്‍ക്കം പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ മൃഗസംരക്ഷണ നിയമലംഘനപ്രകാരം കേസെടുത്തു. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പൊലീസ് പറഞ്ഞു.

പെണ്‍പട്ടി ആയതിനാല്‍ വീട്ടിലേക്ക് മറ്റ് ആണ്‍പട്ടികളുടെ ശല്യം വര്‍ദ്ധിച്ചിരുന്നു. അതിനാല്‍ പട്ടിയെ കളയാന്‍ കൊണ്ടുപോയതാണെന്നാണ് ഇയാള്‍ പറയുന്ന മറുപടി. എന്നാല്‍ കെട്ടിവലിച്ച് കൊണ്ടുപോയ കാര്യത്തില്‍ കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്കയില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കാറിന്‍റെ പിന്നില്‍ കെട്ടിയ കയറില്‍ വളര്‍ത്തുനായയെ കുരുക്കിട്ട ശേഷം ഓടിച്ചുപോകുകയായിരുന്നു. കാറിന്‍റെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ് മൊബൈലില്‍ ക്രൂരമായ ദൃശ്യം പകര്‍ത്തിയത്. അഖില്‍ എന്ന ഈ ബൈക്ക് യാത്രക്കാരന്‍ തന്നെ കാര്‍ തടഞ്ഞുനിര്‍ത്തി പട്ടിയെ മോചിപ്പിക്കുകയായിരുന്നു.

പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ പ്രതിഷേധം ശക്തമായി. വിരണ്ടോടിയ നായയെ അടുത്തുളള പാടത്ത് നിന്നും അഖിലിന്‍റെ സുഹൃത്തായ ആഷിക് ബാബു കണ്ടെത്തുകയും വടക്കന്‍ പറവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നായ അവശനിലയിലാണെന്ന് ആഷിക് കൈരളി ടിവിയോട് പറഞ്ഞു.

നായ ഇയാളുടെ തന്നെയാണോയെന്ന കാര്യത്തില്‍ ഇപ്പോ‍ഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News