ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഉമ്മൻചാണ്ടി സർക്കാർ നൽകിയത് 1050 കോടിയുടെ പദ്ധതികൾ.ഒപ്പം ടെൻഡർ ഇല്ലാതെ വിശ്വസ്‌തതയോടെ ജോലി ഏൽപ്പിക്കാവുന്ന സ്ഥാപനമാണ് ഊരാളുങ്കൽ എന്ന സർട്ടിഫിക്കറ്റും. ഇക്കാര്യങ്ങൾ വിസ്മരിച്ചാണ് യുഡിഎഫിന്‍റെ ഉൗരാളുങ്കലിനെതിരായ ഇപ്പോഴത്തെ നീക്കങ്ങൾ.
എൽഡിഎഫ് സർക്കാർ ക്രമരഹിതമായി കരാറുകൾ നൽകുന്നെന്ന് പ്രതിപക്ഷ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് നൽകിയ പദ്ധതി വിവരങ്ങൾ പുറത്ത് വരുന്നത്.
1050 കോടി രൂപയുടെ പദ്ധതികളാണ് അന്ന് നൽകിയത്. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സമ്പൂർണ പരിഹാര ഏജൻസിയായി 2016 ജനുവരി 18ന് ഊരാളുങ്കലിനെ നിയമിച്ചത് ഉമ്മൻചാണ്ടി സർക്കാരിന്‍റെ ഐടി വകുപ്പാണ്. അത് മാത്രമല്ല, ഏറ്റെടുക്കുന്ന ജോലികളിലുള്ള മേന്മയാണ് ഊരാളുങ്കലിനെ സമ്പൂർണ പരിഹാര ഏജൻസിയായി നിയമിക്കാൻ കാരണമെന്നും 2016ലെ ഉത്തരവിൽ പറയുന്നു.
ഐടി, ഐടിഇഎസ് മേഖലയിലെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിശ്വസ്‌തതയുള്ള സംഘമാണ് സൊസൈറ്റിയെന്നും ടെൻഡർ വിളിക്കാതെ ഇവർക്ക് കരാറുകൾ നൽകണമെന്നും അതേ ഉത്തരവിൽ യുഡിഎഫ് സർക്കാർ വ്യക്തമാക്കുന്നു.
150 കോടി രൂപയുടെ കോഴിക്കോട് ബൈപാസ് പദ്ധതി 18 മാസംകൊണ്ടാണ് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഊരാളുങ്കൽ പൂർത്തിയാക്കിയത്. രാമനാട്ടുകര, തൊണ്ടയാട് ഫ്ലൈ ഓവറുകളും പൂർത്തിയാക്കി. വലിയഴിക്കൽ പാലം, നാടുകാണി–പരപ്പനങ്ങാടി റോഡ്, കണ്ണൂർ ഹിൽ ഹൈവേ പദ്ധതികളും നിർവഹിച്ചു. ഇക്കാര്യങ്ങൾ വിസ്‌മരിച്ചാണ് ഊരാളുങ്കലിനെ മറയാക്കി സർക്കാരിനെ അടിക്കാനുള്ള നിലവിലെ പ്രതിപക്ഷശ്രമം എന്നതും പ്രസക്തം.
Get real time update about this post categories directly on your device, subscribe now.