യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു; ‘ആ‍ഞ്ജലീന ജോളി’യ്ക്ക് പത്തു വർഷം കഠിന തടവ്

ഇറാനിലെ ആ‍ഞ്ജലീന ജോളി എന്നറിയപ്പെടുന്ന 19 കാരിയെ പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഒരു വർഷമായി ജയിലിൽ കഴിഞ്ഞ് വരികയായിരുന്നു സഹർ തബര്‍ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്ത്.

യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കൽ, യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 2019 ഒക്ടോബറില്‍ സഹറി നെ അറസ്റ്റ് ചെയ്തത്.

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെ രൂപ മാറ്റം വരുത്തിയ സോംബി രൂപത്തിലുള്ള തന്‍റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതോടെയാണ് സഹര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരും ഇവർക്കുണ്ടായിരുന്നു. ആഞ്ജലീനയെ പോലെ ആകാൻ സഹർ അമ്പതോളം പ്ലാസ്റ്റിക് സർജറികൾ ചെയ്തതായാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാല്‍ പിന്നീട് തന്റെ എഡിറ്റ് ചെയ്യാത്ത ചിത്രം പുറത്തുവിട്ട് സഹർ വീണ്ടും ആരാധകരെ ഞെട്ടിച്ചു.

ആ‍ഞ്ജലീനയെ പോലെയാകാൻ താൻ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ പുറത്തുവിട്ട ചിത്രങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നുമായിരുന്നു സഹറിന്‍റെ വാദം. ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹർ സ്വയം വിശേഷിപ്പിക്കുന്നത്.

സോംബി രൂപത്തിലുള്ള ചിത്രങ്ങള്‍ക്കെതിരെ നിരവധി പരാതികളും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ആളുകളെ പേടിപ്പിക്കുന്ന രൂപത്തിലുള്ള തന്റെ വൈറലായ ചിത്രങ്ങൾ ഫോട്ടോഷോപ്പും മേക്ക് അപ്പും ആണെന്ന് സഹര്‍ വെളിപ്പെടുത്തിയത്. യഥാർത്ഥ ജീവിതത്തിൽ തനിക്ക് ആഞ്ജലീനയെ പോലെ ആകാൻ താത്പര്യമില്ലെന്നും സഹർ പറഞ്ഞു.

ഇറാനിലെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരും സഹർ തബറിനൊപ്പം അറസ്റ്റിലായിരുന്നു. സോഷ്യൽമീഡിയയിൽ ആരാധകരെ രസിപ്പിക്കാൻ ചെയ്ത തമാശകളാണ് സഹറിനെ അഴിക്കുള്ളിൽ ആക്കിയതെന്നാണ് ഇറാനിയൻ മാധ്യമപ്രവർത്തകയായ മസീഹ് അലീൻജദ് പറയുന്നത്.

സഹറിന്റെ ജയിൽ മോചനത്തിന് ആഞ്ജലീന ജോളി ഇടപെടണമെന്നും മസീഹ് ആവശ്യപ്പെടുന്നു. “വെറും പത്തൊമ്പ് വയസ്സുമാത്രമാണ് ആ പെൺകുട്ടിയുടെ പ്രായം. അവളുടെ തമാശകളാണ് അവളെ ജയിലിലാക്കിയത്. അവളുടെ അമ്മ കരയാത്ത ദിവസങ്ങളില്ല. പ്രിയപ്പെട്ട ആഞ്ജലീന ജോളി, സഹറിന് വേണ്ടി സംസാരിക്കൂ, അവളെ മോചിതയാക്കാൻ ഞങ്ങളെ സഹായിക്കൂ”- മസീഹ് ആവശ്യപ്പെട്ടു.

1 വര്‍ഷത്തോളമായി ജയിലില്‍ ക‍ഴിയുന്ന സഹറിന് ഇതിനിടയിൽ കോവിഡും ബാധിച്ചിരുന്നു. കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ സഹറിന്റെ ജാമ്യത്തിനായി അഭിഭാഷകൻ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here