എവിടെ മത്സരിച്ചാലും ഹസ്സന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് കെ. മുരളീധരനാണ്: മന്ത്രി എകെ ബാലന്‍

എവിടെ മത്സരിച്ചാലും ഹസ്സന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് കെ. മുരളീധരനാണെന്നും അതിനാല്‍ ഹസ്സന് ജനങ്ങളെ പേടിക്കേണ്ടതില്ലെന്നും മന്ത്രി എ കെ ബാലന്‍.

കോണ്‍ഗ്രസിന്റെ നിലവിലുള്ള ജനസ്വാധീനം പോലും ഇല്ലാതാക്കാനാണ് ഹസ്സന്‍ പരിശ്രമിക്കുന്നതെന്നും ജമാ അത്തെ ഇസ്ലാമിക്ക് യുഡിഎഫിലേക്ക് പാലം പണിതതാണ് യുഡിഎഫ് കണ്‍വീനറായപ്പോള്‍ ഹസ്സന്‍ ആകെ ചെയ്ത കാര്യമെന്നും മന്ത്രി വ്യക്തമാക്കി.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യു ഡി എഫ് അധികാരത്തിൽ വന്നാൽ നാല് മിഷനുകളും നിർത്തുമെന്ന പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ല.
ലൈഫ് മിഷൻ നിർത്തുമെന്ന് പറയുന്ന എം എം ഹസ്സൻ അത് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ശ്രീ. പി. കെ. വേലായുധൻ്റെ ഭാര്യ ശ്രീമതി. ഗിരിജയുടെ അടുത്തു പോയി പറയാൻ തയ്യാറാകുമോ? പറഞ്ഞാൽ ചൂല് കൊണ്ട് തല്ലു കിട്ടും.
ലൈഫ്മിഷൻ്റെ കീഴിലാണ് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ശ്രീമതി. ഗിരിജക്ക് ഫ്ളാറ്റ് ലഭിച്ചത്. എൽ ഡി എഫ് സർക്കാരാണ് അവർക്ക് വീട് നൽകിയത്. ഈ സഹായം മരിച്ചാലും മറക്കില്ലെന്നാണ് ഗിരിജ എന്നോട് പറഞ്ഞത്. ഇതാണ് ലക്ഷക്കണക്കിന് ജനങ്ങൾ ഏറ്റുപറയുന്നത്. ലൈഫ് മിഷൻ്റെ ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം പട്ടികജാതിക്കാരും പട്ടികവർഗക്കാരുമാണ്.
എല്ലാ മിഷനുകളും തകർക്കുമെന്നാണ് ഹസ്സൻ പറയുന്നത്. ഹസ്സൻ താമസിക്കുന്ന വഴുതക്കാട് പ്രദേശത്തുള്ള സർക്കാർ സ്കൂളും സർക്കാർ ആശുപത്രിയും ഒന്നു പോയി നോക്കുക. അവിടെയുള്ള ജനങ്ങളോട് ആർദ്രം പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയും ഇല്ലാതാക്കുമെന്ന് പറഞ്ഞാൽ അപ്പോൾ അറിയും. കേരളത്തിലെ വയലേലകളിൽ പോവുക. വറ്റിവരണ്ട തോടുകളും കുളങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങളിൽ പോവുക. ഹരിതം പദ്ധതിയുടെ നേട്ടങ്ങൾ അവിടെ കാണാൻ കഴിയും. വർഷങ്ങളായി തരിശായി കിടന്ന 1.31 ലക്ഷം ഹെക്ടർ ഭൂമിയിൽ നെൽക്കൃഷി ചെയ്തു. 2466 കിലോമീറ്റർ തോടുകൾ വൃത്തിയാക്കി. 1391 കിലോമീറ്റർ തോടുകൾ പുനരുജ്ജീവിപ്പിച്ചു. 3900 കുളങ്ങൾ നവീകരിച്ചു. 16665 കിണറുകൾ റീചാർജു ചെയ്തു.
ഈ നാല് മിഷനുകളുടെയും ഉദ്ഘാടനം ബഹു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അന്നത്തെ ഗവർണർ ജസ്റ്റിസ് . പി. സദാശിവമാണ് നിർവഹിച്ചത്. ഇന്ത്യ ശ്രദ്ധിക്കേണ്ട നേട്ടമാണ് ഈ നാല് മിഷനുകളെന്ന് പിന്നീട് അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം പ്രസംഗിച്ചു.
ഈ മിഷനുകളെ തകർക്കുമെന്ന് പറയാൻ ഹസ്സന് എങ്ങനെ നാവ് പൊന്തുന്നു? ഒറ്റപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാൽ ഒരു പദ്ധതി തന്നെ വേണ്ടെന്ന് പറയുന്നത് എന്ത് ബോധത്തിൻ്റെ അടിസ്ഥാനത്തിലാണ്? തെറ്റു ചെയ്തവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സ്കൂൾ കെട്ടിടത്തിനടുത്ത് പോയി സിമൻ്റ് ചുരണ്ടിയെടുത്ത് കിഫ്ബിയുടെ തകരാറാണെന്ന് പറയുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ നാല് മിഷനുകളും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ആലോചിക്കാൻ പോലും കഴിയാത്തതാണ്. ജനജീവിതത്തെയാകെ ഗുണപരമായി മാറ്റിയ പദ്ധതികളാണിവ. അവ നമ്മുടെ അന്തരീക്ഷത്തെ മാറ്റി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി. അഞ്ച് ലക്ഷം വിദ്യാർഥികൾ പുതുതായി പൊതു വിദ്യാലയങ്ങളിലെത്തി.
ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. ഇതെല്ലാം കണ്ട് കണ്ണ് മഞ്ഞളിച്ചവർക്കും സ്വബോധം നഷ്ടപ്പെട്ടവർക്കും മാത്രമേ ഈ മിഷനുകൾ ഇല്ലാതാക്കുമെന്ന് പറയാൻ കഴിയൂ. എന്നാൽ ഇതിന് വിപരീതമായി പ്രതിപക്ഷ നേതാവ് അൽപ്പം മയപ്പെടുത്തി, പരിശോധിക്കുമെന്നാണ് പറഞ്ഞത്. അത്രയ്ക്ക് നല്ലത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അവരെ തിരിഞ്ഞു കുത്തുകയാണ്. എൽ ഡി എഫ് സർക്കാരിനെതിരെ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ല. വീണിടത്ത് കിടന്ന് ഉരുളുകയാണ് പ്രതിപക്ഷം.
നാല് മിഷനും ഇല്ലാതാക്കുമെന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും പറയണം. കേരള മനസ്സ് എന്താണെന്ന് അപ്പോൾ മനസ്സിലാകും. എവിടെ മത്സരിച്ചാലും ഹസ്സൻ തോൽക്കുമെന്ന് പറഞ്ഞത് കെ. മുരളീധരനാണ്. അതിനാൽ ഹസ്സന് ജനങ്ങളെ പേടിക്കേണ്ടതില്ല. കോൺഗ്രസിൻ്റെ നിലവിലുള്ള ജനസ്വാധീനം പോലും ഇല്ലാതാക്കാനാണ് ഹസ്സൻ പരിശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിക്ക് യു ഡി എഫിലേക്ക് പാലം പണിതതാണ് യു ഡി എഫ് കൺവീനറായപ്പോൾ ഹസ്സൻ ആകെ ചെയ്ത കാര്യം.

യു ഡി എഫ് അധികാരത്തിൽ വന്നാൽ നാല് മിഷനുകളും നിർത്തുമെന്ന പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ല.

ലൈഫ് മിഷൻ…

Posted by A.K Balan on Saturday, 12 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here