വേതനം നല്‍കാത്ത ഐഫോണ്‍ കമ്പനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു; ചൂഷണത്തിന് കേന്ദ്രം ചുക്കാന്‍ പിടിക്കുമ്പോള്‍

ശമ്പളം നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ പണി എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാര്‍ ജില്ലയിലെ ഫാക്ടറിയാണ് രാവിലെ ജോലി കഴിഞ്ഞ് ഫാക്ടറിക്ക് പുറത്തിറങ്ങിയ ആയിരത്തോളം തൊഴിലാളികള്‍ ഇന്ന് രാവിലെ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്.

രണ്ടുമാസത്തിലധികമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും പല തവണ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതര്‍ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പ്രതികരിക്കേണ്ടിവന്നതെന്നുമാണ് തൊഴിലാളികളുടെ പ്രതികരണം. ബാംഗ്ലൂരിലെ ഐ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി ആ കമ്പനിയിലെ തൊഴിലാളികള്‍ തന്നെ തച്ചുതകര്‍ത്തത് ഇത്രയും നാളും അവര്‍ സഹിച്ച ചൂഷണത്തിന്റെ മൂര്‍ധന്യാവസ്ഥയിലുണ്ടായ സ്വാഭാവിക പ്രതികരണമാണ്. ഇതിന് പൂര്‍ണമായും ഉത്തരവാദികളാകുന്നത് തായിവാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരായ വിസ്‌ട്രോണ്‍ മാത്രമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ 12 മണിക്കൂര്‍ പണിയെടുപ്പിക്കുകയാണ് ഈ ഫാക്ടറിയില്‍. എഞ്ചിനീയറിങ്ങ് ബിരുദം നേടിയിറങ്ങി 21,000 രൂപ പാക്കേജില്‍ കമ്പനിയില്‍ ജോലിക്ക് കയറിയവര്‍ക്ക് ഈയടുത്തായി 12,000 രൂപ മാത്രമാണ് നല്‍കിക്കൊണ്ടിരുന്നത്. പതിനായിരത്തോളം കരാര്‍ തൊഴിലാളികള്‍ക്ക് 8,000 രൂപ പ്രതിമാസം നല്‍കിയാണ് ഐ ഫോണ്‍ നിര്‍മ്മാണ് ഫാക്ടറിയില്‍ പണിയെടുപ്പിച്ചത് എന്നത് തൊഴില്‍ ചൂഷണത്തിന്റെ ഏറ്റവും ലളിതമായ ഉദാഹരണം മാത്രമാണ്.

പതിനായിരം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാമെന്നും 3,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും പറഞ്ഞ് കര്‍ണാടക സര്‍ക്കാരില്‍ നിന്ന് 43 ഏക്കര്‍ ഭൂമിയാണ് നറസപുര ഇന്റസ്ട്രിയല്‍ മേഖലയില്‍ വിസ്‌ട്രോണ്‍ നേടിയെടുത്തത്. എന്നാല്‍ ആര്‍ക്കും സ്ഥിരം തൊഴില്‍ നല്‍കാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കി വഞ്ചിക്കുകയായിരുന്നു ഈ അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമന്മാര്‍.

രാജ്യത്ത് തൊഴിലാളികള്‍ക്കെതിരായ ചൂഷണത്തിന് എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ വിസ്‌ട്രോണിന് ഭയക്കാനൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസിലാക്കി തൊഴിലാളികള്‍ സംഘടിച്ചപ്പോള്‍ ഒരു ദിവസം കൊണ്ട് കമ്പനി തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

വനിതാ തൊഴിലാളികളടക്കം ഈ ഫാക്ടറി തകര്‍ക്കാന്‍ മുന്നോട്ട് വന്നത് അവരനുഭവിച്ച ചൂഷണത്തിനെതിരായ പോരാട്ടമായേ കാണാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതികള്‍ക്ക് മുന്നില്‍ മിണ്ടാതിരുന്ന് ഈ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പിനെ അക്രമമായി കണ്ടാല്‍ അതിനൊപ്പം നില്‍ക്കാനാകില്ല.

സഖാക്കളെ, ചൂഷണം പെരുകുമ്പോള്‍ തൊഴിലാളികള്‍ സംഘടിക്കുകതന്നെ ചെയ്യും. അവര്‍ സംഘടിച്ച് പൊരുതുമ്പോള്‍ ഇന്ന് ഐ ഫോണിന്റെ കൂറ്റന്‍ ഫാക്ടറി തകര്‍ക്കപ്പെട്ടെങ്കില്‍ നാളെ അംബാനിയും അദാനിയുമെല്ലാം തൊഴിലാളികളുടെ വര്‍ഗബോധത്തിനും അവകാശപ്പോരാട്ടങ്ങള്‍ക്കും മുന്നില്‍ കീഴടങ്ങുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News