കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്; ഇന്ന് ദേശീയപാതകള്‍ ഉപരോധിക്കും

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കി കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ രണ്ടാംഘട്ട ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ചാണ് കര്‍ഷക സമരം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്.

ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചു. ഹരിയാന, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്‌സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി.

പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഏഴ് ജില്ലകളിലെ ആയിരം ഗ്രാമങ്ങളില്‍ നിന്നായി മുപ്പതിനായിരം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 1300 ട്രാക്‌റുകളിലും 200 മറ്റ് വാഹനങ്ങളിലുമായാണ് ഇവരുടെ യാത്ര.

രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്.

ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 2500 പൊലീസുകാരെയാണ് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ കമ്പനി കേന്ദ്ര സേനയെ അതിര്‍ത്തിപ്രദേശത്ത് വിന്യസിച്ചു. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകള്‍ കൂടി തടഞ്ഞാല്‍ റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലയ്ക്കും.

ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്ന് പുറപ്പെടും. രാവിലെ പതിനൊന്ന് മണിക്ക് യാത്ര തുടങ്ങുമെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ആറാംവട്ട പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചതായി കേന്ദ്രമന്ത്രി സോം പ്രകാശ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News