യു എ ഖാദറിന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യു എ ഖാദറിന് വിട. സംസ്‌കാരം കൊയിലാണ്ടി തിക്കോടിയിലെ മീത്തലെപള്ളി ഖബറിസ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടര്‍ സാംബശിവ റാവു റീത്ത് സമര്‍പ്പിച്ചു

കോഴിക്കോട് പട്ടാളം പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം രാവിലെ 11. 15ഓടെയാണ് കോഴിക്കോട് ടൌണ്‍ ഹാളില്‍ എത്തിച്ചത്. യു എ ഖാദറിന്റെ നിരവധി പ്രഭാഷണങ്ങള്‍ക്ക് വേദിയായ ടൗണ്‍ഹാളില്‍ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പൊതുദര്‍ശനം.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടര്‍ സാംബശിവ റാവു റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സാഹിത്യരംഗത്ത് നിന്ന് കെ പി രാമനുണ്ണി, കെ ഇ എന്‍ കുഞ്ഞഹമ്മദ് പി കെ ഗോപി, ഖദീജ മുംതാസ്, പി കെ പാറക്കടവ്, ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എന്നിവരെത്തി.

ജനപ്രതിനിധികളായ എളമരം കരീം, ബിനോയ് വിശ്വം, എ പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, എം കെ രാഘവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി മോഹനന്‍, ടി സിദ്ദിഖ്, കെ സുരേന്ദ്രന്‍ എന്നിവരും ടൗണ്‍ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍ ഇനി ദീപ്തമായ ഓര്‍മ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here