‘ഞാന്‍ കര്‍ഷകനാണ്, പൊലീസായത് പിന്നീട്’; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവെച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവെച്ചു. ഡിഐജി ലഖ്മീന്ദര്‍ സിങ് ജഖാറാണ് രാജിവെച്ചത്. കര്‍ഷക സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് രാജി. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു. താന്‍ ഉടനെ തന്നെ ഡല്‍ഹിയിലെ സമര സ്ഥലം സന്ദര്‍ശിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാനപരമായി ഞാന്‍ കര്‍ഷകനാണ്, പിന്നീടാണ് ഒരു പൊലീസുകാരനാവുന്നത്. കര്‍ഷകനായ അച്ഛന്‍ വയലുകളില്‍ ജോലി ചെയ്യുകയും എന്നെ പഠിപ്പിക്കുകയും ചെയ്തു. അതിനാല്‍, എല്ലാ കൃഷിക്കാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു, ”ലക്ഷ്മീന്ദര്‍ പറഞ്ഞു.

അതേസമയം കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ അടിച്ചൊതുക്കാന്‍ സര്‍വ സന്നാഹങ്ങളെയും രംഗത്തിറിക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊലീസിനൊപ്പം സൈന്യവും രംഗത്തുണ്ട്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ തയ്യാറാക്കി. എസ്ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറു കണക്കിന് കര്‍ഷകര്‍ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഷാജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തി. നൂറുകണക്കിന് ട്രാക്ടറുകള്‍ അണിനിരക്കുന്ന റാലി ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയിലൂടെ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുകയാണ്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അഞ്ച് പ്രാവശ്യം കര്‍ഷകരും കേന്ദ്രവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

നാളെ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാന്‍ കിസാന്‍സഭയും കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷനും ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here