തദ്ദേശ തെരഞ്ഞെടുപ്പ്: നാല് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകള്‍ ഇന്ന് വിധിയെഴുതും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് ഇന്ന് പോളിങ്. മൂന്നുഘട്ടമായി നടന്ന പോളിങ് ഇതോടെ പൂര്‍ത്തിയാകും. 16നാണ് വോട്ടെണ്ണല്‍.

ആദ്യ രണ്ടുഘട്ടത്തിലെ 10 ജില്ലകളിലും കനത്ത പോളിങ്ങായിരുന്നു. തെക്കന്‍ ജില്ലകളില്‍ 2015-നെക്കാള്‍ വോട്ടിങ് ശതമാനം കുറഞ്ഞതായാണ് അന്തിമ കണക്ക് . തിരുവനന്തപുരം-70.04, കൊല്ലം- 73.80, പത്തനംതിട്ട-69.72, ആലപ്പുഴ- 77.40, ഇടുക്കി-74.68, കോട്ടയം-73.95, എറണാകുളം-77.25, തൃശൂര്‍-75.10, പാലക്കാട്-78.14, വയനാട്- 79.49 ശതമാനം എന്നിങ്ങനെയായിരുന്നു ഒന്നുംരണ്ടും ഘട്ടത്തിലെ പോളിങ് നില. വാശിയേറിയ പ്രചാരണം അരങ്ങേറിയ വടക്കന്‍ ജില്ലകളിലും നല്ല പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്-78.43, കണ്ണൂര്‍-80.91, കോഴിക്കോട്- 81.46, മലപ്പുറം-71.00 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.

വര്‍ധിച്ച ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് ബൂത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ-വികസനപദ്ധതികള്‍ വോട്ടര്‍മാരില്‍ പ്രകടമായ അനുകൂല പ്രതികരണമുണ്ടാക്കി. ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. മട്ടന്നൂര്‍ വിമാനത്താവളം, ഗെയില്‍, ദേശീയപാത വികസനം , പ്രാഥമിക പ്രവര്‍ത്തനമാരംഭിച്ച വയനാട് തുരങ്കപാതയുള്‍പ്പെടെ മുഖച്ഛായ മാറ്റുന്ന വികസനപദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് ഭരണത്തില്‍ മലബാര്‍ സാക്ഷ്യംവഹിക്കുന്നത്. ലൈഫ് മിഷന്‍ ഭവനപദ്ധതിയടക്കം നിര്‍ത്തുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിനെതിരായ വികാരവും പ്രതിഫലിക്കും.

എല്‍ജെഡി- കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം കക്ഷികള്‍ എല്‍ഡിഎഫിലെത്തിയതും യുഡിഎഫ് കൂടുതല്‍ ദുര്‍ബലമായതും ഇടതുപക്ഷത്തിന് കരുത്തായി. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം സജീവമായ ജില്ലകളിലാണ് തിങ്കളാഴ്ച വോട്ടിങ്. വെല്‍ഫെയര്‍ സഖ്യത്തില്‍ അണികളിലും മതനിരപേക്ഷ സമൂഹത്തിലും അസംതൃപ്തിയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel