തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി; സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തീരുമാനം ഹൈക്കോടതി ശരിവച്ചു

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തീരുമാനം ഹൈക്കോടതി ശരിവച്ചു.അധ്യക്ഷ പദവികളില്‍ സംവരണ തുടര്‍ച്ച പാടില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലന്നും ഹൈക്കോടതി അറിയിച്ചു.

ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും തീരുമാനം ശരിവച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലന്ന് ഹൈക്കോടതി അറിയിച്ചു. എന്നാല്‍ അടുത്ത തവണ മുതൽ നേരത്തെ വിജ്ഞാപനം ചെയ്യണമെന്നും നിർദ്ദേശിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം തുടർച്ചയായി മൂന്നാം തവണയും സംവരണമാവുന്നതിനെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ പി മൂത്തേടമാണ് ഹൈക്കോടതിയെ സമീപിക്കുകയും സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തത്. വിധിയിലൂടെ മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി പൊതു വിഭാഗത്തിന് നൽകാൻ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

അധ്യക്ഷ പദവി തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണന്നും രണ്ടുതവണ സംവരണം ചെയ്ത സ്ഥാപനങ്ങള്‍ പൊതു വിഭാഗത്തിനായി ക്രമപ്പെടുത്തണമെന്നായിരുന്നു സിംഗിള്‍ ബഞ്ച് നിര്‍ദേശം. എന്നാല്‍ ഇത് നടപ്പാക്കിയാല്‍ അധ്യക്ഷസ്ഥാനങ്ങളിലേക്കുളള പൊതുവിഭാഗത്തിലെ സ്ത്രീസംവരണം 50 ശതമാനത്തില്‍ താ‍‍ഴെയാകുമെന്നാണ് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിലയിരുത്തിയത്.

പിന്നാലെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഈ ഘട്ടത്തില്‍ ഇടപെടരുതെന്നും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍ അപ്പീല്‍ നല്‍കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. കോടതി ഇടപെടല്‍ വോട്ടര്‍മാരിലും സ്ഥാനാര്‍ത്ഥികളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ആശയക്കുഴപ്പമുണ്ടാകും.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാല്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ മാസം 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയെന്നും പതിനാറിന് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ഇടപെടലാണെന്നും കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here