രണ്ടുവര്‍ഷം തന്നെ പരിശീലിപ്പിച്ച ട്രെയിനറെ പിരിയാന്‍ സമ്മതിക്കാത്ത മിലിട്ടറി നായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൂന്ന് വയസുള്ള ഗോള്‍ഡന്‍ റിട്രീവര്‍ നായയാണ് ട്രെയിനര്‍ ജിയ ചുവാന്‍ ക്യാംപില്‍നിന്ന് മടങ്ങുമ്പോള്‍ തന്‍റെ പരിശീലകനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.
ചൈനയിലെ സൈനിക ക്യാംപില്‍നിന്നുള്ള ദൃശ്യത്തില്‍ ക്യാംപിന്‍ നിന്ന് മടങ്ങുന്ന പരിശീലകന്റെ പിന്നാലെ ഓടുന്ന ഡാ മാവോ എന്ന വിളിപ്പേരുള്ള നായയെ കാണാനാകും. ജിയ പോകുന്നത് കണ്ട് ഡാ മാവോ പുറകിലൂടെ ഓടിയെത്തി കെട്ടിപ്പിടിക്കുന്നതും, കൈകാലുകള്‍ കൊണ്ട് ചുറ്റിപ്പിടിച്ച് മുന്നോട്ട് പോകാന്‍ വിസമ്മതിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഒടുവില്‍ മറ്റൊരു സൈനികനെത്തിയാണ് ഇരുവരെയും വേര്‍പെടുത്തിയത്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുകയാണിപ്പോള്‍.
എട്ട് വര്‍ഷമായി ചൈനീസ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ജിയ കഴിഞ്ഞ രണ്ട് വര്‍ഷമായി മാവോയും ഹാന്‍ഡ്‌ലറായിരുന്നു. ഇരുവരും തമ്മില്‍ ശക്തമായ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തില്‍ നിന്ന് ജിയ അടുത്തിടെ വിരമിക്കാനിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായി ജിയ ക്യാംപില്‍നിന്ന് പോകാന്‍ ഒരുങ്ങുമ്പോഴാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായയത്.
ഒന്നിലധികം തവണ അവരെ വേര്‍പെടുത്താന്‍ ശ്രമിച്ചിട്ടും, മാവോ സമ്മതിക്കാതെ ഓടി ജിയയുടെ മുന്നിലെത്തി. കോച്ചിന്റെ കൈകളിലേക്ക്, കൈകാലുകള്‍ ചുറ്റിപ്പിടിച്ച്, ജിയയോട് പുറത്തുപോകുന്നത് തടയാനുള്ള ആംഗ്യവും നായ കാട്ടുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.