വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കേസില്‍ മുന്‍മന്ത്രിയെ വിശദമായ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്. ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിയുന്ന ഇബ്രാഹിംകുഞ്ഞിന് ഡിസ്ച്ചാര്‍ജ് ചെയ്ത ശേഷം വീണ്ടും ജാമ്യഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തളളിയത്. ചികിത്സയില്‍ ക‍ഴിയുന്ന ഇബ്രാഹിംകുഞ്ഞിന് ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് ആയതിന് ശേഷം വീണ്ടും ജാമ്യഹര്‍ജിയുമായി സമീപിക്കാമെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്ന് എന്തിന് പുറത്തുകടക്കണമെന്ന് വാദത്തിനിടെ ഇബ്രാഹിംകുഞ്ഞിനോട് കോടതി ചോദിച്ചിരുന്നു. പാലം നിര്‍മ്മാണത്തിന് കരാര്‍ കമ്പനിക്ക് തുക മുന്‍കൂറായി അനുവദിച്ചതില്‍ തെറ്റില്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ച മറ്റൊരു വാദം. തുക മുന്‍കൂറായി അനുവദിക്കുന്നതില്‍ പുതുമയില്ലെന്നും ഇത് ഉദ്യോഗസ്ഥരാണ് തീരുമാനിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മന്ത്രി വെറും റബ്ബര്‍ സ്റ്റാമ്പാണോ എന്നും കോടതി വിമര്‍ശിച്ചു.

RDSന് കരാറ് കൊടുത്തതില്‍ തന്നെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മസ്കറ്റ് ഹോട്ടലില്‍ ആണ് ഈ ഗൂഢാലോചന നടന്നത്. മറ്റുള്ള കോണ്‍ട്രാക്ട് പോലെ ഇതിനെ കാണാന്‍ സാധിക്കില്ലെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ പറഞ്ഞു. ക‍ഴിഞ്ഞ തവണ ഇബ്രാഹിം കുഞ്ഞിനെ മൂന്ന് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ സാധിച്ചത്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യം നിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News