കർഷക സമരം അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ; സമരത്തിലില്ലാത്ത സംഘടനകളുമായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ച നടത്തി

കർഷക സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. സമരത്തിലില്ലാത്ത സംഘടനകളുമായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ച നടത്തി.

ബിജെപി അനുകൂല നേതാക്കളെ കൊണ്ടും സമരത്തില്ലാത്ത സംഘടനകളെ കൊണ്ടും കാർഷിക നിയമങ്ങളെ പിന്തുണക്കുന്നുവെന്ന് പറയിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. സമരത്തിലുള്ള കർഷകരെ തെറ്റിദ്ധരിപ്പിക്കാനും, സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സമരത്തിന് നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി ചൂണ്ടിക്കാട്ടി.

കർഷക പ്രക്ഷോഭം തുടങ്ങിയത് മുതൽ സമരത്തെ പരാജയപ്പെടുതാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. തുടക്കത്തിൽ പഞ്ചാബിൽ നിന്നുള്ള സംഘടനകൾ മാത്രമാണ് സമര രംഗത്തുള്ളതെന്നും പഞ്ചാബിലെ സംഘടനകളെ മാത്രം ചർച്ചക്ക് വിളിച്ചു സംഘടനകൾക്കുള്ളിൽ വിള്ളലുണ്ടാക്കാനും ശ്രമിച്ചു. എന്നാൽ ആ നീക്കം പരാജയപ്പെട്ടതോടെ പുതിയ നീക്കങ്ങൾ. സമര രംഗത്തില്ലാത്ത അഖിലേന്ത്യ കിസാൻ ഏകോപന സമിതിയിലെ 10 സംഘടനകളുമായി കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ച നടത്തി.

എന്നാൽ സമര രംഗത്തുള്ള 500ലധികം സംഘടനകൾ അണിനിരന്നിരിക്കുന്നത് അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ എന്നതാണ് വസ്തുത.ഇത്തരം നീക്കത്തിലൂടെ കർഷകരെയും, ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുക എന്നത് മാതാരമാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

ഉത്തരാഖണ്ഡിൽ നിന്നാടക്കമുള്ള ബിജെപി അനുകൂല നേതാക്കളെ വിളിച്ചു വരുത്തി കാർഷിക നിയമങ്ങൾക്കുള്ള പിന്തുണ പ്രഖ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്. കർഷക സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ എംഎസ്പിയുടെ കാര്യത്തിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കർഷകർ വിമർഷിക്കുന്നു. അതിനിടയിൽ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here