കര്‍ഷക സമരം 20-ാം ദിവസത്തില്‍; ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം തുടരുന്നു; സമരം ചെയ്യുന്ന കര്‍ഷകരെ വിഘടിപ്പിക്കാന്‍ കേന്ദ്ര നീക്കം

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരം 20-ാം ദിവസത്തില്‍. ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം തുടരുകയാണ്. ഇതിനിടെ സമരം ചെയ്യുന്ന കര്‍ഷകരെ വിഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കമുണ്ട്. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കര്‍ഷക സമരത്തോട് മുഖംതിരിക്കുന്നെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

എല്ലാ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച്ച നിരാഹാര സമരം നടന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരുന്നു. സിംഘു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു.

പ്രതിഷേധക്കാരുടെ ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം ഇന്നും തുടരുകയാണ്. അതേസമയം, ആറാം വട്ട ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും 40 കര്‍ഷക യൂണിയനുകളുടെ പ്രതിനിധികളും തമ്മില്‍ കഴിഞ്ഞ അഞ്ച് തവണ നടന്ന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരുന്നു.

രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതല്‍ കര്‍ഷകര്‍ ഉപരോധിച്ചുതുടങ്ങിയിരുന്നു. രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ പോലീസും അര്‍ദ്ധസൈനിക വിഭാഗവും ചേര്‍ന്ന് കര്‍ഷക മാര്‍ച്ച് തടഞ്ഞു. ചര്‍ച്ചയ്ക്കുള്ള ക്ഷണം സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും നിയമം പിന്‍വലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ റദ്ദാക്കിയാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.

അതേസമയം, പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലക്ഷിമിന്ദര്‍ സിങ് ജാക്കര്‍ രാജിവച്ചു. പൊലീസ് ഉദ്യോഗസ്ഥനാകുന്നതിന് മുമ്പ് താനൊരു കര്‍ഷകനായിരുന്നെന്നും തനിക്ക് കിട്ടിയ എല്ലാ സ്ഥാനമാനങ്ങളും തന്റെ പിതാവ് കൃഷിയടത്തില്‍ പണിയെടുത്തതിന്റെ ഫലമാണെന്നും അതുകൊണ്ട് കൃഷിക്കായി എന്തും ചെയ്യുമെന്ന് പറഞ്ഞാണ് ലക്ഷിമിന്ദറിന്റെ രാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News