ശബരിമല തീർത്ഥാടനത്തിന്‍റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി. ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

നവംബർ 16ന് ആരംഭിച്ച ശബരിമല തീർത്ഥാടനത്തിൽ ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും 3 മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഈ സമയം പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളില്‍ വര്‍ധനവുണ്ടായി. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുതുക്കിയത്.

ശബരിമലയിൽ എത്തുന്ന എല്ലാവരും കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. നിലവിൽ ആന്‍റിജൻ പരിശോധനയാണ് നടത്തിയിരുന്നത്.

എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം ഐസിഎംആറിന്‍റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.

സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം.

തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്നും മാർഗനിർദേശം ചൂണ്ടിക്കാട്ടുന്നു.നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News