മിക്ക സംസ്ഥാനങ്ങളിലും 60% നു മുകളിൽ ജനങ്ങൾക്കും കോവിഡ് ബാധിച്ചു കഴിഞ്ഞു എന്നാണ് മനസിലാക്കാൻ കഴിയുന്നത്:ആരോഗ്യ വിദഗ്ധൻ ഡോ. എസ്‌.എസ്‌. സന്തോഷ്‌കുമാർ എഴുതുന്നു

കോവിഡ് മഹാമാരി ലോകത്തെ കാൽക്കീഴിലാക്കിയിട്ട് ഒരു വർഷം പിന്നിടുന്നു. നിരന്തരമായ ലോക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം ഏതാണ്ടൊക്കെ നിർജീവമായ ഒരു വർഷമാണ് നമ്മെ കടന്നുപോകുന്നത്. ഇനിയും ഇതിനൊരു അറുതിവന്നിട്ടില്ല. പല രാജ്യങ്ങളിലും രണ്ടാംതരംഗം പൊട്ടിപ്പുറപ്പെടുന്നു.

ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഒരു കാലഘട്ടത്തിൽ, ദീർഘകാലം മനുഷ്യരാശിക്ക് അതിജീവിക്കേണ്ടിവന്ന ഒന്നായിട്ടായിരിക്കും ചരിത്രം കോവിഡിനെ രേഖപ്പെടുത്തുക. വാക്സിനുകൾ വരുന്നതോടുകൂടി മാത്രമേ കോവിഡ്-19 മഹാമാരിയെ പൂർണമായും ലോകത്തിന് വരുതിയിലാക്കാൻ സാധിക്കുകയുള്ളൂ എന്ന സത്യം നാം തിരിച്ചറിഞ്ഞുകഴിഞ്ഞു.ഏറ്റവും ലളിതവും വിശദവുമായി കോവിഡ് വാക്ക്സിനുകളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാർ പറയുന്നത് ഇങ്ങനെ .

എന്തായാലും മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാക്സിനെത്തുകയാണെന്നതും 2021 പുലരുന്നത് കോവിഡിനെതിരായ വ്യാപകമായ വാക്സിനേഷനോടെയായിരിക്കുമെന്നതും ശുഭപ്രതീക്ഷ നൽകുന്ന വിവരമാണ്.

ടെറ്റനസ്, വില്ലൻചുമ, ഡിഫ്തീരിയ, മീസിൽസ്, പോളിയോ, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കെതിരേ വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. രോഗമുണ്ടാക്കുന്ന അണുക്കളെ നിർവീര്യമാക്കിയോ ശേഷി കുറച്ചോ ശരീരത്തിൽ ഏതെങ്കിലും വിധത്തിൽ കടത്തിവിടുന്നതാണ് ഈ വാക്സിനുകൾ. ഇവയെ ക്ലാസിക്കൽ വാക്സിനുകളെന്നാണ് വിശേഷിപ്പിക്കുന്നത്. നിർവീര്യമായവയാണെങ്കിൽപോലും ശരീരം വാക്സിനുകളിലെ രോഗാണുഘടകങ്ങളെ തിരിച്ചറിയുകയും അതിനെതിരേ പ്രതിരോധം തീർക്കാൻ ആന്റിബോഡികളോ സെൽ മീഡിയേറ്റഡ് ഇമ്യൂണിറ്റിയോ സൃഷ്ടിക്കുകയും ചെയ്യും.

ആന്റിബോഡിയെന്നാൽ പ്രോട്ടീനുകളാണ്. ശരീരത്തിന് ഒരു പ്രത്യേക വൈറസിനോടോ രോഗാണുക്കളോടോ പ്രതിരോധശേഷി ഉണ്ടാക്കുകയാണ് അവ ചെയ്യന്നത്. സെൽ മീഡിയേറ്റഡ് ഇമ്യൂണിറ്റി അല്പംകൂടി സങ്കീർണമാണ്. വാക്സിനിലൂടെ ഉള്ളിലെത്തുന്ന രോഗാണുക്കളുമായി പ്രതിപ്രവർത്തിച്ച് ടി-സെല്ലുകൾ രൂപംകൊള്ളുകയും പിന്നീട് ശരീരത്തിൽ കയറുന്ന യഥാർഥരോഗാണുക്കളെ ഇവ പലരീതിയിൽ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയുമാണ് ചെയ്യുന്നത്. വാക്സിനുകളുടെ പ്രവർത്തനത്തെ പ്രാഥമികമായും ലളിതമായും ഇങ്ങനെയേ വിശദീകരിക്കാനാകൂ.

നവജാത ശിശുക്കൾക്ക് നിശ്ചിത പ്രായ ഇടവേളകളിൽ ഈ പ്രതിരോധ മരുന്നുകളെല്ലാം നൽകുന്നതിലൂടെയാണ് ഭാവി തലമുറകളെ രോഗവിമുക്തമാക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുന്നത്. കുട്ടികൾക്ക് നിർദേശാനുസരണം പ്രതിരോധവാക്സിനുകൾ കൃത്യമായി നൽകണമെന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം ഓർമിപ്പിക്കുന്നതും ഇതിനാലാണ്. രോഗം വരാതിരിക്കുക എന്നതിനുമപ്പുറം പകർത്താതിരിക്കുക എന്നതുകൂടിയാണ് വാക്സിനേഷന്റെ ലക്ഷ്യം.

കോവിഡിനെതിരേ പലതരത്തിലുള്ള വാക്സിനുകളെപ്പറ്റി വാർത്തകൾ പൂറത്തുവരുന്നുണ്ട്. ഇതിൽ ഏതു വാക്സിനാണ് കൂടുതൽ ഫലപ്രദമെന്നും ചെലവു കുറഞ്ഞരീതിയിൽ ആളുകളിലേക്കെത്തിക്കാനാകുകയെന്നുമാണ് ആരോഗ്യരംഗവും ഭരണസംവിധാനങ്ങളും നിരീക്ഷിച്ചുവരുന്നത്. ആസ്ട്രാെസനെക്ക ഓക്സ്‌ഫഡ്, ഫൈസർബയോൺടെക്, മോഡേണ എന്നിവയാണ് കോവിഡിനെതിരേ വാക്സിനുകൾ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രധാന കമ്പനികൾ. സ്ഫുട്‌നിക് എന്ന പേരിൽ റഷ്യ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദമായ പരീക്ഷണഫലങ്ങൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് അനുമതി നൽകിയിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ ആണ് ഇന്ത്യയുടെ വാക്സിനെന്നു പറയാം.

ഫൈസർ ബയോൺടെക്കിന്റെ വാക്സിനും ആസ്ട്രസെനെക്ക-ഓക്സ്‌ഫഡിന്റെ കോവിഷീൽഡും ഭാരത്‌ ബയോടെക്‌ കോ വാക്സിനും ആയിരിക്കും ഇന്ത്യയിൽ ആദ്യം ഉപയോഗിച്ചുതുടങ്ങുക. ഈ മൂന്ന്‌ വാക്സിനുകളുടെയും ഉപയോഗത്തിനായുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. രണ്ടും അടുത്ത ആഴ്ച അനുവദിക്കപ്പെടാനാണ് സാധ്യത. ഫൈസർ ബയോൺ ടെക് വാക്സിൻ ബ്രിട്ടനിൽ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ആസ്ട്രസെനെക്ക-ഓക്സ്‌ഫഡ് ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കോവിഷീൽഡ് എന്ന പേരിലാണ് വാക്സിൻ പുറത്തിറക്കുന്നത്.

ഇതുവരെ വികസിപ്പിച്ച പ്രധാനപ്പെട്ട മൂന്നു വാക്സിനുകളും പതിവു ക്ലാസിക് വാക്സിനുകളിൽനിന്ന് വ്യത്യസ്തമായവയാണ്. ആസ്ട്രാെസനെക്ക-ഓക്സ്‌ഫഡ് വാക്സിൻ അഥവാ കോവിഷീൽഡ് ഒരു ഡി.എൻ.എ. വാക്സിനാണ്. കോവിഡ് രോഗാണുവിനെ നേർപ്പിച്ചോ നിർവീര്യമാക്കിയോ അല്ല ഇതുണ്ടാക്കുന്നത്. മനുഷ്യശരീരത്തിൽ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത ചിമ്പാൻസി അഡിനോ വൈറസിന്റെ സഹായമാണ് ഇതിനുപകരം ഉപയോഗിക്കുന്നത്.

കൊറോണ വൈറസ് ശരീരകോശങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നത് മുള്ളുകൾപോലെ ഉയർന്നുനിൽക്കുന്ന പ്രോട്ടീൻ നിർമിതമായ പ്രത്യേക ഭാഗങ്ങൾ (സൈക്) ഉപയോഗിച്ചാണ്. ഇവയുടെ ഡി.എൻ.എ. കോഡുകൾ ജനറ്റിക് എൻജിനിയറിങ്‌ വഴി ഉത്‌പാദിപ്പിക്കുന്നു. ചിമ്പാൻസി അഡിനോ വൈറസിന്റെ ഡി.എൻ.എ. യിലെ ഭാഗങ്ങൾ നീക്കംചെയ്ത് അവിടെ ജനറ്റിക് എൻജിനിയറിങ്ങിലൂടെ ഉത്‌പാദിപ്പിച്ച കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീൻ ഡി.എൻ.എ. കോഡുകൾ സംയോജിപ്പിച്ചാണ് ആസ്ട്രസെനെക്ക-ഓക്സ്‌ഫഡ് വാക്സിൻ ഉണ്ടാക്കുന്നത്. ഡി. എൻ.എ. വാക്സിനുകൾ രണ്ടുമുതൽ എട്ടുവരെ സെന്റിഗ്രേഡ് താപനിലയിൽ സാധാരണ ഫ്രിഡ്ജുകളിൽ സൂക്ഷിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ബ്രസീലിലെ ഏകദേശം ഒൻപതിനായിരം പേരിലും യു.കെ.യിൽ മൂവായിരം പേരിലും ഈ വാക്ലിൻ പരീക്ഷിച്ചിരുന്നു. ബ്രസീലിൽ വാക്സിൻ സ്വീകരിച്ച 62 ശതമാനവും യു.കെ.യിൽ 90 ശതമാനവും രോഗപ്രതിരോധശേഷി ആർജിച്ചതായാണ് കണ്ടെത്തിയത്. ഇന്ത്യയിലെ പരീക്ഷണത്തിൽ 90 ശതമാനത്തിനുമേൽ ഫലപ്രാപ്തി ലഭിച്ചതായാണ് കമ്പനി പറയുന്നത്. 50 ശതമാനത്തിനുമേൽമാത്രം ഫലപ്രദമാണെങ്കിൽപ്പോലും അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ നൽകാൻ അനുവാദമുണ്ട്.

ഫൈസർ ബയോൺടെക്, മോഡേണ വാക്സിനുകൾ എം.ആർ.എൻ.എ. വാക്സിനുകളാണ്. വൈറസിന്റെ സൈക്കുകളിലെ എം.ആർ.എൻ.എ. എന്ന ഘടകമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശരീരകോശത്തിലെ ന്യൂക്ലിയസിന് ഉള്ളിലുള്ള ഡി.എൻ.എ.യും പുറത്ത് പ്രോട്ടീനുണ്ടാക്കുന്ന ഘടകമായ റൈബോസോമും തമ്മിൽ പ്രോട്ടീനുണ്ടാക്കാനുള്ള സന്ദേശം കൈമാറുന്ന ആർ.എൻ.എ. ആണ് എം.ആർ.എൻ.എ. ഡി. എൻ.എ. അതിന്റെ ഏതെങ്കിലും ചെറിയ ഭാഗത്തുനിന്ന് ഒരു എം.ആർ.എൻ.എ. ഉണ്ടാക്കുകയും അവ പുറത്തുകടന്ന് റൈബോസോമുമായി കൂടിച്ചേർന്ന് പ്രോട്ടീൻ ഉണ്ടാക്കുകയുമാണ് സാധാരണയായി ചെയ്യുന്നത്.

എം.ആർ.എൻ.എ.യിൽ കോഡു ചെയ്യപ്പെട്ടിരിക്കുന്നതിനനുസരിച്ചള്ള പ്രോട്ടീനുകളാണ് റൈബോസോം ഉത്‌പാദിപ്പിക്കുക. അതു ചിലപ്പോൾ ആന്റിബോഡി ആയിരിക്കും. ന്യൂക്ലിയസിനുള്ളിൽനിന്ന് പുറത്തുവരുന്ന സാധാരണ എം.ആർ.എൻ.എ.ക്കു പകരം കൃത്രിമമായി ഒരു എം.ആർ.എൻ.എ. കടത്തിവിടുകയാണ് ഇത്തരം വാക്സിനുകളിൽ ചെയ്യുക. കൊഴുപ്പു കുമിളകൾക്കുള്ളിൽ (Lipid bilayer) കൊറോണ വൈറസിന്റെ െെസ്പക് പ്രോട്ടീനിനെ കോഡുചെയ്യുന്ന ഭാഗങ്ങൾ എം. ആർ.എൻ.എ. രൂപത്തിലാക്കി ശരീരത്തിൽ കടത്തിവിടുമ്പോൾ റൈബോസോം െെസ്പക് പ്രോട്ടീനിന്റെ പല ഘടകങ്ങളെ ഉത്‌പാദിപ്പിക്കും അവ വൈറസായി തിരിച്ചറിഞ്ഞ് ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

വിവിധ പ്രായത്തിലും വർഗത്തിലുംപെട്ട 30,000 പേരിൽ ഈ വാക്സിനുകൾ പരീക്ഷിച്ചിട്ടുണ്ട്. ഫൈസർ വാക്സിൻ 90 ശതമാനവും മോഡേണ 94.5 ശതമാനവും ഫലപ്രാപ്തിയുള്ളതായാണ് തെളിഞ്ഞിരിക്കുന്നത്. എം.ആർ.എൻ.എ. വാക്സിനുകൾ മൈനസ് 20 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്ന താപനിലയിൽ മാത്രമേ കൈകാര്യം ചെയ്യാനാകൂ.

ഇന്ത്യയിൽ ആദ്യം ലഭിക്കാൻ ഏറ്റവുമധികം സാധ്യത തെളിഞ്ഞ കോവിഷീൽഡ് ലാഭമുണ്ടാക്കാനല്ല ഉത്‌പാദിപ്പിക്കുന്നതെന്ന് നിർമാതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷനും മറ്റും ഇത് സ്പോൺസർ ചെയ്യുന്നുമുണ്ട്. ലോകത്താകമാനം വിതരണം ചെയ്യാനായി ഏകദേശം മൂന്നു ബില്യൺ ഡോസുകളാണ് തയ്യാറാകുന്നത്. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളിലേക്ക് ഇതായിരിക്കും ആദ്യമെത്തുക. ഫൈസർ ബയോൺടെക്കിനും മോഡേണയ്ക്കും വില കൂടുതലാണ്. പ്രതിരോധത്തിന് ആവശ്യമായ രണ്ടുഡോസിനുംകൂടി 20,000 രൂപയ്ക്കായിരിക്കും ഫൈസർബയോൺടെക് വാക്സിൻ ഇന്ത്യയിൽ വിപണിയിലെത്തിക്കുക. ഇത് സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യാനാണ് സാധ്യത. ഇത്രയും പണം നൽകി വാക്സിൻ എടുക്കാനാകുന്നവർക്ക് സ്വകാര്യ ആശുപത്രികൾ വഴി ഫൈസർ ബയോൺടെക് വാക്സിൻ സ്വീകരിക്കാനായേക്കും.

ഫൈസർ ബയോൺടെക്, മോഡേണ വാക്സിനുകൾക്ക് ഏറെ താഴ്ന്ന താപനില നിലനിറുത്താൻ (Cold Chain) പണച്ചെലവു കൂടുതലായതിനാലാണ് വിലയും കൂടുന്നത്. ഇവ ഉത്‌പാദനകേന്ദ്രത്തിൽനിന്ന് ശീതശൃംഖലയിലേക്ക് മാറ്റിക്കഴിഞ്ഞാൽ ആളുകളിലെത്തുംവരെ അഞ്ചുതവണയിൽ കൂടുതൽ ഒരു ഫ്രീസറിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാനുമാകില്ല. കോവിഷീൽഡ് 1000 മുതൽ 1400 രൂപയ്ക്കുവരെ ഇന്ത്യയ്ക്കു ലഭിക്കുമെന്നാണ് നിഗമനം. കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞാൽ പിന്നെ ഇരുപത്തെട്ടാമത്തെ ദിവസം രണ്ടാമത്തെ ഡോസ് എടുക്കണം. ഫൈസർ ബയോൺടെക്കിന്റേത് 22 ദിവസത്തെ ഇടവേളകളിലാണ് രണ്ടു ഡോസ് കൊടുക്കുന്നത്. 29 ദിവസത്തെ ഇടവേളയിലാണ് മോഡേണ വാക്സിൻ ശരീരത്തിൽ കുത്തിവെക്കേണ്ടത്. രണ്ടു ഡോസും സ്വീകരിച്ചാൽ മാത്രമേ ശരീരത്തിൽ രോഗപ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ. അതായത് ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയ്ക്കുള്ള സമയത്തും മാക്സിമം സാമൂഹിക അകലവും സാനിെറ്റെസേഷനും ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കണമെന്നർഥം.

ഭാരത് ബയോടെക് എന്ന ഇന്ത്യൻ കമ്പനി ഉത്‌പാദിപ്പിക്കുന്ന കോവാക്സിൻ ജീവനില്ലാത്ത വൈറസുകളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ക്ലാസിക് വാക്സിനാണ്. സാർസ്-2 കോവിഡ് വൈറസിനെയാണ് ഇതിനായി ഉപയോഗിക്കുന്നത്. വാക്സിനോടൊപ്പം പ്രതിരോധശേഷി കൂട്ടാനുള്ള അഡ്ജുവന്റുകളും ചേർക്കുന്നു. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ 12 സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. കോവാക്സിന്റെ ഫലപ്രാപ്തി ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നതിനാൽ അതേപ്പറ്റി ഇപ്പോഴൊരു നിഗമനത്തിലെത്തുക സാധ്യമല്ല. ഈ വാക്ലിനുകളുടെയെല്ലാം പ്രതിരോധശേഷി എത്രകാലം നീണ്ടുനിൽക്കുമെന്നകാര്യത്തിൽ ഇപ്പോഴും കൃത്യമായ ധാരണയില്ല. അതുകൊണ്ടുതന്നെ ഇടക്കാലത്ത് പ്രതിരോധശേഷി വീണ്ടും പരീക്ഷിച്ച് ബൂസ്റ്റർ ഡോസുകൾ നൽകേണ്ടിവന്നേക്കാം. ഹ്രസ്വകാല പ്രശ്നങ്ങളൊന്നും ഈ വാക്ലിനുകൾ ഉണ്ടാക്കില്ല. ദീർഘകാല പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടാകുമോ എന്ന കാര്യം നിരീക്ഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ. വാക്സിനിൽ വൈറസ് ഒരു ഘടകമല്ലാത്തതിനാൽ ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിഗമനം.

നമ്മുടെ നിലവിലുള്ള കണക്കുകൾ അനുസരിച്ചു സമൂഹത്തിൽ 55 ശതമാനം ജനങ്ങൾക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞാൽ രോഗം പടരുന്ന നിരക്ക് കുറഞ്ഞു വരുന്നതായാണ് കണ്ട് വരുന്നത്. ഇപ്പോൾ ലഭ്യമായ പരിമിതമായ സിറോ പ്രിവലൻസ് പഠനങ്ങൾ വച്ചു നോക്കുമ്പോൾ മിക്ക സംസ്ഥാനങ്ങളിലും 60% നു മുകളിൽ ജനങ്ങൾക്കും കോവിഡ് ബാധിച്ചു കഴിഞ്ഞു എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

വാക്സിനുകളുടെ ദീർഘാകാല പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടത് ആവശ്യമായതിനാൽ, വിശദമായ ഒരു സീറോ പ്രിവലൻസ് പഠനങ്ങൾ കഴിഞ്ഞിട്ട് വാക്സിനുകൾക്ക് അനുമതി നൽകിയാൽ പോരെ എന്ന വാദം വിദഗ്ധർക്കിടയിൽ ഉണ്ട് എന്നുള്ളത് സത്യമാണ്. 60ശതമാനത്തിന് മുകളിൽ ജനങ്ങൾക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായ community immunity ( സാമൂഹിക രോഗ പ്രതിരോധ ശേഷി ) ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം. ഒരു പക്ഷെ വാക്സിനുകളെ കുറിച്ചുള്ള കൂടുതൽ പഠനങ്ങക്ക് ഇത് കൊണ്ട് സമയം ലഭിച്ചു എന്ന് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News