ഹൈക്കോടതിയിലെ ഐടി സെല്ലിലെ നിയമനം; ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലന്ന് രജിസ്ട്രാർ ജനറൽ

ഹൈക്കോടതിയിലെ ഐടി സെല്ലിലെ നിയമനത്തില്‍ ബാഹ്യഇടപെടല്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രര്‍ ജനറല്‍. എം ശിവശങ്കര്‍ ഇടപെട്ടുവെന്ന രീതിയില്‍ പ്രമുഖ ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഔദ്യോഗികമല്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ചീഫ് ജസ്റ്റിസിന്‍റെ അറിവോടെയാണ് ഐടി ഉദ്യോഗസ്ഥരുടെ നിയമനമെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കി

ഹൈക്കോടതി രജിസ്ട്രര്‍ ജനറല്‍ സോഫി തോമസ് ആണ് ഐടി സെല്ലിലെ നിയമനം സംബന്ധിച്ച് വസ്തുതകള്‍ വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഹൈക്കോടതിയിലെ ഐടി നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടെന്നും ഹൈ ലെവല്‍ ഐടി ടീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണെന്നുമായിരുന്നു സംസ്ഥാനത്തെ പ്രമുഖ ദിനപത്രം തലക്കെട്ടായി വാര്‍ത്ത നല്‍കിയത്.

എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമല്ലെന്നും അടിസ്ഥാന രഹിതമാണെന്നും ഹൈക്കോടതി രജിസ്ട്രര്‍ വ്യക്തമാക്കുന്നു. ഹൈക്കോടതിയിലെ ഐടി സെല്ലിലെ നിയമനത്തില്‍ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ജഡ്ജസ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നിയമനങ്ങള്‍ നടന്നത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്യത്തിലുള്ള സമിതിയാണ് അഭിമുഖവും നടത്തിയത്. ഈ പ്രക്രിയയില്‍ ശിവശങ്കറിന് യാതൊരു പങ്കുമില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വ്യക്തമാക്കി.

യോഗ്യതാ നിര്‍ണയം ഉള്‍പ്പെടെ നിയമനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുളള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ (എന്‍ഐസി)യെ പൂര്‍ണമായും ഒ‍ഴിവാക്കിയെന്നായിരുന്നു മറ്റൊരു നുണപ്രചരണം. എന്നാല്‍ എന്‍ഐസിയെ ഒ‍ഴിവാക്കാന്‍ ശ്രമം നടന്നിട്ടില്ലെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. എൻ ഐ സി ക്ക് ഹൈക്കോടതിയുടെ ആവശ്യത്തിനനുസരിച്ച് സേവനം നൽകാൻ കഴിയില്ലന്ന് സർക്കാർ റിപോർട്ടും നൽകിയിട്ടില്ല.

ഹൈക്കോടതിയിൽ നിയമിതരായവർ എൻഐ സി യുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും രജിസ്ട്രാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കിയിട്ടും ഇത് തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രജിസ്ട്രാര്‍ ജനറലിന് ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here