
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്‌മ മറിയം റോയിക്ക് വിജയം. പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു രേഷ്‌മ. 70 വോട്ട് ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
കോന്നി വിഎൻഎസ് കോളേജിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്‌മ എസ്‌എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു. തുടർ പഠനത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രേഷ്‌മയെ തേടി ഇലക്ഷൻ എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടിൽ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രേഷ്‌മ. നിലവിൽ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.
നാമനിർദേശ പത്രിക സമർപ്പിക്കാൻ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാർഥിയാണ് രേഷ്‌മ. നവംബർ 18 നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുൻപായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിർദേശ പത്രിക സമർപ്പിച്ചത്.
രേഷ്‌മ മത്സരിച്ച 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്‌മ കോൺഗ്രസിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. “കുറച്ചുകൂടെ പ്രായവും പഠിപ്പുമൊക്കെ ആയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പോരെ” എന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് വിജയത്തോടെ മറുപടി നൽകുകയാണ് രേഷ്‌മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here