നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിത്; കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടി: മുഖ്യമന്ത്രി

നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ വന്ന ഫലം വന്നതനുസരിച്ച് ഇടതുമുന്നണിക്ക് ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ത്തിയായി. ഇതുവരെ വന്ന ഫലം വന്നതനുസരിച്ച് ഇടതുമുന്നണിക്ക് ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത്. ഇത് ജനങ്ങളുടെ വിജയം.

നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയം. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടി. ഇവിടെ സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയര്‍ ഉചിതമായ മറുപടി നല്‍കി.

യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുന്നു. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞു. എന്തെല്ലാം അവകാശവാദങ്ങളാണ് അവരുയര്‍ത്തിയത്. അതുപോലെ വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്നും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റം നേടി. ഏഴ് വീതം ജില്ലാ പഞ്ചായത്തുണ്ടായിരുന്നതില്‍ നിന്ന് 11 ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നു.

കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ജയിച്ചത്. ഇത്തവണ 108 ആയി. കോര്‍പ്പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് വിജയിച്ച് എല്‍ഡിഎഫ് വന്‍ മുന്നേറ്റം നേടി. 941 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ നേടാനായി.

ഇതിലൊക്കെ ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്‌ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് പാലിച്ചാണ് 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചത്.

മുനിസിപ്പിലിറ്റികളുടെ കാര്യത്തിലാണ് നഷ്ടം. കഴിഞ്ഞ തവണ 48 ഇത്തവണ 35.കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോയി.

എന്നാല്‍ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വന്‍ വിജയം നേടി. ഏതെങ്കിലും ഒറ്റപ്പെട്ട മേഖലയിലോ പ്രദേശത്തോ മാത്രമുള്ള മുന്നേറ്റമല്ല. സംസ്ഥാനത്തുടനീളം എല്ലായിടത്തും എല്‍ഡിഎഫ് സമഗ്ര ആധിപത്യം നേടി. ജനം കലവറയില്ലാത്ത പിന്തുണ നല്‍കി.

അതില്‍ എല്ലാ വിഭാഗക്കാരും എല്ലാ പ്രദേശക്കാരുമുണ്ട്. നാടിന്റെ പ്രത്യേകത വെച്ചാല്‍ വിവിധ ജാതി മത വിഭാഗങ്ങളെല്ലാമുണ്ട്. ഒരു ഭേദവുമില്ലാതെ എല്‍ഡിഎഫിനെ പിന്താങ്ങുന്ന നിലയുണ്ടായി.

വ്യത്യസ്ത മേഖലയെന്ന് തോന്നുന്ന എല്ലായിടത്തും വലിയ സ്വീകാര്യതയോടെ ജനം എല്‍ഡിഎഫിനെ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇത് കേരള ജനതയുടെ വിജയമാണ്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസും യുഡിഎഫും ദയനീയമായി പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News