പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

എറണാകുളം ജില്ലയില്‍ ആശ്വാസജയം നേടിയ യുഡിഎഫിന് വന്‍ തിരിച്ചടിയായി കൊച്ചി കോര്‍പറേഷന്‍ ജനവിധി. പത്ത് വര്‍ഷത്തിന് ശേഷം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. നഗരസഭകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ലീഡ് നേടാനായത് യുഡിഎഫിന് ആശ്വാസമായി.

എറണാകുളം ജില്ലയിലെ പ്രധാന പോരാട്ടമായിരുന്ന കൊച്ചി കോര്‍പറേഷനില്‍ ഹാട്രിക് ജയം പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. നഗരത്തിലെ ഭരണവിരുദ്ധ വികാരവും അഴിമതിയും വോട്ടായി മാറിയപ്പോള്‍ 74 ഡിവിഷനുകളില്‍ 34 സീറ്റ് നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

യുഡിഎഫ് 31 സീറ്റുകള്‍ നേടിയപ്പോള്‍, വിമര്‍തര്‍ നാല് സീറ്റും എന്‍ഡിഎ അഞ്ച് സീറ്റും നേടി. ബിജെപിയുടെ അഞ്ച് സീറ്റ് മാറ്റി നിര്‍ത്തിയാല്‍ ബാക്കി വരുന്ന 69 സീറ്റുകളിലെ 35 എന്ന കേവലഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തത്.

യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരായ ജനവിരുദ്ധ വികാരമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മുന്നണിക്ക് നേതൃത്വം നല്‍കിയ എം അനില്‍കുമാര്‍ പറഞ്ഞു.

യുഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുന്‍ ജിസിഡിഎ ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ വേണുഗോപാല്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് യുഡിഎഫില്‍ ഞെട്ടലുണ്ടാക്കി.

കോര്‍പ്പറേഷനിലെ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന കെ ആര്‍ പ്രേംകുമാറിനും അടിതെറ്റി. മധ്യകേരളത്തിലെ ശക്തികേന്ദ്രമായ ജില്ലയില്‍ നഗരസഭകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ലീഡ് നേടാനായതാണ് യുഡിഎഫിന്റെ ഏക ആശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News