പാലക്കാട് ജില്ലയിലെ നഗരസഭകളില്‍ എല്‍ഡിഎഫിന് ചരിത്ര മുന്നേറ്റം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ നഗരസഭകളില്‍ എല്‍ഡിഎഫ് ചരിത്ര മുന്നേറ്റമാണുണ്ടാക്കിയത്. 7 നഗരസഭകളില്‍ രണ്ടിടത്ത് ഭരണമുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് നഗരസഭകളില്‍ ഭരണത്തിലെത്തി. ഏ‍ഴ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ച് ചിറ്റൂര്‍-തത്തമംഗലത്ത് അധികാരത്തിലെത്തിയ എല്‍ഡിഎഫ് ചെര്‍പ്പുളശ്ശേരിയിലും, പട്ടാന്പിയിലും ശക്തമായ പോരാട്ടത്തിലൂടെ ഭരണം പിടിച്ചെടുത്തു.

ഇടതുപക്ഷത്തിന്‍റെ പ്രസക്തി ജനങ്ങള്‍ അടയാളപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ എല്‍ഡിഎഫ് കരുത്ത് തെളിയിച്ചു. പാലക്കാടന്‍ കാറ്റിനൊപ്പം ഇടതു തരംഗം ആഞ്ഞടിച്ചപ്പോള്‍ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലെ മുന്നേറ്റത്തിനൊപ്പം നഗരസഭകളിലും എല്‍ഡിഎഫ് മുന്നേറ്റം കണ്ടു.

കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി ഏ‍ഴ് പതിറ്റാണ്ടിന്‍റെ ചരിത്രം മാറ്റി‍യെ‍ഴുതി ഇടതിനൊപ്പം ചേര്‍ന്ന് നിന്നു. 29 വാർഡിൽ 16എണ്ണം‌നേടി‌യാണ് എൽഡിഎഫ്‌ ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ അധികാരത്തിലെത്തിയത്. ഭരണകക്ഷിയായ യുഡിഎഫ് 12 സീറ്റിലൊതുങ്ങി.

2010ൽ മൂന്ന്‌ സീറ്റും 2015ൽ 11 സീറ്റുമായിരുന്ന എല്‍ഡിഎഫ് പ്രതിപക്ഷത്ത് നിന്ന് അ‍ഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയാണ് ഭരണത്തിലേറുന്നത്. തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ കോണ്‍ഗ്രസിനകത്തുണ്ടായ ഗ്രൂപ്പ് പോരും യുഡിഎഫിന് തിരിച്ചടിയായി.

ക‍ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഗരസഭയായ പട്ടാന്പി രണ്ടാം തിരഞ്ഞെടുപ്പിലെത്തുന്പോള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. എൽഡിഎഫും കോണ്‍ഗ്രസ് നയങ്ങളില്‍ മടുത്ത് കെ പി സി സി അംഗമായിരുന്ന ടി പി ഷാജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു വന്നവരുടെ കൂട്ടായ്മയായ വി ഫോർ പട്ടാമ്പിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ക‍ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 6 സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് 10 സീറ്റിലേക്കുയര്‍ന്നു. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച വി ഫോര്‍ പട്ടാന്പി കൂട്ടായ്മ മത്സരിച്ച ആറ് സീറ്റിലും വിജയിച്ചു. ക‍ഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 11 ലേക്ക് ചുരുങ്ങി. മൂന്ന് സീറ്റുണ്ടായിരുന്ന എന്‍ഡിഎ 1ലേക്കും. ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ 18 സീറ്റ് നേടിയാണ് ആദ്യമായി എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.

യുഡിഎഫ് 12 സീറ്റിലൊതുങ്ങിയപ്പോള്‍ ബിജെപി 2 സീറ്റിലും വെല്‍ഫയര്‍ പാര്‍ടി ഒരു സീറ്റിലും വിജയിച്ചു. ക‍ഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ച ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം നഗരസഭകള്‍ നിലനിര്‍ത്തിയതിനൊപ്പമാണ് യുഡിഎഫിന്‍റെ മൂന്ന് മുനിസിപ്പിലാറ്റികള്‍ കൂടി ഇടതുപക്ഷം സ്വന്തമാക്കിയത്.
കൈരളി ന്യൂസ് പാലക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News