ഗ്രൂപ്പിസമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്; കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് പിജെ കുര്യന്‍

പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. താഴെത്തട്ടിൽ പലയിടത്തും കോൺഗ്രസിന് കമ്മിറ്റികളില്ല. അതിന് കാരണം ബ്ലോക്ക് തലത്തിലടക്കമുള്ള ഗ്രൂപ്പ് വഴിയുള്ള നിയമനമാണ്. താഴേത്തട്ടിൽ കോൺഗ്രസിന് പ്രവർത്തനം ഇല്ല. ഗ്രൂപ്പാടി സ്ഥാനത്തിലുള്ള നോമിനേഷൻ സംഘടനയെ ബാധിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍നിന്നും അകന്നുപോയെന്നും. സ്ഥാനാര്‍ത്ഥികള്‍ അതി ദാരിദ്രത്തിലായിരുന്നിട്ടും നേതൃത്വം സഹായിച്ചില്ലെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി.

പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

‘യുഡിഎഫില്‍നിന്നും ന്യൂനപക്ഷ വോട്ടുകള്‍ പല കാരണങ്ങളാല്‍ അകന്നുപോയി. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന്റെ ശക്തിയായിരുന്നു. അത് കൂടുതല്‍ നേടാന്‍ ഇപ്പോള്‍ എല്‍ഡിഎഫിന് കഴിയും. അത് എന്താണെന്ന് കണ്ടുപിടിക്കേണ്ടത് യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ കടമയാണ്. കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടിയല്ലെങ്കിലും താഴെത്തട്ടില്‍ ശക്തമായ കമ്മറ്റികള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ താഴെത്തട്ടില്‍ ശരിയായ കമ്മറ്റികള്‍ ഇല്ല. ഇല്ലാത്തതിന്റെ കാരണം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നാമനിര്‍ദ്ദേശങ്ങളാണ്. ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാണ് വാര്‍ഡ് കമ്മറ്റികളുണ്ടാക്കാന്‍ നേതൃത്വം നല്‍കേണ്ടത്. അവരെല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് പ്രവര്‍ത്തിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന തോന്നലുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷന്‍ സംഘടനയെ ബാധിച്ചിട്ടുണ്ട്’, പിജെ കുര്യന്‍ പറഞ്ഞു.

‘സ്ഥാനാര്‍ത്ഥിത്വത്തിന് പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് പരിഗണനയാണ് നല്‍കുന്നത്. പത്തനംതിട്ട ജില്ലയിലുള്‍പ്പടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മെച്ചപ്പെട്ട സ്ഥിതി വരുമായിരുന്നു. സംഘടനയിലെ അമിതമായ ഗ്രൂപ്പിസം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ല. ദോഷമാണുണ്ടാക്കുന്നത്’ പിജെ കുര്യന്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിഭാഗത്തിനും അതിഭീകരമായ സാമ്പത്തിക ദാരിദ്ര്യമുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി സാമ്പത്തിക സഹായം നല്‍കിയതായി എന്റെ അറിവിലില്ല. അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഫീസായി പാര്‍ട്ടി പണം ഈടാക്കുകയും ചെയ്തു. നോട്ടീസടിക്കാനോ വീടുകളിവല്‍ കൊടുക്കേണ്ട അഭ്യര്‍ത്ഥനയടിക്കാനോ കാശില്ലാതെ ബുദ്ധിമുട്ടിയ സ്ഥാനാര്‍ത്ഥികളുണ്ട്. അത് പാര്‍ട്ടി നേതൃത്വത്തിന് പറ്റിയ വീഴ്ചയാണ്’, പിജെ കുര്യന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകളാണ് നേതാക്കളെല്ലാം പരാജയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News