എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ

ഈ അധ്യയന വർഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെയായി നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകളുടെ നടത്തിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അവസാന വര്‍ഷ ബിരുദ – ബിരുദാനന്തര ക്ലാസുകൾ ജനുവരി ആദ്യം മുതല്‍ ആരംഭിക്കാനും തീരുമാനിച്ചു.

എസ്.എസ്.എല്‍.സി – ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് ഉടനെ ഏർപ്പെടുത്തും. കർശനമായി കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും മാര്‍ച്ച് 17 മുതല്‍ 30 വരെയായി പരീക്ഷ നടത്തുക. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.

മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാകും ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുക. സ്കൂള്‍, ഹയര്‍സെക്കന്‍ററി തലത്തിലെ എല്ലാ ക്ലാസുകളും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ നടക്കുന്ന ഒാൺലൈൻ ക്ളാസുകൾ അതെ രീതിയിൽ തുടരും. കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ – ബിരുദാനന്തര ക്ലാസുകൾ ജനുവരി ആദ്യം ആരംഭിക്കും.

പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാകും ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും. കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതലുള്ള ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News