കണ്ണൂരില്‍ കരുത്ത് തെളിയിച്ച് എൽഡിഎഫ്

കണ്ണൂർ ജില്ലയിൽ കരുത്ത് തെളിയിച്ച് എൽ ഡി എഫ്.അഞ്ച് യു ഡി എഫ് പഞ്ചായത്തുകൾ പിടിച്ചെടുത്ത് മലയോര മേഖലയിലും എൽ ഡി എഫ് ആധിപത്യം നേടി. കണ്ണൂർ കോർപറേഷനിൽ വിജയിക്കാനായില്ലെങ്കിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ വൻ മുന്നേറ്റമാണ് എൽ ഡി എഫ് കാഴ്ച വച്ചത്.

ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങൾ നിലനിർത്തിയതോടൊപ്പം പുതിയവ കൂടി പിടിച്ചെടുത്ത് കണ്ണൂരിൽ എൽ ഡി എഫ് കരുത്ത് കാട്ടി.ഇടത് തരംഗത്തിൽ യു ഡി എഫ് കോട്ടകൾ പലതും തകർന്നു.

23 ൽ പതിനാറിടത്തും ജയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തും ആന്തൂർ,പയ്യന്നൂർ,കൂത്തുപറമ്പ,തലശ്ശേരി നഗരസഭകളും എൽ ഡി എഫിന് ഒപ്പം ഉറച്ച് നിന്നു.ഇരിട്ടിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കണ്ണൂർ കോർപറേഷനും പാനൂർ,തളിപ്പറമ്പ,ശ്രീകണ്ഠപുരം മുൻസിപാലിറ്റികളും യു ഡി എഫ് നിലനിർത്തി.

11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഇടത്തും എൽ ഡി എഫ് വിജയിച്ചു.ഇരിക്കൂറിൽ ഇരു മുന്നണികളും സമനിലയിലായി.ഗ്രാമ പഞ്ചായത്തുകളിൽ ഇടത് തേരോട്ടമാണ് കണ്ടത്. 71 ഗ്രാമ പഞ്ചായത്തുകളിൽ 56 ഉം എൽ ഡി എഫ് വിജയിച്ചു.5 ഗ്രാമ പഞ്ചായത്തുകൾ യു ഡി എഫിൽ നിന്നും പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി യു ഡി എഫിന് ഒപ്പം നിൽക്കുന്ന ചെറുപുഴ, ഉദയഗിരി,പയ്യാവൂർ, ആറളം, കണിച്ചാർ പഞ്ചായത്തുകളിലാണ് എൽ ഡി എഫ് വെന്നിക്കൊടി പാറിച്ചത്.

ബൈപ്പാസ് വിരുദ്ധ സമരം നടന്ന കീഴാറ്റൂരിൽ യു ഡി എഫും ബിജെപിയും പിന്തുണച്ച വയൽക്കിളി സ്ഥാനാർത്ഥി തോറ്റു.ലീഗ് കോട്ടയായ മാട്ടൂലിൽ മൂന്ന് വാർഡുകളിൽ എൽ ഡി എഫ് ചരിത്ര വിജയം നേടി.മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായി ഉൾപ്പെടെ 15 തദ്ദേശ സ്ഥാപനങ്ങളിൽ എതിരില്ലാത്ത വിജയം നേടിയ എൽ ഡി എഫ് കണ്ണൂർ ജില്ല ഉറച്ച ഇടത് കോട്ടയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News