യുഡിഎഫ് ബൂത്തിലെത്തിച്ചത് മാനസിക ഭിന്നശേഷിക്കാരെ:തെരഞ്ഞെടുപ്പിലുണ്ടായ ‘മനുഷ്യത്വമില്ലാത്ത’ സംഭവത്തെ കുറിച്ച് സ്റ്റീഫന്‍ റോബര്‍ട്ട്

രാഷ്ട്രീയത്തിലുപരി ഒട്ടേറെപ്പേർ ജയിക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു ഫോര്‍ട്ട്‌കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ട്. ‘സ്റ്റീഫന്‍ തോറ്റാല്‍ കൊച്ചി തോറ്റു’ എന്ന കാപ്ഷനുകളുമായായിരുന്നു സ്റ്റീഫനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുകളും നടന്നിരുന്നത്. സിനിമാതാരങ്ങളടക്കം സ്റ്റീഫനായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കേവലം ഏഴു വോട്ടിന് സ്റ്റീഫന്‍ പരാജയപ്പെട്ടു. ഇപ്പോള്‍ തെരഞ്ഞെടുപ്പിലുണ്ടായ ‘മനുഷ്യത്വമില്ലാത്ത’ ഒരു സംഭവം അറിയിക്കുകയാണ് സ്റ്റീഫന്‍…

യുഡിഎഫിനെതിരെ ഗുരുതരആരോപണങ്ങളാണ് സ്റ്റീഫന്‍ റോബര്‍ട്ട് ഉയര്‍ത്തിയത്. നിയമപരമായി വോട്ടവകാശമില്ലാത്തവരായ മാനസിക ഭിന്നശേഷിക്കാര്‍ വോട്ട് ചെയ്തതെന്നും സ്വന്തം ഇച്ഛപ്രകാരം വോട്ടു ചെയ്യാനാവാത്ത ഇവരുടെ വോട്ടുകള്‍ കൊച്ചി നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള അഗതി മന്ദിരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യത്തിലും സഹായത്തിലുമാണ് ചെയ്തതെന്ന് സ്റ്റീഫന്‍ റോബര്‍ട്ട് പറഞ്ഞു.

അഗതികളായ മാനസിക ഭിന്നശേഷിക്കാരെ ചൂഷണംചെയ്ത് വോട്ടു നേടുന്നത് കടുത്ത ക്രൂരതയാണ്. നീതിബോധമില്ലാത്ത, നന്‍മയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണിത്. ദീര്‍ഘകാലത്തെ ആസൂത്രിമായ നീക്കങ്ങളിലൂടെയാണ് ഭിന്നശേഷിക്കാരെ രാഷ്ട്രീയ ചൂഷണത്തിന് വിധയമാക്കിയിരിക്കുന്നതെന്നും സ്റ്റീഫന്‍ റോബര്‍ട്ട് പറഞ്ഞു.

സ്റ്റീഫന്‍ റോബര്‍ട്ടിന്റെ പത്രക്കുറിപ്പ് പൂര്‍ണരൂപം:

കൊച്ചി നഗരസഭ തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ടുകൊച്ചി ഒന്നാം ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എനിക്ക് വോട്ടു ചെയ്തവര്‍ക്കും എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി!

തെരഞ്ഞെടുപ്പിലുണ്ടായ ‘മനുഷ്യത്തമില്ലാത്ത’ സംഭവം അറിയിക്കുകയാണ്.

ഫോര്‍ട്ടുകൊച്ചിയില്‍ നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള അഗതിമന്ദിരത്തിലെ മാനസിക ഭിന്നശേഷിക്കാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തി! മാനസിക ഭിന്നശേഷിക്കാര്‍ നിയമപരമായി വോട്ടവകാശമില്ലാത്തവരാണ്. എന്നിട്ടും അവര്‍ വോട്ടു രേഖപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

വോട്ട് അവകാശം ഇല്ലാത്തതിനാല്‍ മാനസിക ഭിന്നശേഷിക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാവേണ്ടതില്ല. എന്നാല്‍, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവരെ പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട്‌ചെയ്യിക്കുകയും ചെയ്തു.

അഗതികളായ മാനസിക ഭിന്നശേഷിക്കാരെ ചൂഷണംചെയ്ത് വോട്ടു നേടുന്നത് കടുത്ത ക്രൂരതയാണ്. നീതിബോധമില്ലാത്ത, നന്‍മയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണിത്.

ദീര്‍ഘകാലത്തെ ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് ഭിന്നശേഷിക്കാരെ രാഷ്ട്രീയ ചൂഷണത്തിന് വിധയമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല അഗതിമന്ദിരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടവരും ഈ ആസൂത്രണത്തില്‍ പങ്കാളികളാണ്.

വോട്ടര്‍ പട്ടികയില്‍ സ്വന്തം നിലയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അഗതിമന്ദിരത്തിന്റെ നടത്തിപ്പുമായി ബന്ധമുള്ളവരുടെ അറിവോടെയും സഹായത്തോടെയുമാണ്. സ്വന്തം നിലയില്‍ യാത്രചെയ്യാനാവാത്ത ഇവരെ വാഹനത്തില്‍ പോളിംഗ് ബൂത്തിലെത്തിച്ചു. തുടര്‍ന്ന്, സ്വന്തം ഇച്ഛപ്രകാരം വോട്ടു് ചെയ്യാനാവാത്ത ഇവരുടെ വോട്ടുകള്‍ അഗതി മന്ദിരവുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിക്കുന്ന ആളുടെ സാന്നിധ്യത്തിലും സഹായത്തിലും രേഖപ്പെടുത്തി. മാനസിക ഭിന്നശേഷിക്കാര്‍ക്ക് വോട്ടവകാശം ഇല്ലെന്ന സത്യം നിലനില്‍ക്കെയാണ് ഈ നീക്കങ്ങള്‍.

പരിതാപകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരായ, വോട്ടിന്റെ അര്‍ത്ഥവും ആവശ്യകതയും തിരിച്ചറിയാത്ത അഗതികളെ മുന്‍കാലങ്ങളിലും രാഷ്ട്രീയ ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടാവാമെന്ന് സംശയിക്കുന്നു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന ആഗ്രഹത്താലാണ് ഈ പൈശാചിക രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങളെ അറിയിക്കുന്നത്.

വിശ്വസ്തതയോടെ,
സ്റ്റീഫന്‍ റോബര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News