കൊവിഡ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. വാക്‌സിന്‍ വരുന്ന മുറയ്ക്ക് ആദ്യം ലഭ്യമാക്കുക ഈ വിഭാഗങ്ങളിലുള്ളവർക്ക്.
സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും, സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ജില്ലാതല രജിസ്‌ട്രേഷനാണ് വാക്സിനേഷന് വേണ്ടി പൂര്‍ത്തിയാക്കിയാത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തി. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കും. 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളും ഇതിലുൾപ്പെടും. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഇതോടൊപ്പം ഉള്‍പ്പെടുത്തി രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ വിതരണത്തിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറേയും സ്റ്റേറ്റ് അഡ്മിനും ഉണ്ട്. രജിസ്‌ട്രേഷനായി ഒരു സ്റ്റാന്റേര്‍ഡ് ഡേറ്റ ഷീറ്റ് തയ്യാറാക്കി എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. അവരാണ് സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇത് അയച്ച് കൊടുക്കുന്നത്. വാക്‌സിന്‍ വരുന്ന മുറയ്ക്ക് ആദ്യം ലഭ്യമാക്കുക ഈ വിഭാഗത്തിനായിരിക്കും.
Get real time update about this post categories directly on your device, subscribe now.