പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന സദുദ്ദേശം മാത്രമാണ് ലൈഫ് മിഷനുളളത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിന് പിന്നാലെ ലൈഫ് മിഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന സദുദ്ദേശം മാത്രമാണ് ലൈഫ് മിഷനുളളതെന്നും എഫ്‌സിആര്‍എ ലംഘനം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ തുടര്‍വാദം തിങ്കളാഴ്ചത്തേക്ക് മാറ്റിയതോടെ സ്റ്റേയും തുടരും. ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ലൈഫില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിന് പിന്നാലെ ഇഡിയെ ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ പരിധി വിടുന്നു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുക എന്ന സദുദ്ദേശ്യമാണ് ലൈഫ് മിഷനുളളത്. പദ്ധതി വഴി അന്തിമമായി ഭൂമി ലഭിക്കുന്നത് ഭവനരഹിതര്‍ക്കാണ്.

ഇതില്‍ ദുരൂഹതയൊന്നുമില്ലെന്നും സര്‍ക്കാര്‍ വാദത്തിനിടെ വ്യക്തമാക്കി. ലൈഫ് മിഷനില്‍ എഫ്‌സിആര്‍എ ലംഘനം നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ കുറ്റപ്പെടുത്താനുമാകില്ല. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താന്‍ തുടങ്ങിയാല്‍ പദ്ധതികള്‍ നടപ്പാക്കാനാകില്ല.

ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടിയാല്‍ വികസനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ലൈഫ് പദ്ധതിക്കായുളള ഭൂമി കൈമാറ്റത്തില്‍ ആര്‍ക്കും പരാതി ഇല്ലെന്നും സര്‍ക്കാര്‍ പ്രോജക്ട് തന്നെയാണിതെന്നും വ്യക്തമാക്കി. സര്‍ക്കാരിന് വേണ്ടി യുഎഇ സഹായത്തോടെ കെട്ടിടം നിര്‍മ്മിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും അറിയിച്ചു.

കരാര്‍ യൂണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മിലാണെന്നും എഫ്‌സിആര്‍എ ചട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നും സന്തോഷ് ഈപ്പന്‍ വാദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വാക്കാല്‍ പരാമര്‍ശിച്ച കോടതി കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. സിബിഐ അന്വേഷണത്തിലെ സ്റ്റേയും തിങ്കളാഴ്ച വരെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News