മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് തന്നെ മുന്നില്‍; കണക്ക് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പിലാറ്റികളുടെ എണ്ണത്തിലും ഇടതുപക്ഷ മുന്നണി തന്നെ മുന്നില്‍. തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെന്റ് സോഫ്‌റ്റ്‌വെയറില്‍ വന്ന പിഴവ് മൂലമാണ് യുഡിഎഫിന് കണക്കില്‍ മേല്‍ക്കൈ ലഭിച്ചത്. വെബ്സൈറ്റിലെ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

പുതിയ കണക്ക് പ്രകാരം തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളില്‍ 42ലും ഭരണം എല്‍ഡിഎഫിനാണ്. 36 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഭരിക്കും. ആറ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പരവൂര്‍, പത്തനംതിട്ട, തിരുവല്ല, മാവേലിക്കര, കളമശേരി, കോട്ടയം എന്നീ മുനിസിപ്പാലിറ്റികളിലാണ് ഒരു മുന്നണിക്കും ഭൂരിപക്ഷം നേടാനാകാത്തത്.

നേരത്തേ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട കണക്കില്‍ യുഡിഎഫിന് 45, എല്‍ഡിഎഫ് 35, എന്‍ഡിഎ 2, മറ്റുള്ളവര്‍/ഭൂരിപക്ഷമില്ലാത്തവ 4 -എന്നിങ്ങനെയായിരുന്നു കക്ഷി നില. എല്‍ഡിഎഫ് സ്വതന്ത്രരായി വിജയിച്ചവരെയൊക്കെ മറ്റുള്ളവര്‍ എന്ന കാറ്റഗറിയിലും, യുഡിഎഫ് ലിസ്റ്റിലും ട്രെന്‍ഡ് സോ‌ഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

തുല്യത വന്ന കളമശേരി, പരവൂര്‍, മാവേലിക്കര, പത്തനംതിട്ട നഗരസഭകള്‍ യുഡിഎഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത്. എല്‍ഡിഎഫ് വിജയിച്ച പഞ്ചാത്തുകളും മുനിസിപ്പാലിറ്റികളും വരെ യുഡിഎഫിന്റെ കണക്കില്‍ വന്നു.

ഇങ്ങനെയാണ് ഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും യുഡിഎഫ് ഭരണമെന്ന കണക്ക് വന്നത്. എന്നാല്‍ പിന്നീട് പരാതികള്‍ വന്നതോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പുനപരിശോധിക്കുകയും പിശക് തിരുത്തുമെന്ന് അറിയിച്ചതും.ട്രെന്‍ഡ് സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്‌ത വിവിധ ഗ്രാമപഞ്ചായത്തുകളുടെ കണക്കിലും ഇത്തരത്തില്‍ വ്യത്യാസം വരുന്നുണ്ട്.

എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള കാഞ്ഞിരംകുളം, പോരുവഴി എന്നീ പഞ്ചായത്തുകളും മുന്നണികള്‍ക്ക് തുല്യ നിലയുള്ള അതിയന്നൂര്‍, പെരിങ്ങമല, വിളവൂര്‍ക്കല്‍, ആര്യങ്കാവ്, മണ്‍റോതുരുത്ത്, ഓച്ചിറ പഞ്ചായത്തുകളും യുഡിഎഫ് പക്ഷത്താണ് ചേര്‍ത്തിരിക്കുന്നത്.

ട്രെന്‍ഡ് കണക്ക് പ്രകാരം നിലവില്‍ 29 ഗ്രാമപഞ്ചായത്തുകളില്‍ മറ്റുള്ളവര്‍ ഭരിക്കുകയോ, ആര്‍ക്കും ഭൂരിപക്ഷം നേടാനാകുകയോ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News