ടിആർപി തട്ടിപ്പ് കേസിൽ ബാർക് മുൻ മേധാവി അറസ്റ്റിൽ

ടിആർപി തട്ടിപ്പുകേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോമിൽ രാംഘരിയയെ മുംബൈ പോലീസ് വ്യാഴാഴ്ച അറസ്റ്റുചെയ്തു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ പതിനാലാമത്തെ അറസ്റ്റാണിത്. ഹൻസ റിസർച്ച് ഗ്രൂപ്പ് വഴി ബാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിആർപി തട്ടിപ്പ് കേസ്. ഈ കേസിൽ അറസ്റ്റിലാവുന്ന ബാർകുമായി ബന്ധപ്പെട്ട ആദ്യത്തെയാളുമാണ് രാംഗഢിയ.

ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിന് ടിആർപി. കണക്കെടുപ്പു നടത്തുന്ന ബാർക്കിന്റെ സിഒഒ. സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ ജൂലായിലാണ് രാംഘരിയ സ്ഥാനമൊഴിഞ്ഞത്. ടിആർപി. കണക്കെടുപ്പിൽ കൃത്രിമം കാണിച്ചതിൽ രാംഘരിയയ്ക്കുള്ള പങ്ക് വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ഈ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വികാസ് ഖാൻചന്ദാനിക്ക്‌ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രമുഖൻ അറസ്റ്റിലാവുന്നത്. ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ 12 പ്രതികൾക്കെതിരേ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.

ടെലിവിഷൻ കാഴ്ചക്കാരുടെ ഡാറ്റ ശേഖരിക്കുന്നതിനായി ബാരോമീറ്ററുകൾ സ്ഥാപിച്ച ചില കുടുംബങ്ങൾക്ക്, ഒരു പ്രത്യേക ചാനലിന്റെ ടിആർപി വർദ്ധിപ്പിക്കുന്നതിനായി കൈക്കൂലി കൊടുത്തു കൃത്രിമം കാണിച്ചതിന്റെ വിവരങ്ങൾ പുറത്ത് വന്നതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിക്കുന്നത്.

രണ്ട് പ്രാദേശിക ചാനലുകളും റിപ്പബ്ലിക് ടിവിയും ഈ കൃത്രിമത്വത്തിൽ പങ്കാളികളാണെന്ന് സംശയിക്കുന്നതായി മുംബൈ പോലീസ് കമ്മീഷണർ പരമ്പീർ സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here