മനസ്സിൽ പതിഞ്ഞ ആ ബൈലൈൻ അസ്തമിക്കുമ്പോൾ….. : ജോൺ ബ്രിട്ടാസിന്റെ ഓർമകുറിപ്പ്

അച്ചടിയുടെ ആജ്ഞാശക്തി ഉയര്‍ന്നു നില്‍ക്കുന്ന വേളയില്‍ മനസ്സില്‍ പതിഞ്ഞ ബൈലൈനുകളില്‍ ഒന്നായിരുന്നു ഡി വിജയമോഹന്‍. പേരിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പേരിനോട് ചേര്‍ന്ന് അല്ലെങ്കില്‍ പേരിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന ‘ഡി’ ആയിരുന്നു. അതുകൊണ്ടാണ് എണ്‍പതുകളുടെ അവസാനം ഡല്‍ഹിയിലേക്ക് ചേക്കേറിയപ്പോള്‍ ആദ്യം കാണാന്‍ ആഗ്രഹിച്ച വ്യക്തികളിലൊരാള്‍ വിജയമോഹനായത്. ആ ബൈെൈലന്‍റെയും ഉള്ളടക്കത്തിന്‍റെയും കാന്തശക്തി അത്രത്തോളമുണ്ടായിരുന്നു.

പ്രായത്തില്‍ ജ്യേഷ്ഠസഹോദരന്‍ ആണെങ്കിലും സമകാലിക ഭാവത്തിലാണ് എന്നെ അദ്ദേഹം നോക്കിക്കണ്ടത്. എന്നിലെ മാധ്യമപ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതില്‍ സംഭാവന നല്‍കിയ വ്യക്തികളുടെ പട്ടിക എടുക്കുകയാണെങ്കില്‍ ആദ്യഭാഗത്ത് വരേണ്ട പേരുകാരനാണ് ഡി വിജയമോഹന്‍. മാധ്യമപ്രവര്‍ത്തനം എക്കാലത്തും നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും വളരുന്ന പ്രക്രിയയാണ്. എന്‍റെ നിരീക്ഷണവലയത്തിലെ സചേതന മുഖങ്ങളില്‍ ഒന്ന് വിജയമോഹന്‍റേതായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ നാളുകളിലെ പ്രിയപ്പെട്ട ഒന്ന് എന്‍റെ ബജാജ് സ്‌കൂട്ടറാണ്. ബജാജിന്‍റെ പിന്‍സീറ്റ് എന്നും റിസേര്‍വ്ഡ് ആയിരുന്നു. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മാതൃഭൂമിയിലെ അജിത് കുമാര്‍. എന്നാല്‍ പലഘട്ടങ്ങളിലും വിജയമോഹന് വേണ്ടി ആ സീറ്റ് ഒഴിച്ചിടാന്‍ എനിക്ക് കഴിഞ്ഞു.

അനുഭവവും പരിജ്ഞാനവും ഏറെയുണ്ടെങ്കിലും വാര്‍ത്തകളോട് വലിപ്പച്ചെറുപ്പമില്ലാതെ നീതിപുലര്‍ത്തുന്ന മധ്യപ്രവര്‍ത്തകനായാണ് ഞാന്‍ ഡി വിജയമോഹനെ കാണുന്നത്. ഒരുപക്ഷെ അപൂര്‍വം ചില മാധ്യമപ്രവര്‍ത്തകരിലേ ആ ഗുണം കാണാന്‍ കഴിയൂ. തലസ്ഥാനത്ത് രാഷ്ട്രീയ കമന്ററികള്‍ എഴുതുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്തിനാണ് ഒരു സിംഗിള്‍ കോളം വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ഇത്ര സൂക്ഷ്മതയും ആത്മാര്‍ഥതയും പുലര്‍ത്തുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് പഠിച്ച ആദ്യ പാഠങ്ങളില്‍ ഒന്ന് വാര്‍ത്തയിലെ ഈ സോഷ്യലിസമായിരുന്നു. റിപ്പോര്‍ട്ടിങ് ഒരു സപര്യയാണെങ്കില്‍ ആ രംഗത്തെ അര്‍ത്ഥവത്തായ ഒരു’ മഹര്‍ഷി’യായിരുന്നു വിജയമോഹന്‍ എന്ന് ഉറപ്പിച്ച് പറയാം.

D VIJAYAMOHAN

D VIJAYAMOHAN

വിജയമോഹനെക്കുറിച്ച് പറയാനും എഴുതാനും ഒട്ടേറെ കാര്യങ്ങളുണ്ട്. അത്രത്തോളം അദ്ദേഹവുമായി ഇഴകോര്‍ക്കപ്പെട്ടിരിക്കുന്നു എന്‍റെ ആദ്യകാല മാധ്യമപ്രവര്‍ത്തനം. മറ്റേതു രംഗത്ത് സംഭവിച്ചതുപോലെയും സാരമായ മൂല്യച്യുതിയും ധ്രുവീകരണവും നേരിടുന്ന രംഗമാണ് മാധ്യമപ്രവര്‍ത്തനവും. ഇക്കാരണം കൊണ്ടുതന്നെ ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പലപ്പോഴും ഡല്‍ഹിയിലെ പഴയകാലത്തെക്കുറിച്ച് മതിവരാതെ അയവിറക്കുമായിരുന്നു.

ഡല്‍ഹിയിലെ ശൈത്യമാണ് എനിക്ക് ഏറെ പ്രിയങ്കരം. ശൈത്യക്കാലത്ത് ഡല്‍ഹിയില്‍ എത്തിയതുകൊണ്ടായിരിക്കും. 1988ലെ തണ്ണുപ്പ് കാലത്താണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്.ആ ദിവസങ്ങള്‍ ഇന്നും എന്റെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയ ആണ്. അന്ന് പ്രഭാവര്‍മ്മയാണ് ഡല്‍ഹി ബ്യൂറോയുടെ ചുമതലക്കാരന്‍. വിരലിലെണ്ണാവുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. അവരൊക്കെ മനസ്സില്‍ പതിഞ്ഞ ബൈലൈനുകളാണ്. മനോരമയില്‍ ടി വി ആര്‍ ഷേണായ്, കെ ഗോപാലകൃഷ്ണന്‍, ഡി വിജയമോഹന്‍, ഫോട്ടോ ഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്. മാതൃഭൂമിയില്‍ എന്‍ അശോകനും അജിത്കുമാറും(അജിതും ഞാനും ഒരേ ദിവസമാണ് കണ്ണൂരില്‍ നിന്ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്), എഡിറ്ററാണെങ്കിലും ബ്യൂറോ ചീഫിന്റെ കസേര ഒഴിയാതെ ആഴ്ചകളില്‍ വന്നുപോകുന്ന വി കെ മാധവന്‍കുട്ടി, കേരള കൗമുദിയില്‍ നരേന്ദ്രനും സേതുവും. ഇവരെ കൂടാതെ ദീപികയില്‍ ജോസഫ് മാത്യുവും മാധ്യമത്തില്‍ ഇസ്മയില്‍ മേലടിയും കൂടി ചേര്‍ന്നാല്‍ ഡല്‍ഹി മലയാളിമാധ്യമലോകമായി.

രാഷ്ട്രീയം കലങ്ങിമറിഞ്ഞ നാളുകളിലാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. ബൊഫോഴ്സ് കുംഭകോണം ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നു. പ്രതിപക്ഷ നിരയില്‍ പുതുപരീക്ഷണങ്ങളുടെ കാലം. മൂന്നാം മുന്നണി എന്ന ചേരിക്ക് തുടക്കം ഇവിടെയാണ്. അന്നൊക്കെ രാവിലെ ഇറങ്ങിയാല്‍ വൈകിട്ട് സൂര്യനസ്തമിക്കുമ്പോഴാണ് ഓഫീസില്‍ തിരിച്ചുകയറുന്നത്. ആ അലച്ചിലില്‍ ഞങ്ങളോടൊപ്പമുള്ള നിത്യസാന്നിധ്യമായിരുന്നു വിജയമോഹന്‍. വ്യത്യസ്ത രാഷ്ട്രീയനിലപാടുള്ള പത്രത്തിന്റെ പ്രതിനിധികള്‍ ഒരമ്മപെറ്റ മക്കളെപ്പോലെ,തര്‍ക്കിച്ചും സ്‌നേഹിച്ചും ഡല്‍ഹിയില്‍ കഴിഞ്ഞത് ഏറ്റവും നല്ല ഓര്‍മയാണ് .അത്യാവശ്യം എക്‌സ്‌ക്ലൂസിവുകള്‍ മാറ്റിവച്ചാല്‍ മറ്റു വാര്‍ത്തകള്‍ എല്ലാം വൈകിട്ട് പരസ്പരം പങ്കുവയ്ക്കും. ഒരുതരത്തിലുമുള്ള കാലുഷ്യമോ തര്‍ക്കമോ വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല.

ബാബറി മസ്ജിദ് കലാപം നടക്കുന്ന കാലത്ത് ലീഗിലെ ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പമുള്ള ചിത്രം

ബാബറി മസ്ജിദ് കലാപം നടക്കുന്ന കാലത്ത് ലീഗിന്റെ ഇബ്രാഹിം സുലൈമാൻ സേട്ടിനൊപ്പമുള്ള ചിത്രം

പത്രസമ്മേളനത്തിനോ രാഷ്ട്രീയ സംഭവവികാസത്തിനോ ഇന്‍ട്രോ തയ്യാറാക്കുന്ന പ്രക്രിയയാണ് മര്‍മപ്രധാനം. വാര്‍ത്തയുടെ മര്‍മം തൊട്ടറിഞ്ഞ് ഇന്‍ട്രോ തയ്യാറാക്കുന്ന വിദ്യയില്‍ അഗ്രഗണ്യനാണ് വിജയമോഹന്‍. ഓരോ പത്രവും ഏതു തരത്തിലുള്ളതാണ് കൊടുക്കുക എന്നും വിജയമോഹന് നിശ്ചയമുണ്ടായിരുന്നു.

ഒരിക്കല്‍ വിജയമോഹനെയും അജിത്തിനെയും എന്നെയും സുപ്രീംകോടതിയില്‍ നിന്ന് ഇറക്കിവിട്ട സംഭവമുണ്ടായി. വിസിറ്റേഴ്സ് പാസ് എടുത്താണ് ഹവാല കേസും മറ്റും കേള്‍ക്കാന്‍ പോയിരുന്നത്. അഭിഭാഷകബിരുദമുള്ള പത്രപ്രവര്‍ത്തകര്‍ക്കുമാത്രം കോടതിയില്‍ പ്രവേശനം അനുവദിച്ച ഘട്ടമായിരുന്നു അത്. കോടതി മുറിയുടെ പിന്നില്‍ നിന്ന് കുത്തിക്കുറിക്കുന്നതു കണ്ട് സെക്യൂരിറ്റി വിവരം ജഡ്ജിമാരെ അറിയിക്കുന്നു. അങ്ങനെ സുപ്രീംകോടതി ഞങ്ങളെ നിഷ്‌കരുണം പുറത്താക്കി. അത്തരത്തില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. വിജയമോഹന് മനോരമ മാരുതി ഒമ്‌നി നല്‍കിയപ്പോള്‍ അതിലായി ഞങ്ങളുടെ പല യാത്രകളും. വീട് തേടിയുള്ള റോന്തുചുറ്റലില്‍ ഈ ഒമ്‌നിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും.

എന്‍റെ പല ഡല്‍ഹി ഓര്‍മകളിലെയും സാന്നിധ്യമായ ഡി വിജയമോഹന്‍ മലയാളിവായനക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ഗണിച്ചു കണ്ടെത്തുമായിരുന്നു. ഏതു വാര്‍ത്തയിലും ഒരു മലയാളി ആംഗിള്‍ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു. മലയാളിയുടെ വാര്‍ത്താദാഹത്തെ തിരിച്ചറിഞ്ഞ് നൂറു ശതമാനം പ്രതിക്രിയ ചെയ്തുവെന്നും പറയാം. സെന്‍സേഷന്‍ വാര്‍ത്തകള്‍ ഒരിക്കലും അദ്ദേഹം പ്രയോഗിച്ചിട്ടില്ല. മറിച്ച് വാര്‍ത്തകളോട് പരമാവധി നീതിപുലര്‍ത്താന്‍ ശ്രമിച്ചു. നല്ല സംഗീതാസ്വാദകനും കവിയുമായിരുന്നു എന്നുകൂടി പറയട്ടെ . ഡി വിജയമോഹന്‍ എന്ന തെളിഞ്ഞ ബൈലൈന്‍ അസ്തമിക്കുമ്പോള്‍ ഒരു സംസ്‌കാരമാണ് ലോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here