ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ച സ്ത്രീയ്ക്ക് കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് 10 മിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അലാസ്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിനാണ് ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കടുത്ത അലര്‍ജി അനുഭവപ്പെട്ടത്. ബാര്‍ലറ്റ് റീജിയണല്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ് വിവരം പുറത്ത് വിട്ടത്.

ചൊവ്വാ‍ഴ്ച വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇവര്‍ക്ക് കടുത്ത ശ്വാസമുട്ടലും ഉയര്‍ന്ന ഹൃദയ സമ്മര്‍ദവും അനുഭവപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബ്രിട്ടനിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനാഫൈലക്സിസ് (ANAPHYLAXIS) എന്നാണ്
ഈ അലര്‍ജി അറിയപ്പെടുന്നത്.

വാക്സിന്‍ നല്‍കുമ്പോള്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അതിനുള്ള ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്ക ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ആന്‍ സിങ്ക് പറഞ്ഞു.

അനാഫൈലക്സിസുള്ളവരും ഭക്ഷണത്തിനോടോ മരുന്നിനോടോ അലര്‍ജികളുള്ളവരും ഫൈസര്‍ വാക്സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ റെഗുലേറ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍, അലര്‍ജിയുള്ളവര്‍ക്കും വാക്സിന്‍ സ്വീകരിക്കാമെന്നും വാക്സിനുകളോ അതിലെ പദാര്‍ത്ഥങ്ങളോ സ്വീകരിക്കുമ്ബോള്‍ കടുത്ത അലര്‍ജി അനുഭവപ്പെടുന്നവര്‍ മാത്രം കുത്തിവയ്പ്പ് എടുക്കാതിരുന്നാല്‍ മതിയെന്നുമാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത്.

അതേസമയം വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഘടകം അലര്‍ജിയുണ്ടാക്കുകയില്ലെന്നും ഡോക്ടര്‍മാരെ സമീപിച്ച്‌ അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഉറപ്പുവരുത്തണമെന്നും എഫ്ഡിഎ നിര്‍ദ്ദേശിച്ചു.

അനാഫൈലിക്സ് അനുഭവപ്പെട്ടാല്‍ നിരീക്ഷണത്തിനും ചികിത്സയ്ക്കുമുള്ള സംവിധാനം വാക്സിന്‍ വിതരണം ചെയ്യുന്നയിടത്ത് വേണമെന്നും ആവശ്യമെങ്കില്‍ വാക്സിന്റെ ലേബലിംഗ് ഭാഷ മാറ്റാന്‍ തയ്യാറാണെന്നും ഫൈസര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here