ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്കു നല്‍കാന്‍ തീരുമാനം

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകയായ ഡോ. എം. ലീലാവതിക്കു നല്‍കാന്‍ നിശ്ചയിച്ചു. മഹാകവി ഒ.എന്‍.വി.യുടെ സ്മരണ മുന്‍നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ്.

സി. രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സുഗതകുമാരി, എം.ടി., അക്കിത്തം എന്നിവര്‍ക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നാലാമത്തെ അവാര്‍ഡാണ് 2020 ലേത്.

മലയാളസാഹിത്യ നിരൂപണരംഗത്തെ സര്‍ഗ്ഗദീപ്തമായ ഈ വ്യക്തിത്വം വിമര്‍ശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നില്‍ക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാര്‍ഡു നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

പ്രസാദാത്മകമായ ആസ്വാദനത്തിന്റെ ഭാവാത്മകമായ ശൈലിയിലൂടെ രചനകളുടെ മാധുര്യം അനുവാചകനെ അനുഭവിപ്പിക്കുന്ന സവിശേഷ ശൈലി കൊണ്ട് മലയാള സാഹിത്യ നിരൂപണ ചരിത്രത്തില്‍ മികവോടും തെളിമയോടുംകൂടി ലീലാവതി ടീച്ചര്‍ വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്നു.

ഏഴുപതിറ്റാണ്ടിലേറെക്കാലമായി ലീലാവതി ടീച്ചര്‍ നടത്തുന്ന സാഹിത്യസപര്യ ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ് എന്നും സമിതി വിലയിരുത്തി.

അധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവര്‍ത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളില്‍ ടീച്ചര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. വര്‍ണരാജി, അമൃതമശ്നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവര്‍ത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികള്‍

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം, കൊച്ചിയിലെ വസതിയില്‍ എത്തി സമര്‍പ്പിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News