ഷിഗല്ല രോഗം: കോ‍ഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഷിഗല്ലക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ ഡോക്ടർ ജയശ്രീ അറിയിച്ചു. കോര്‍പ്പറേഷനിലെ മുണ്ടിക്കല്‍താഴം ഭാഗത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷനിലെ മുണ്ടിക്കൽ താഴത്ത് നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ കൂടുതൽ സാംപിള്‍ പരിശോധനക്ക് അയച്ചു. ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കുകയും ചെയ്തു.

അങ്കണവാടികളിലും മറ്റും ഒ.ആര്‍.എസ് പാക്കറ്റുകള്‍ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയറിളക്കവും മറ്റുരോഗ ലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തരെ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ്
ഷിഗല്ലരോഗ ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. ആയതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടും. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
* കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക
എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News