കര്‍ഷക സമരക്കാര്‍ക്ക് 50 ലക്ഷത്തിന്‍റെ വ്യക്തിഗത ബോണ്ട്; അച്ചടി പിശകെന്ന് വിശദീകരണം

കേന്ദ്രസര്‍ക്കാറിനെതിരായ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരക്കാര്‍ക്കെതിരെ നിയമനടപടികളുമായി ജില്ലാ ഭരണകൂടം. ക്രമസമാധാന ലംഘനത്തിനാണ് ജില്ലാഭരണകൂടം സമരക്കാര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.

50 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടാണ് ജില്ലാ ഭരണകൂടം സമരക്കാര്‍ക്കെതിരെ നല്‍കിയിരിക്കുന്നത്. എന്നാല്‍ തുക വളരെ വലുതാണെന്ന് കാണിച്ച്‌ കര്‍ഷകര്‍ ഇതിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് ഇത് തിരുത്തി 50000 ആക്കി നല്‍കി. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലാണ് സംഭവം.

ചില ആളുകള്‍ കര്‍ഷകരെ പ്രേരിപ്പിച്ചു കൊണ്ട് സമാധാനം ലംഘിക്കാന്‍ ശ്രമിക്കുന്നതായി ഹയാത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചു, ഇവര്‍ക്ക് 50 ലക്ഷം രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകള്‍
നല്‍കണം എന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഭാരതീയ കിസാന്‍ യൂണിയന്‍ (അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ്, കര്‍ഷക നേതാക്കളായ ജൈവര്‍ സിംഗ്, ബ്രഹ്മചാരി യാദവ്, സതേന്ദ്ര യാദവ്, വീര്‍ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസ് നല്‍കി ജനാധിപത്യ പ്രതിഷേധം തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു.

അതേസമയം 50 ലക്ഷമല്ലെന്നും 50000 രൂപയുടെ ബോണ്ടാണ് ആവശ്യപ്പെട്ടതെന്നും അച്ചടിയിലുണ്ടായ പിഴവാണ് 50 ലക്ഷം എന്ന് വരാന്‍ കാരണമെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ക്ക് 50000 രൂപയുടെ ബോണ്ട് എന്ന് തിരുത്തി നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News