തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസിനെതിരെ ലീഗിലും കരുനീക്കം ശക്തം; കോണ്‍ഗ്രസ് സംഘടന ദുര്‍ബലം; നേതൃമാറ്റം ആവശ്യപ്പെട്ട് ലീഗ്

കെ പി സി സി നേതൃമാറ്റം ലക്ഷ്യമിട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും കരുക്കൾ നീക്കുന്നു. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം മുല്ലപ്പള്ളി എതിർത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. മുല്ലപ്പള്ളിക്കെതിരായ ലീഗ് നീക്കത്തിന് കോൺഗ്രസിലെ തന്നെ അസംതൃപ്തരുടെ പിന്തുണയും ലഭിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കോൺഗ്രസിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. പാർട്ടി സ്വാധീനമേഖലയിൽ കാര്യമായ ക്ഷീണമില്ല എന്നത് ആയുധമാക്കിയാണ് ലീഗ് നീക്കം. കെ പി സി സി പ്രസിഡൻ്റ് എന്ന നിലയിൽ യു ഡി എഫിനെ നയിക്കുന്നതിൽ മുല്ലപ്പളളി പരാജയപ്പെട്ടെന്ന് ലീഗ് വിലയിരുത്തുന്നു. അതുകൊണ്ടാണ് കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന നിലപാട് ലീഗ് എടുക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം വിവാദമാക്കി മുന്നണിയെ പ്രതിരോധത്തിലാക്കിയതാണ് മുല്ലപ്പള്ളിക്കെതിരെ ലീഗ് തിരിയാനുള്ള പ്രധാന കാരണം. ലീഗിൻ്റെ താൽപ്പര്യത്തിലാണ് വെൽഫെയർ സഖ്യമെന്ന് പ്രചരിപ്പിച്ചതും അമർഷത്തിന് ഇടയാക്കി.

ഇതിലുള്ള നീരസം ലീഗ് നേതാക്കൾ ഇലക്ഷന് മുമ്പ് തന്നെ യു ഡി എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. വെൽഫെയർ പാർട്ടിക്കുണ്ടായ ചെറിയ നേട്ടം പോലും കോൺഗ്രസ്സിന് ഉണ്ടായില്ല എന്ന വിമർശനം കോൺഗ്രിനുള്ളിലുണ്ട്. വടകര കല്ലാമല ബ്ലോക്ക് ഡിവിഷൻ്റെ പേരിൽ ആർ എം പി യെ പിണക്കിയെന്ന കുറ്റവും മുല്ലപ്പള്ളിക്കെതിരാണ്.

ആർ എം പി മുല്ലപ്പള്ളിക്കെതിരെ കടുത്ത വിമർശനം ഉയർത്തി കഴിഞ്ഞു. വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരിഭവം മാധ്യമങ്ങൾക്കെതിരല്ല മറിച്ച് പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഒറ്റപ്പെട്ടതിൽ നിന്ന് ഉണ്ടായതാണെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്.

ലീഗിൻ്റെ വിമർശനങ്ങൾ കോൺഗ്രസിലെ മുല്ലപ്പള്ളി വിരുദ്ധ നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ്. കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ നേതൃമാറ്റം ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങൾക്ക് കോൺഗ്രസിനുള്ളിൽ നിന്നു പോലും പിന്തുണ വർധിക്കുന്ന നിലയാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here