അന്യസംസ്ഥാന താമസക്കാര്‍ക്ക് പ്രത്യാശയുമായി പ്രത്യാശ പദ്ധതി

തിരുവനന്തപുരം: അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2019ല്‍ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ മാത്രം ഏകദേശം 1500ലധികം അന്യസംസ്ഥാനക്കാര്‍ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തല്‍.

അന്യസംസ്ഥാനക്കാരായ അനാഥരോ, ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇവരില്‍ 100 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതടിസ്ഥാനമാക്കി ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് തുക നല്‍കേണ്ടതാണെണെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് 31 പുനരധിവാസ സ്ഥാപനങ്ങളും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏകദേശം 239 സര്‍ക്കാരിതര പുനരധിവാസ സ്ഥാപനങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങളിലാണ് ഇവര്‍ താമസിച്ചുവരുന്നത്.

പ്രത്യാശ പദ്ധതി പ്രകാരം 40 പേരെ നേരത്തെ സ്വദേശത്തേക്ക് എത്തിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ അവരുടെ സംസ്ഥാനത്തെത്തിക്കാന്‍ സാധിച്ചില്ല. അതിനാല്‍ സമയബന്ധിതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here