തദേശ തെരഞ്ഞെടുപ്പില്‍ പാളിച്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് യുഡിഎഫ് നേതാക്കള്‍; പ്രാദേശികമായ നീക്ക് പോക്ക് സാധ്യതകള്‍ തേടേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരണം പങ്കിടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രാദേശികമായ നീക്ക് പോക്ക് സാധ്യതകള്‍ തേടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പാളിച്ചയുണ്ടെന്ന് തുറന്ന് സമ്മതിച്ച് നേതാക്കള്‍. മുഖ്യമന്ത്രിക്ക് നിലവാരം ഇല്ലെന്ന് ചെന്നിത്തലയുടെ വിമര്‍ശനം.

യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാക്കളോടുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം വ്യക്തമായിരുന്നു. ജമാ അത്തെ ഇസ്ളാമിയുടെ രാഷ്ടീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ സംസ്ഥാനത്തെ ഏതെങ്കിലും പഞ്ചായത്തിലോ, മുനിസിപാലിറ്റിയിലോ ഭരണം നേടുമോ.തേടുമെന്നോ ഇല്ലെന്നോ മറുപടി പറയാതെ പ്രതിപക്ഷ നേതാക്കള്‍ തപ്പി തടഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ മറുപടിയില്‍ തൃപ്തി പോരാത്തതിനാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. മറുപടി പറഞ്ഞത് കുഞ്ഞാലികുട്ടി.

പ്രദേശിക നീക്ക് പോക്ക് സാധ്യത തേടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വീശദീകരിച്ചപ്പോള്‍ കെപിസിസി അധ്യക്ഷനും അതേ അഭിപ്രായം ഉണ്ടോ എന്ന് മാധ്യമങ്ങള്‍ മറുചോദ്യം ഉന്നയിച്ചു . കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്ന മുല്ലപളളിയെ ആണ് കാണാന്‍ ക‍ഴിഞ്ഞത്.

കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കുഞ്ഞാലികുട്ടി വ്യക്തമാക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് നിലവാരം ഇല്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.മുഖ്യമന്ത്രി വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുകയാണ് . തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാളിച്ചയുണ്ടായി എന്ന് ഇതാദ്യമായി നേതാക്കള്‍ തുറന്ന് സമ്മതിച്ചു.

രാവിലെ യുഡിഎഫ് യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ ഘടകകക്ഷി നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് മുസ്ലീം ലീഗും, ആര്‍എസ്പിയും നടത്തിയത്. പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയതില്‍ മുന്നണിയിലെ കക്ഷികള്‍ ആകെ അതൃപ്തരാണ് . വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ജനുവരി 9 ന് വീണ്ടും യുഡിഎഫ് ചേരും. അന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാം എന്ന് സമാശ്വസിപ്പിച്ചാണ് യോഗം പിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News