ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുന്നതില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം; നയപരമായ തീരുമാനത്തിലെത്താന്‍ ദേശീയ നേതൃയോഗം കോയമ്പത്തൂരില്‍

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനിടയില്‍ ആശയക്കുഴപ്പം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു നീക്കുപോക്കുകള്‍ യുഡിഎഫിനോ മുസ്ലിം ലീഗിനോ ഗുണം ചെയ്തില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണകള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചത് മുസ്ലിം ലീഗായിരുന്നതിനാല്‍ മുന്നണിയില്‍ നേതാക്കള്‍ പ്രതിരോധത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യവും ഭിന്നപ്രസ്താവനകളുമാണ് തിരിച്ചടിയ്ക്കുകാരണമെന്നാണ് മുസ്ലിം ലീഗിന്റെ വാദം.

ത്രിതല തിരഞ്ഞെടുപ്പിലെ നീക്കുപോക്കുകള്‍ മുസ്ലിം ലീഗിന് മലപ്പുറം ജില്ലയില്‍പ്പോലും ഗുണം ചെയ്തില്ല. ശക്തി കേന്ദ്രമായ മഞ്ചേരിയിലെ നഗരസഭയില്‍ മാത്രം എട്ട് സിറ്റിങ് സീറ്റുകളാണ് മുസ്ലിം ലീഗിന് നഷ്ടമായത്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് സംസ്ഥാനത്താകെ ശ്രദ്ധകിട്ടി. 2015-ല്‍ സംസ്ഥാനത്ത് 42 സീറ്റുകളില്‍ മാത്രമുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായുണ്ടാക്കിയ നീക്കുപോക്കുകളില്‍ 65-ആയി ത്രിതലപ്പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണമുയര്‍ത്തി.

കൊച്ചി കോര്‍പ്പറേഷനിലും 14 നഗരസഭകളിലും ഒരു ബ്ലോക്ക് ഡിവിഷനിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചു. തിരുവനന്തപുരം പാങ്ങോട് ആറാം വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിടിച്ചെടുത്തത്. കണ്ണൂര്‍ ഇരിക്കൂരില്‍ പതിനഞ്ചുവര്‍ഷമായി സിപിഐഎം സിറ്റിങ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലായി.

ജമാഅത്തെ ഇസ്ലാമിയ്ക്ക് സ്വാധീനമില്ലാത്ത പാലക്കാട് ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് ഏഴിടങ്ങളില്‍ വിജയിയ്ക്കാനായി. പാലക്കാട്, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി നഗരസഭകളിലും ആലത്തൂര്‍, മുതുതല, പുതുക്കോട്, കൊടുവായൂര്‍ പഞ്ചായത്തുകളിലും ഓരോ പ്രതിനിധികളെ വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് വിജയിപ്പിയ്ക്കാനായി. 2015-ല്‍ മൂന്ന് സീറ്റ് മാത്രമാണ് പാലക്കാട് ജില്ലയില്‍ ഉണ്ടായിരുന്നത്.

മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് ഡിവിഷനിലും അഞ്ചു നഗരസഭകളിലും 19 പഞ്ചായത്തുകളിലും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ വിജയിച്ചു. 2015-ല്‍ രണ്ടു നഗരസഭകളിലും 18 പഞ്ചായത്തുകളിലും ഓരോ വാര്‍ഡുകളിലായി 20 പ്രതിനിധികളാണ് ഉണ്ടായിരുന്നത്.

രാഷ്ട്രീയമായി നേട്ടമില്ലാത്ത ബന്ധം മതപരമായും കുഴപ്പങ്ങളുണ്ടാക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. പരോക്ഷമായി ജമാഅത്തെ ഇസ്ലമിയ്ക്ക് നേട്ടമാവുന്ന നിലപാടുകള്‍ സുന്നി ഇരുവിഭാഗങ്ങള്‍, മുജാഹിദ് തുടങ്ങിയവരുടെ അതൃപ്തിയ്ക്കിടയാക്കി. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുള്‍ വഹാബ്, എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സമുദായത്തിനോ മുസ്ലിം ലീഗിനോ ഗുണമില്ലാത്ത ധാരണ തുടരേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്.

ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന്റെ സൂത്രധാരന്‍മാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ യുഡിഎഫ് യോഗത്തിന് ശേഷം ഇക്കാര്യം പുനപ്പരിശോധിക്കാമെന്ന നിലപാടിലാണ്. കഴിഞ്ഞ ഉന്നാതിധികാര സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്ന അബ്ദുസ്സമദ് സമദാനി ജമാഅത്തെ ഇസ്ലാമിയ്ക്കു സഹായകരമാവുന്ന നീക്കുപോക്കുകള്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായും വേണ്ടെന്ന് അഭിപ്രായം ഹൈദരലി തങ്ങളെ അറിയിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച സംസ്ഥാന പ്രവര്‍ത്തക സമിതി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം നയപരമായ കാര്യമായതിനാല്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിന് മുസ്ലിം ലീഗുമായി സഹകരിക്കുന്നവരും അകന്നുനില്‍ക്കുക്ക കാന്തപുരം വിഭാഗവുമായും അഭിപ്രായം തേടും. തുടര്‍ന്നുള്ള നയങ്ങള്‍ ദേശീയ നേതൃയോഗം ചേര്‍ന്ന് തീരുമാനത്തിലെത്തും. ജനുവരി മൂന്നിന് കോയമ്പത്തൂരില്‍ മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കേരളത്തിനു പുറത്ത് ജമാഅത്തെ ഇസ്ലാമിയുമായോ വെല്‍ഫെയര്‍ പാര്‍ട്ടിയുമായോ സഹകരിക്കുന്നതില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മുസ്ലിം ലീഗില്‍നിന്നും ഇടതു-വലതു മുന്നണികളില്‍നിന്നും വ്യത്യസ്ഥമായ രാഷ്ട്രീയ പദ്ധതികളും ലക്ഷ്യങ്ങളുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളതെന്നും രാഷ്ട്രീയ സഖ്യമോ തിരഞ്ഞെടുപ്പ് ധാരണകളോ ആരോടുമില്ലെന്നും താല്‍ക്കാലികമായ നീക്കുപോക്കുകള്‍ മാത്രമാണ് യുഡിഎഫുമായി ഉണ്ടായിരുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News