കൊവിഡ് വാക്‌സിനെടുത്താൽ സ്ത്രീകൾക്ക് മീശ മുളക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്

ലോകം മുഴുവൻ കോവിഡ് വാക്‌സിനായി കാത്തിരിക്കുമ്പോഴാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് .

കോവിഡ് പ്രതിരോധ വാക്സിനെടുത്താൻ മനുഷ്യർ മുതലകളായി മാറാമെന്നും സ്ത്രീകൾക്ക് താടിയും മീശയും വളരാമെന്നുമാണ് ബോൾസൊനാരോയുടെ കണ്ടുപിടുത്തം. ബ്രസീലിൽ വ്യാപകമായി പ്രതിരോധകുത്തിവെപ്പ് തുടങ്ങിയിരിക്കെയാണ് ഈ വെളിപ്പെടുത്തൽ. താൻ വാക്സിനെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ചെറിയൊരു ജലദോഷമാണെന്നു പറഞ്ഞ് അവഗണിച്ചയാളാണ് ബൊൽസൊനാരോ. കോവിഡ് വാക്‌സിൻ പ്രതിരോധ കുത്തിവെപ്പു ഉണ്ടാക്കിയേക്കാവുന്ന പാർശ്വഫലങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് കരാറിൽ മരുന്ന് കമ്പനിയായ ഫൈസർ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കൊണ്ട് നിങ്ങൾ മുതലയായി മാറിയാൽ അത് നിങ്ങളുടെ സ്വകാര്യ പ്രശ്നമാണെന്നും ബോൾസൊനാരോ പറയുന്നു. സ്ത്രീകൾക്ക് താടിയും മീശയും മുളച്ചാൽ, പുരുഷൻ സ്‌ത്രൈണസ്വരത്തിൽ സംസാരിച്ചാൽ കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിൻ സൗജന്യമാണെന്നും എടുക്കണമെന്നു നിർബന്ധമില്ലെന്നുമാണ് പ്രതിരോധകുത്തിവെപ്പ് ഉദ്ഘാടനം ചെയ്ത് ബൊൽസൊനാരോ പ്രഖ്യാപിച്ചത്. വാക്സിൻ എടുക്കേണ്ടത് വ്യക്തിയുടെ ബാധ്യതയാണെന്ന് രാജ്യത്തെ സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴാണ് പ്രസിഡന്റിനെ പ്രസ്താവന വിവാദമായിരിക്കുന്നത്. വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കരുതെന്നും എന്നാൽ, എടുക്കാതിരിക്കുന്നവർക്ക് പിഴ ചുമത്താനും അവരെ പൊതുസ്ഥലങ്ങളിൽനിന്ന്‌ വിലക്കാനും അധികൃതർക്ക് അധികാരമുണ്ടെന്നും വിധിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here